Home> Kerala
Advertisement

വീട്ടിലേക്ക് വഴിയില്ല; യുവതിയുടെ മൃതദേഹം എത്തിച്ചത് അയല്‍വാസികളുടെ അടുക്കളകളിലൂടെ (വീഡിയോ)

വൃക്കകള്‍ തകരാറിലായതിനെ തുടർന്ന് രണ്ട് വർഷക്കാലത്തോളം ആലപ്പുഴ മെഡിക്കൽ കോളേജിൽ നെഫ്രോളജിസ്റ്റ് ഡോ. ഗോമതിയുടെ ചികിൽസയിലായിരുന്ന കരുനാഗപ്പള്ളി കൊല്ലക സ്വദേശി രാജി ഒടുവില്‍ മരണത്തിന് കീഴടങ്ങി. വൃക്കരോഗം, ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ വന്ന് മരണപ്പെടുന്നത് മുഖ്യധാരാ മാധ്യമങ്ങള്‍ വാര്‍ത്ത‍യാക്കുന്നത് സാധാരണമല്ല. പക്ഷെ രാജിയുടെ മരണ വാര്‍ത്തയ്ക്ക് പിന്നില്‍ ചില കാരണങ്ങള്‍ കൂടിയുണ്ട്.

രാജിയെ പരിശോധിച്ചിരുന്ന ഡോക്ടർ രണ്ട് വൃക്കകളും മാറ്റിവെയ്ക്കാൻ നിർദ്ദേശിച്ചിരുന്നു. ഭര്‍ത്താവ് നേരത്തെ മരണപ്പെട്ട, അച്ഛനും മറ്റ് സഹോദരങ്ങളുമില്ലാത്ത, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട രാജിയ്ക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു ചികിത്സാ ചെലവുകള്‍. അമ്മ മാത്രമുള്ള രാജിയുടെ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാർ സംഘടിച്ച് പണം പിരിച്ചു നല്‍കാന്‍ തീരുമാനിക്കുന്നതിനിടെയാണ് രാജിയെ മരണം കൂട്ടിയത്. 

ശനിയാഴ്ച വൈകിട്ട് 3 മണിയോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ രാജി മരണത്തിന് കീഴടങ്ങി. മൃതദേഹവുമായി ഏകദേശം ഏഴ് മണിയോടെയാണ് വീട്ടിലേക്ക് എത്തുന്നത്. എന്നാല്‍ സ്വന്തം വീട്ടിലേക്ക് വഴിയില്ലാത്തതിനാല്‍ രാജിയുടെ മൃതദേഹം സമീപത്തെ മൂന്ന് വീടുകളിലെ അടുക്കളയിലൂടെയും മറ്റൊരു പുരയിടത്തിന്‍റെ അരികിലൂടെയുമാണ് വീട്ടിൽ എത്തിക്കേണ്ടി വന്നത്. ചികിൽസയ്ക്കായി ആശുപത്രിയിൽ പോകുമ്പോഴും ഇതേ അടുക്കള വഴികളിലൂടെ തന്നെയായിരുന്നു രാജിയുടെ യാത്ര. 

ഇവിടെ താമസിക്കുന്ന മറ്റ് നാല് വീട്ടുകാർക്കും സഞ്ചരിക്കാന്‍ വഴിയില്ലാത്ത സാഹചര്യത്തെക്കുറിച്ച് പലതവണ അധികൃതരെ സൂചിപ്പിച്ചിരുന്നതാണ്. ഈ നാല് വീടുകളുടേയും സമീപത്തായി കായലുണ്ട്. കായലിനെ ബന്ധപ്പെടുത്തിയിരിക്കുന്ന ഓടയിൽ മേൽമൂടി നല്‍കിയാല്‍ നാല് വീട്ടുകാരുടേയും യാത്രാക്ലേശം പരിഹരിക്കാവുന്നതാണ്.

ഏതാനും വർഷങ്ങൾക്ക് മുന്‍പ് തന്നെ കൊല്ലം ജില്ലാ കളക്ടര്‍ക്കും മറ്റ് രാഷ്ട്രീയ നേതാക്കന്മാര്‍ക്കും രാജിയുടേതുള്‍പ്പടെയുള്ള കുടുംബം ഇത് സംബന്ധിച്ച് നിരവധി പരാതികൾ നൽകിയിരുന്നതാണ്. എന്നാല്‍ അവര്‍ നല്‍കിയ പരാതികള്‍ക്ക് പരിഹാരം കാണാനോ ഉന്നയിച്ച ആവശ്യങ്ങള്‍ നിറവേറ്റാനോ അധികൃതര്‍ ആരുംതന്നെ തയ്യാറായില്ല.

ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാതിരുന്നതിനെത്തുടര്‍ന്ന് ഭാര്യയുടെ മൃതദേഹം തോളിലേറ്റി നടന്നു പോകുന്ന മാഞ്ചിയുടെ ചിത്രം ഉത്തരേന്ത്യന്‍ കാഴ്ചകളാകുമ്പോള്‍ നമ്മുടെ 'ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍' അതില്‍ നിന്നും വ്യത്യസ്ഥമല്ലാത്ത ഒരു കാഴ്ച സമ്മാനിക്കുകയാണ് രാജിയുടെ അന്ത്യയാത്ര. 

മാഞ്ചിയും മക്കളും നടന്നു പോകുന്ന ദൃശ്യം രാജ്യത്തിന്‍റെ തന്നെ ഹൃദയത്തെ പിടിച്ചുലച്ച ഒന്നായിരുന്നു. ആദിവാസി- ദളിത്‌- ദരിദ്ര ജീവിതങ്ങളുടെ നേര്‍സാക്ഷ്യമാണ് ആ പത്തു കിലോമീറ്റര്‍ കാല്‍നട യാത്രയിലൂടെ മാഞ്ചി രാജ്യത്തിന് കാണിച്ചു കൊടുത്തത്. അതില്‍ നിന്നും തെല്ലും വ്യത്യസ്തമല്ല ദളിതയായ രാജിയ്ക്കും നേരിടേണ്ടി വന്നത്.<>

Read More