Home> Kerala
Advertisement

പിണറായി വിജയൻ താമസിക്കുന്ന കേരളാ ഹൗസില്‍ കത്തിയുമായി മലയാളി യുവാവ്

ചെട്ടിക്കുളങ്ങര സ്വദേശി വിമല്‍രാജാണ് മുഖ്യമന്ത്രിയുടെ മുറിയുടെ മുന്നില്‍ കത്തിയുമായി എത്തിയത്.

പിണറായി വിജയൻ താമസിക്കുന്ന കേരളാ ഹൗസില്‍ കത്തിയുമായി മലയാളി യുവാവ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന കേരളാ ഹൗസിനു മുന്നില്‍ കത്തിയുമായി മലയാളി യുവാവ്. സുരക്ഷാ സേന കത്തി പിടിച്ചുവാങ്ങി.

ചെട്ടിക്കുളങ്ങര സ്വദേശി വിമല്‍രാജാണ് മുഖ്യമന്ത്രിയുടെ മുറിയുടെ മുന്നില്‍ കത്തിയുമായി എത്തിയത്. സുരക്ഷാ സേനയുടെ സമയോചിത ഇടപെടലിലൂടെ യുവാവിന്‍റെ കൈയ്യില്‍നിന്ന് കത്തി പിടിച്ചുവാങ്ങി. ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് കത്തിയുമായി എത്തിയത്. വൻ സുരക്ഷാവീഴ്ചയായിട്ടാണ് സംഭവത്തെ വിലയിരുത്തുന്നത്. വിമൽ രാജിനെ പിടികൂടി ഡൽഹി പൊലീസിനു കൈമാറി. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

രാവിലെ 9.25 ഓടുകൂടിയാണ് ഇയാള്‍ എത്തിയത്. ഇയാളുടെ കൈയ്യില്‍ ഒരു ബാഗും പോക്കറ്റില്‍ ദേശീയപതാകയും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെ കാണണമെന്നു പറഞ്ഞാണ് ഇയാള്‍ എത്തിയത്. ഇതിനിടയിലാണ് ബാഗ് തുറന്ന് കത്തി പുറത്തെടുക്കുകയും മുഖ്യമന്ത്രി തന്നെ ചതിച്ചെന്ന് ആരോപിച്ച് ബഹളം വെക്കുകയും ചെയ്തു.

ജോലി ചെയ്ത് ജീവിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. മുഖ്യമന്ത്രിയെ തിരുവനന്തപുരത്തുവെച്ച് കണ്ടിരുന്നതായും തനിക്ക് ജീവിക്കാന്‍ കഴിയുന്നില്ലെന്നും സഹായം ചെയ്യണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെന്ന് ഇയാള്‍ പറയുന്നു. 

രാവിലെ ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷം ഉമ്മന്‍ചാണ്ടി മടങ്ങിയതിന് പിന്നാലെയാണ് സംഭവം. മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോടു സംസാരിക്കുന്നതിനിടെയാണ് ഇയാൾ കേരള ഹൗസിലെത്തിയത്. ബാഗിൽ കടലാസുകൾക്കൊപ്പം ഒളിപ്പിച്ച നിലയിലായിരുന്നു കത്തി. 

സംശയം തോന്നിയ സുരക്ഷാ ജീവനക്കാർ വിവരം ചോദിച്ചപ്പോൾ കത്തിയുമായി മുന്നോട്ടു കുതിക്കുകയായിരുന്നു വിമൽരാജ്. ഉടൻതന്നെ സുരക്ഷാസേന കത്തി പിടിച്ചുവാങ്ങി. താൻ മരിക്കാൻ പോകുകയാണെന്നും ജീവിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്നും വിമൽ വിളിച്ചു പറഞ്ഞു. തന്നെ ജോലി ചെയ്യാൻ അനുവദിക്കണം. ജീവിക്കാൻ മാർഗമില്ലെന്നും വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടില്ലെന്നും വിമൽരാജ് ആരോപിച്ചു.

Read More