Home> Kerala
Advertisement

നിയമസഭയിലേക്ക് ആര്‍എംപി നേതാവ് കെകെ രമയെ മത്സരിപ്പിക്കാന്‍ യുഡിഎഫ്?

സംസ്ഥാനത്ത് രാഷ്ട്രീയ നീക്കങ്ങള്‍ ചൂട് പിടിക്കുന്നു, പാര്‍ട്ടികളില്‍ സ്ഥാനാർത്ഥിക്കാര്യങ്ങളെക്കുറിച്ച് അനൗദ്യോഗിക ചർച്ചകൾക്ക്

നിയമസഭയിലേക്ക് ആര്‍എംപി നേതാവ് കെകെ രമയെ മത്സരിപ്പിക്കാന്‍ യുഡിഎഫ്?

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ നീക്കങ്ങള്‍ ചൂട് പിടിക്കുന്നു, പാര്‍ട്ടികളില്‍ സ്ഥാനാർത്ഥിക്കാര്യങ്ങളെക്കുറിച്ച് അനൗദ്യോഗിക ചർച്ചകൾക്ക് 
തുടക്കമായി. വടകര നിയമസഭാ സീറ്റിൽ ആർ.എം.പിയെ മത്സരിപ്പിക്കാനാണ് യു.ഡി.എഫ് നീക്കം. 
മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിലെ മുതിര്‍ന്ന  നേതാക്കൾ തന്നെയാണ് ആർ.എം.പിക്ക് വടകര സീറ്റ് നൽകണമെന്ന നിലപാട് 
സ്വീകരിക്കുന്നത്.
ആർ.എം.പിക്ക് നൽകുന്ന സീറ്റിൽ കെ.കെ രമ വടകരയിൽ സ്ഥാനാർത്ഥിയാകണമെന്നാണ്  കോണ്‍ഗ്രസ്‌ നേതാകളുടെ താല്‍പ്പര്യം

എന്നാല്‍ പാര്‍ട്ടി സെക്രട്ടറി എൻ.വേണുവിനെ സ്ഥാനാർത്ഥിയാക്കാനാണ് ആര്‍ എംപി നേതാക്കളുടെ താല്‍പ്പര്യം. 
വടകരയിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം സിപിഎമ്മുമായി നടക്കുമെന്നിരിക്കെ  കെ.കെ രമ സ്ഥാനാർത്ഥിയായി വന്നാൽ ഗുണം 
ചെയ്യുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷ,എല്ലാ സീറ്റിലും വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസ്‌ നീക്കം 
നടത്തുന്നത്,
കെ.കെ രമയെ സ്ഥാനാർത്ഥിയാക്കുക വഴി അക്രമ രാഷ്ട്രീയമുയര്‍ത്തി  സി.പി.എമ്മിനെതിരെ ശക്തമായ  പ്രചാരണം നടത്താമെന്നും 
കോൺഗ്രസ് കണക്ക് കൂട്ടുന്നു.സ്വര്‍ണ്ണ ക്കടത്ത് കേസില്‍ പ്രതിരോധത്തിലായ സിപിഎമ്മിനെ അക്രമ രാഷ്ട്രീയം കൂടി ചര്‍ച്ചയാക്കുന്നതിലൂടെ 
തറപറ്റിക്കാം എന്നാണ് കോണ്‍ഗ്രസിലെ മലബാര്‍ മേഖലയിലെ നേതാക്കളുടെ കണക്ക് കൂട്ടല്‍,
വടകര എം.പിയായ കെ മുരളീധരനും കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും
പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയ്ക്കും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും രമയെ മത്സരിപ്പിക്കാനുള്ള ഈ നീക്കത്തോട് താല്‍പ്പര്യമാണ്.
യുഡിഎഫിലെ പ്രബല കക്ഷിയായ മുസ്ലിം ലീഗിനും രമയെ മത്സരിപ്പിക്കുന്നതിന് താല്‍പ്പര്യമാണ്. 
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ എല്‍ ഡിഎഫ് സ്ഥാനാര്‍ഥി പി.ജയരാജനെ വടകരയിൽ തോൽപ്പിക്കാൻ യു.ഡി.എഫിനെ ആർ.എം.പി പിന്തുണച്ചിരുന്നു.
ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന ആര്‍എംപി യുടെ കൂടി താല്‍പ്പര്യം കൊണ്ടാണ് കോണ്‍ഗ്രസ്‌ കെ മുരളീധരനെ മത്സരിപ്പിച്ചത്.
സി.പി.എമ്മിന്റെ ഉറച്ച മണ്ഡലമായിരുന്ന വടകര ലോക്സഭ സീറ്റിൽ 2009 മുതൽ യു.ഡി.എഫാണ് വിജയിക്കുന്നത്. 
എന്നാൽ, നിയമസഭ സീറ്റ് പിടിക്കാൻ യു.ഡി.എഫിന് കഴിഞ്ഞിട്ടില്ല എന്നത് കോണ്‍ഗ്രസിന്‌ മുന്നിലെ വെല്ലുവിളിയാണ്.
 2011ലെ നിയമസഭ തിരഞ്ഞെടുപ്പിൽ എൻ.വേണു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. 10,098 വോട്ടുകളാണ് അന്ന് നേടിയത്. 
2016ൽ കെ.കെ രമ മത്സരിച്ചപ്പോൾ 20,504 വോട്ടുകൾ നേടി.

Also Read:സ്വര്‍ണക്കടത്ത് കേസ്;സിപിഎം-ബിജെപി അന്തര്‍ധാര സജീവമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല!


അതുകൊണ്ട് തന്നെ  യു.ഡി.എഫിന്റെ പിന്തുണയോടെ കെ.കെ രമ മത്സരിക്കുകയാണെങ്കിൽ വിജയം ഉറപ്പാണെന്നാണ് കോണ്‍ഗ്രസ്‌ നേതാക്കളുടെ 
വിലയിരുത്തല്‍,ഇടത് രാഷ്ട്രീയം പറയുന്ന ആര്‍എംപി യെ സംബന്ധിച്ച് കോണ്‍ഗ്രസുമായി സഖ്യത്തിനോ ധാരണയ്ക്കോ ബുദ്ധിമുട്ടില്ല,
പ്രത്യേയ ശാസ്ത്ര പരമായ അകല്‍ച്ച കോണ്‍ഗ്രസിനോട് കാട്ടേണ്ട കാര്യമില്ല എന്ന നിലപാടിലാണ് ആര്‍എംപിയിലേയും ചില നേതാക്കള്‍.
ഇപ്പോള്‍ യുഡിഎഫില്‍ ഇടത് രാഷ്ട്രീയം പറയുന്ന ആര്‍എസ്പി,ഫോര്‍വേഡ് ബ്ലോക്ക്,സിഎംപി എന്നീ പാര്‍ട്ടികള്‍ ഉള്ള കാര്യവും ആര്‍എംപി 
നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു,എന്തായാലും സെപ്റ്റംബര്‍ മൂന്നിന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കവുമായി 
ബന്ധപെട്ട ചര്‍ച്ചകള്‍ ഉണ്ടാകും, തെരഞ്ഞെടുപ്പ് ധാരണ,സഖ്യം,സീറ്റ് വിഭജനം  എന്നീ കാര്യങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ യുഡിഎഫില്‍ 
ഉടനെ തുടങ്ങുമെന്നാണ് വിവരം.

 

Read More