Home> Kerala
Advertisement

മകരവിളക്ക് നാളെ: സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക്

മകരവിളക്ക് മഹോത്സവത്തിന് വെറും മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ശബരിമലയില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.

മകരവിളക്ക് നാളെ: സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക്

സന്നിധാനം: മകരവിളക്ക് മഹോത്സവത്തിന് വെറും മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ശബരിമലയില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. 

മണ്ഡലകാലത്തെ അവസാന ഞായറാഴ്ച്ചയായ ഇന്ന് ശബരിമലയില്‍ വന്‍ തോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ ഏഴ് മണി വരെ പമ്പ വഴി 21,250 തീര്‍ത്ഥാടകരാണ് മല കയറിയത്. കഴിഞ്ഞ ദിവസം 15,434 പേര്‍ മാത്രമായിരുന്നു മല കയറിയത്. ഞായറാഴ്ച്ച പുലര്‍ച്ചെ മുതല്‍ മണിക്കൂറില്‍ ശരാശരി 4000 തീര്‍ത്ഥാടകര്‍ പമ്പ വഴി എത്തുന്നുണ്ട്.

അതേസമയം, മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍ അറിയിച്ചു. ഹൈക്കോടതി നിരീക്ഷകസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും ആശയക്കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി. ബോര്‍ഡും സര്‍ക്കാരും ഒന്നിച്ചാലോചിച്ചാണ് പ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മകരവിളക്ക് ദര്‍ശിക്കാന്‍ സന്നിധാനത്ത് മൂന്ന് ലക്ഷം തീര്‍ത്ഥാടകരെത്തുമെന്നാണ് ദേവസ്വം ബോര്‍ഡ് കണക്കുകൂട്ടുന്നത്‌. മകരവിളക്കിന് സുരക്ഷ ഒരുക്കാനായി 2,275 പൊലീസുകാരെ സന്നിധാനത്തും പരിസരങ്ങളിലുമായി നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിലും മരങ്ങളുടെ മുകളിലും മകരജ്യോതി കാണാന്‍ കയറാന്‍ ആരെയും അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.

അതേ സമയം, മകരജ്യോതി ദര്‍ശിക്കാനായി 28 ഓളം ഇടങ്ങളാണ് സജജീകരിച്ചിരിക്കുന്നത്. സന്നിധാനത്ത്- ക്ഷേത്ര തിരുമുറ്റം, സോപാനം കെട്ടിടത്തിന് മുന്‍വശം, ബി എസ് എന്‍ എല്‍ ഓഫീസിന് എതിര്‍വശം, കുന്നാര്‍ പോവുന്ന വഴിയുടെ ഒരു വശം, പാണ്ടിത്താവളം പോലീസ് പരിശോധനാ കേന്ദ്രത്തിലും മാഗുണ്ട അയ്യപ്പ നിലയത്തിന് മധ്യേ, വനം വകുപ്പ് ഓഫീസ് പരിസരം, പമ്പയ്ക്കും സന്നിധാനത്തിനും മധ്യേ, ശരംകുത്തി ഹെലിപാഡും അതിന് സമീപം വനത്തില്‍ മൂന്നിടങ്ങള്‍, ശബരീപീഠത്തിന് സമീപം വന മേഖല, അപ്പാച്ചിമേട്ടില്‍ മൂന്നിടം, നീലിമലയില്‍ രണ്ടിടം എന്നിവിടങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 

പമ്പയ്ക്കും സന്നിധാനത്തിനും പുറമെ, അട്ടത്തോട്, പുല്ലുമേട്, പാഞ്ചാലിമേട്, നെല്ലിമല, അയ്യന്‍മല, ഇലവുങ്കല്‍, പരുന്തുംപാറ, തുടങ്ങിയ സ്ഥലങ്ങളിലും മകരജ്യോതി ദര്‍ശനത്തിനായി പ്രത്യേക താവളങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

 

 

Read More