Home> Kerala
Advertisement

കെവിന്‍ വധക്കേസ്: മുഖ്യപ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കസ്റ്റഡിയിലുള്ള 2 പൊലീസുകാർ കുറ്റകൃത്യത്തിനായി ഷാനുവിനെ സഹായിച്ചതായി തെളിവില്ലെന്നാണ് പൊലീസ് വിശദികരിക്കുന്നത്.

കെവിന്‍ വധക്കേസ്: മുഖ്യപ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ കെവിന്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതികളായ ഷാനു ചാക്കോ, ചക്കോ എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ പൊലീസിന്‍റെ വീഴ്ച കൂടുതല്‍ വ്യക്തമാക്കുന്നതാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ഇവരെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷയും പൊലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. 

എന്നാല്‍, കസ്റ്റഡിയിലുള്ള 2 പൊലീസുകാർ കുറ്റകൃത്യത്തിനായി ഷാനുവിനെ സഹായിച്ചതായി തെളിവില്ലെന്നാണ് പൊലീസ് വിശദികരിക്കുന്നത്. കെവിനെ തട്ടിക്കൊണ്ടുപോയ വിവരം പുലർച്ചെ മൂന്നരയ്ക്ക് തന്നെ ഗാന്ധിനഗർ സ്റ്റേഷനിൽ അറിയിച്ചിരുന്നുവെന്നാണ് ഫോൺ റെക്കോഡുകൾ പരിശോധിച്ച സംഘം കണ്ടെത്തിയത്. കേസിൽ ഇതുവരെ 9 പേരാണ് അറസ്റ്റിലായത് ഇനി നാല് പേർ കൂടി പിടിയിലാവാനുണ്ട്. 

സാധാരണക്കാരുടെ ജീവിതത്തിന് ഒരു സുരക്ഷയുമില്ലെന്ന് തോന്നിപ്പിക്കുന്നതാണ് കെവിന്‍റെ കൊലപാതമെന്നും പ്രതികള്‍ക്ക് അധികാരകേന്ദ്രത്തിന്‍റെ താഴേത്തട്ടില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്നും ഇന്നലെ റിമാന്‍ഡ് റിപ്പോര്‍ട്ട് പരിഗണിക്കവേ ഏറ്റുമാനൂര്‍ മജിസ്‍ട്രേട്ട് കോടതി പറഞ്ഞിരുന്നു. 

29ന് കണ്ണൂരില്‍ കീഴടങ്ങിയ ഷാനുവിനെയും അച്ഛന്‍ ചാക്കോയേയും ഐ.ജി. വിജയ് സാഖറേയുടെ നേതൃത്വത്തില്‍ രണ്ട് ഘട്ടങ്ങളിലായി പൊലീസ് ചോദ്യം ചെയ്തിരുന്നു. കൊലപ്പെടുത്താന്‍ ഉദ്ദേശമില്ലായിരുന്നെന്നും കെവിനെ കൈവശം വെച്ച് നീനുവിനെ വിളിച്ചുവരുത്തുകയുമായിരുന്നു ലക്ഷ്യമെന്നുമാണ് ഇവര്‍ നല്‍കിയ മൊഴി. 

ഒപ്പം തട്ടിക്കൊണ്ടുപോയ അനീഷിന് ഛര്‍ദ്ദിക്കാനായി തെന്മലയില്‍ വാഹനം നിര്‍ത്തിയപ്പോള്‍ കെവിന്‍ ഇറങ്ങി ഓടിയെന്നും, പിന്നാലെ എത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും ഇവര്‍ പറയുന്നു. എന്നാല്‍ വാഹനത്തില്‍ നിന്നും ഇറങ്ങി ഓടാനുള്ള ആരോഗ്യസ്ഥിതി ആ സമയത്ത് കെവിന് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുവായ അനീഷിന്‍റെ മൊഴി.  കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച മൂന്ന്‍ കാറുകളും പൊലീസ് കണ്ടെടുത്തു.

Read More