Home> Kerala
Advertisement

മരട്: വില കുറച്ച് ഫ്ലാറ്റ് രജിസ്റ്റര്‍ ചെയ്തവര്‍ കുരുക്കില്‍!!

മരട് ഫ്ലാറ്റ് തുക കുറച്ച് രജിസ്റ്റര്‍ ചെയ്തവര്‍ കുരുങ്ങുമെന്ന് സൂചന. അതായത് എല്ലാ ഉടമകള്‍ക്കും 25ലക്ഷം കിട്ടണമെന്നില്ല എന്ന് സുപ്രീംകോടതി നിശ്ചയിച്ച നഷ്ടപരിഹാര സമിതി അറിയിച്ചു.

മരട്: വില കുറച്ച് ഫ്ലാറ്റ് രജിസ്റ്റര്‍ ചെയ്തവര്‍ കുരുക്കില്‍!!

കൊച്ചി: മരട് ഫ്ലാറ്റ് തുക കുറച്ച് രജിസ്റ്റര്‍ ചെയ്തവര്‍ കുരുങ്ങുമെന്ന് സൂചന. അതായത് എല്ലാ ഉടമകള്‍ക്കും 25ലക്ഷം കിട്ടണമെന്നില്ല എന്ന് സുപ്രീംകോടതി നിശ്ചയിച്ച നഷ്ടപരിഹാര സമിതി അറിയിച്ചു.

രേഖകളും വിശദമായ പരിശോധനയും നടത്തിയ ശേഷമായിരിക്കും നഷ്ടപരിഹാര തുക നിശ്ചയിക്കുക. കൂടുതല്‍ തുക അവകാശപ്പെടുകയാണങ്കില്‍ അക്കാര്യത്തില്‍ സമിതി വിശദമായി പരിശോധിച്ച്‌ സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. അതിനുശേഷമായിരിക്കും 25 ലക്ഷത്തിനു മുകളിലുള്ള തുകയുടെ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.

കൂടാതെ, ഫ്ലാറ്റ്, തുക കുറച്ച് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നഷ്ടപരിഹാര തുകയും കുറയുമെന്ന് സമിതി ചെയര്‍മാന്‍ പറഞ്ഞു. പല ഫ്ലാറ്റ് ഉടമകളും യഥാര്‍ഥ തുകയേക്കാള്‍ വില കുറച്ചാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് തര്‍ക്കവിഷയമായി മാറാം. അത്തരം സാഹചര്യത്തില്‍ സര്‍ക്കാര്‍, ഫ്ലാറ്റ് ഉടമ, ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ തുടങ്ങിയവരുടെ വിശദമായ വാദം കേട്ട ശേഷമായിരിക്കും നഷ്ടപരിഹാരത്തുകയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുകയെന്നും ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.

അതേസമയം, സുപ്രീംകോടതി നിശ്ചയിച്ച നഷ്ടപരിഹാര സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത ആഴ്ച ആരംഭിക്കും. സമിതിയുടെ ആദ്യ യോഗം സമിതി ചെയര്‍മാന്‍ ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായരുടെ കൊച്ചിയിലെ വീട്ടില്‍ നടന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ്, ജില്ലാ കളക്ടര്‍ എസ്. സുഹാസ് തുടങ്ങിയ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. സമിതിയ്ക്കായി ഓഫീസ് കെട്ടിടവും ജീവനക്കാരെയും ലഭ്യമാക്കി ഒരാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഒരു വര്‍ഷത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കുന്ന പ്രക്രിയ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന്‌ ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.

സമിതി ചെയര്‍മാന്‍ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായരെ കൂടാതെ റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനും റിട്ടയേര്‍ഡ് സിവില്‍ എന്‍ജിനീയറും അടങ്ങുന്ന സമിതിയായിരിക്കും നഷ്ടപരിഹാരം നിശ്ചയിക്കുക. 

സുപ്രീം കോടതി നിശ്ചയിച്ച 25 ലക്ഷം രൂപ വരെയുള്ള തുകയാണ് ആദ്യ ഘട്ട നഷ്ടപരിഹാരമായി നിശ്ചയിച്ചിട്ടുള്ളത്.

അതേസമയം, ഫ്ളാറ്റുകളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ താമസക്കാര്‍ക്ക് അനുവദിച്ച സമയപരിധി അവസാനിച്ചു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടുമണി വരെയായിരുന്നു കുടുംബങ്ങള്‍ക്ക് മാറാന്‍ സമയം അനുവദിച്ചിരുന്നത്. 

അതേസമയം, 50 ഓളം ഫ്ളാറ്റുകളുടെ ഉടമകള്‍ ആരെന്ന് ഇനിയും വ്യക്തമല്ല. ഫ്ളാറ്റുകളുടെ സംരക്ഷകര്‍ക്കും ഉടമകളെപ്പറ്റി ധാരണയില്ല!! ഈ ഫ്ലാറ്റുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ റവന്യൂ വകുപ്പ് ഇടപെടുമെന്നാണ് സൂചന.

Read More