Home> Kerala
Advertisement

കെഎസ്ആര്‍ടിസിയില്‍ 4051 കണ്ടക്ടമാരെ ഇന്ന് നിയമിക്കും

കരാര്‍ തൊഴിലാളികളെ പിരിച്ചുവിട്ട് പിഎസ്‌സി ലിസ്റ്റില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ ഹൈക്കോടതി നല്‍കിയ കാലപരിധി ഇന്ന് അവസാനിക്കും.

കെഎസ്ആര്‍ടിസിയില്‍ 4051 കണ്ടക്ടമാരെ ഇന്ന് നിയമിക്കും

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട കെഎസ്ആര്‍ടിസിയില്‍ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കുന്നത് തുടരുന്നു. പിരിച്ചുവിട്ടവര്‍ക്ക് പകരമായി ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പിഎസ്‌സി നിയമന ഉത്തരവ് കിട്ടിയ 4051 കണ്ടക്ടമാരെ ഇന്ന് നിയമിക്കും.

അതേസമയം പിരിച്ചുവിടപ്പെട്ട താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച് തുടങ്ങി.

കരാര്‍ തൊഴിലാളികളെ പിരിച്ചുവിട്ട് പിഎസ്‌സി ലിസ്റ്റില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ ഹൈക്കോടതി നല്‍കിയ കാലപരിധി ഇന്ന് അവസാനിക്കും. രണ്ട് ദിവസത്തിനകം ഉത്തരവ് നടപ്പാക്കി വിശദാംശങ്ങള്‍ അറിയിക്കണമെന്നായിരുന്നു നേരത്തെ കോടതി കെഎസ്ആര്‍ടിസിക്ക് നല്‍കിയ നിര്‍ദ്ദേശം. 

ഇതിനിടെ പിരിച്ചുവിടപ്പെട്ട 94 താല്‍കാലിക കണ്ടക്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. പിഎസ്‌സി നിയമനോപദേശം കിട്ടി രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് കെഎസ്ആര്‍ടിസിയിലെ പുതിയ കണ്ടക്ടര്‍മാര്‍ ഇന്ന് ചുമതലയേല്‍ക്കുന്നത്. നാലു ബാച്ചുകളിലായാണ് ഉദ്യോഗാര്‍ത്ഥികളോട് കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്ത് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

4051 പേര്‍ക്കാണ് നിയമന ഉത്തരവ് നല്‍കിയത്. ഉത്തരവിന്‍റെ പകര്‍പ്പ് ലഭിക്കാത്തവരോടും തിരുവനന്തപുരത്തെ ചീഫ് ഓഫീസില്‍ എത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കുറച്ചുപേര്‍ സാവകാശംതേടി കത്ത് നല്‍കി. എത്രപേര്‍ ജോലിക്കെത്തുമെന്ന് ഇന്ന് അറിയാം. ആയിരംപേരെങ്കിലും ജോലിക്കെത്തുമെന്നാണ് പ്രതീക്ഷ. 

4071 താത്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട സാഹചര്യത്തില്‍ ഇവരെ ഉടന്‍ ബസില്‍ നിയോഗിക്കും. ഒരുദിവസംകൊണ്ട് സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കി ഡിപ്പോകളിലേക്ക് അയയ്ക്കും. തുടര്‍പരിശീലനം അവിടെ നല്‍കും. രണ്ടുദിവസത്തെ പരിശീലനത്തിനുംശേഷം ബസില്‍ അയക്കും.

Read More