Home> Kerala
Advertisement

പാർട്ടിയ്ക്ക് വിശ്വാസം ഈ 'കോടിയേരി' പെരുമ; പുത്രകളങ്കങ്ങളിൽ നിന്ന് വിമോചിതനായി വീണ്ടും അമരത്ത്

അടിയന്തരാവസ്ഥക്കാലത്ത് മിസ തടവുകാരനായി പതിനാറ് മാസത്തോളം ജയിൽ ശിക്ഷ അനുഭവിച്ചു. 1988ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളത്തിലാണ് കോടിയേരി പാർട്ടി സംസ്ഥാന കമ്മറ്റിയിൽ എത്തുന്നത്.

പാർട്ടിയ്ക്ക് വിശ്വാസം ഈ 'കോടിയേരി' പെരുമ; പുത്രകളങ്കങ്ങളിൽ നിന്ന് വിമോചിതനായി വീണ്ടും അമരത്ത്

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന കോടിയേരി ഇത് മൂന്നാം തവണയാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. വ്യക്തിപരമായി അഴിമതിയുടെ കറ പുരളാത്ത നേതാവെന്ന പ്രതിച്ഛായയാണ് കോടിയേരിയുടെ പ്രത്യേകത. രാഷ്ട്രീയ ജീവിതത്തിൽ കോടിയേരിയെ വേട്ടയാടിയ വിവാദങ്ങളെല്ലാം അടുത്ത ബന്ധുക്കളെ ചൊല്ലിയുള്ളതായിരുന്നു. അതിന്റെ കൂടി പശ്ചാത്തലത്തിൽ ആയിരുന്നു കഴിഞ്ഞ തവണ അദ്ദേഹം കുറച്ച് കാലത്തേക്ക് സംസ്ഥാന സെക്രട്ടറി പദത്തിൽ നിന്ന് മാറി നിന്നത്.

1953 നവംമ്പർ 16ന് കണ്ണൂർ കോടിയേരിയിൽ മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയുടെയും മകനായി ജനനം. സ്കൂൾ വിദ്യാർത്ഥിയായിരിക്കെ കെഎസ്എഫ് പ്രവർത്തനത്തിലൂടെ രാഷ്ട്രീയ പ്രവേശനം. മാഹി എംജി കോളേജിൽ ചെയർമാനായി. പിന്നീട്ട് ഈങ്ങയിൽ പീടിക ബ്രാഞ്ച് സെക്രട്ടറിയായി സിപിഎമ്മിലേക്ക്. 1970ൽ നടന്ന എസ്എഫ്ഐയുടെ രൂപീകരണത്തിലും കോടിയേരി പങ്കെടുത്തു. 1971ലെ തലശ്ശേരി കലാപകാലത്ത്, യുവാവായ കോടിയേരി നടത്തിയ സമാധാന ശ്രമങ്ങളും ന്യൂനപക്ഷ മേഖലയിലെ സ്വാധീനവും രാഷ്ട്രീയപ്രവേശത്തിന് കളമൊരുക്കി. 1973ൽ സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറിയായി. അതേ വർഷം തന്നെ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും ഒപ്പം ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായും  പ്രവർത്തിച്ചിട്ടുണ്ട്.  

അടിയന്തരാവസ്ഥക്കാലത്ത് മിസ തടവുകാരനായി പതിനാറ് മാസത്തോളം ജയിൽ ശിക്ഷ അനുഭവിച്ചു. 1988ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളത്തിലാണ് കോടിയേരി പാർട്ടി സംസ്ഥാന കമ്മറ്റിയിൽ എത്തുന്നത്. കണ്ണൂരിലെ പാർട്ടി ജില്ലാ സെക്രട്ടറിയായി 1990 മുതൽ 95 വരെ പ്രവർത്തിച്ചു. ഇക്കാലയളവ് കണ്ണൂർ രാഷ്ട്രീയത്തിൽ സംഘപരിവാറിനെതിരെ പാർട്ടിയെ കരുത്തുറ്റതാക്കുക എന്ന ഉത്തരവാദിത്തമായിരുന്നു കോടിയേരിക്ക്. കടുത്ത രാഷ്ട്രീയ സംഘർഷങ്ങളും ഇക്കാലഘട്ടത്തിൽ നടന്നു. കോടിയേരിയുടെ ചില പ്രസ്താവനകൾ അക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നതായി വിമർശനമുയർന്നു. 1995ൽ പാർട്ടി സെക്രട്ടേറിയറ്റിലേക്കും 2002ൽ ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ശേഷം 2008 ലെ പാർട്ടി കോൺഗ്രസിൽ സിപിഎം പോളിറ്റ് ബ്യൂറോയിലും കോടിയേരി എത്തി.

2015ൽ ആലപ്പുഴയിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ പാർട്ടി സെക്രട്ടറിയായി ചുമതലയേറ്റ കോടിയേരി 2018ൽ വീണ്ടും സെക്രട്ടറിയായി. 2020ൽ ഇളയമകൻ ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായതോടെ താത്കാലികമായി സ്ഥാനമൊഴിഞ്ഞു. ആരോഗ്യകാരണങ്ങളാൽ സ്ഥാനത്ത് നിന്ന് മാറുന്നു എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. പിന്നീട് 2021 അവസാനത്തോടെ ബിനീഷിന് ജാമ്യം ലഭിച്ചപ്പോൾ സെക്രട്ടറി പദവിയിൽ തിരികെയെത്തി. ഇപ്പോൾ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

പിണറായിയുടെ വിശ്വസ്തനായി എല്ലാ ഘട്ടങ്ങളിലും കോടിയേരി ഉണ്ടായിരുന്നു. അതേസമയം, സിപിഎമ്മിന്റെ സൗമ്യമുഖങ്ങളിൽ ഒന്നായി കോടിയേരി വിലയിരുത്തപ്പെടുകയും ചെയ്യുന്നു. മക്കളുടെ പേരിലുള്ള കേസുകളും ആരോപണങ്ങളും ആയിരുന്നു കോടിയേരി ബാലകൃഷ്ണനെ ഏറ്റവുമധികം വേട്ടയാടിയിട്ടുള്ളത്. എന്നാൽ, അത്തരം ആരോപണങ്ങളേക്കാളെല്ലാം അപ്പുറം സിപിഎം വിലമതിക്കുന്നത് കോടിയേരി ബാലകൃഷ്ണൻ എന്ന പാർട്ടി നേതാവിനെ ആണെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണിപ്പോൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More