Home> Kerala
Advertisement

ബിനോയ്‌ കോടിയേരിയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കോടതി ഉത്തരവിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മുംബൈ പൊലീസ് അറിയിച്ചു.

ബിനോയ്‌ കോടിയേരിയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

മുംബൈ: ബിനോയ്‌ കോടിയേരിയ്ക്ക് ഇന്ന് നിര്‍ണ്ണായക ദിനം. യുവതിയുടെ പീഡന പരാതിയിലെ അറസ്റ്റ് തടയാന്‍ നല്‍കിയ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.

ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എം.എച്ച്.ഷെയ്ക്ക് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. 2009 മുതല്‍ 2015 വരെ ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ ജീവിച്ചുവെന്നു പറയുമ്പോള്‍ എങ്ങനെയാണ് പീഡനം നിലനില്‍ക്കുന്നതെന്ന് പ്രതിഭാഗ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു.

എന്നാല്‍ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തുന്നത് പീഡനത്തിന്‍റെ പരിധിയില്‍ വരുമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എന്തായാലും ശക്തമായ തെളിവുകളാണ് ബിനോയിക്കെതിരെയുള്ളത്.  അതുകൊണ്ടുതന്നെ ജാമ്യം കിട്ടുന്നത് അത്ര എളുപ്പമല്ല.

കോടതി ഉത്തരവിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മുംബൈ പൊലീസ് അറിയിച്ചു. യുവതിയുടെ പരാതിയില്‍ കേസെടുത്ത മുംബൈ പൊലീസ് അന്വേഷണത്തിനായി കണ്ണൂരിലെത്തിയെങ്കിലും ബിനോയിയെ കണ്ടെത്താന്‍ സാധിച്ചില്ല. ബിനോയ്‌ ഒളിവിലാണെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.

യുവതിയുടെ കൈയ്യില്‍ ബിനോയ്‌ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയ് ലക്ഷങ്ങൾ അയച്ചതിന്‍റെ രേഖകള്‍ കുടുംബം പുറത്തുവിട്ടിരുന്നു. മാത്രമല്ല യുവതിയുടെ പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്‍റെ പേരിന്‍റെ സ്ഥാനത്ത് ബിനോയ്‌ വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന പകര്‍പ്പും കുടുംബം പുറത്തുവിട്ടിട്ടുണ്ട്.

2009 മുതല്‍ 2018 വരെ ബിനോയ്‌ തന്നെ പീഡിപ്പിച്ചതായാണ് യുവതി പരാതിയില്‍ പറയുന്നത്. ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു. പരാതിക്കാരിയായ യുവതി ബാര്‍ ഡാന്‍സ് ജീവനക്കാരിയാണ്. 

Read More