Home> Kerala
Advertisement

ഈ നാട് തോല്‍ക്കില്ല, ജാതി മത സമവാക്യങ്ങള്‍ക്ക് അപ്പുറമാണ് ജനമനസ്സ്!!

അപ്രതീക്ഷിത പരാജയവും വിജയവും ഒരേപോലെ സംസ്ഥാനത്തെ ഇരുമുന്നണികള്‍ക്കും ലഭിച്ച ഉപതിരഞ്ഞെടുപ്പായിരുന്നു ഇത്.

ഈ നാട് തോല്‍ക്കില്ല, ജാതി മത സമവാക്യങ്ങള്‍ക്ക് അപ്പുറമാണ് ജനമനസ്സ്!!

തിരുവനന്തപുരം: അപ്രതീക്ഷിത പരാജയവും വിജയവും ഒരേപോലെ സംസ്ഥാനത്തെ ഇരുമുന്നണികള്‍ക്കും ലഭിച്ച ഉപതിരഞ്ഞെടുപ്പായിരുന്നു ഇത്.

അതായത്, ആഹ്ലാദിക്കാനും, ആശങ്കപ്പെടാനും ഇരുമുന്നണികള്‍ക്കും അവസരം ലഭിച്ചു. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം 24 വര്‍ഷങ്ങള്‍ക്ക് ശേഷം അരൂര്‍ പിടിച്ചെടുത്തു. 2006 മുതല്‍ എഎം ആരിഫിലൂടെ സിപിഎം നിലനിര്‍ത്തുന്ന മണ്ഡലമായിരുന്നു അരൂര്‍. അതേസമയം, കോണ്‍ഗ്രസിന്‍റെ കോട്ടയായ വട്ടിയൂര്‍ക്കാവ് എല്‍ഡിഎഫ്  കൈയടക്കി. 

ഈ തിരഞ്ഞെടുപ്പില്‍ ഏവരും ആകാംഷയോടെ കാത്തിരുന്ന ഒന്നാണ് വട്ടിയൂര്‍ക്കാവിലെ തിരഞ്ഞെടുപ്പ് ഫലം. കാരണം ഈ മണ്ഡലത്തില്‍ എന്‍എസ്എസ്, യുഡിഎഫിന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തിരുന്നു എന്നത് തന്നെ. 

എന്‍എസ്എസിന്‍റെ നിലപാടിനെ എല്‍ഡിഎഫും ബിജെപിയും വിമര്‍ശിച്ചിരുന്നു. കൂടാതെ, തിരഞ്ഞെടുപ്പ് കമ്മീഷനും ഈ വിഷയത്തില്‍ വിമര്‍ശനം അറിയിച്ചിരുന്നു. 

എന്നാല്‍, വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് നേടിയ വന്‍വിജയ൦ തെളിയിക്കുന്നത് മറ്റൊന്നാണ് എന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പരാമര്‍ശിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ പ്രശാന്തിലൂടെ ജയിച്ചത് എല്‍ഡിഎഫ് മാത്രമല്ല, ഇന്നാട്ടിലെ ജനതയുടെ രാഷ്ടീയ പ്രബുദ്ധതയുടെ തെളിവാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ജാതി മത സമവാക്യങ്ങള്‍ക്ക് അപ്പുറമാണ് ജനമനസുകളെന്ന് വ്യക്തമാക്കാനായതില്‍ സന്തോഷമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പ്രശാന്തിനെ സ്ഥാനാര്‍ത്ഥി ആക്കിയപ്പോള്‍ വ്യക്തിപരമായി അധിക്ഷേപിക്കപ്പെട്ട സമയത്ത് താന്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു വട്ടിയൂര്‍ക്കാവിലെ ജനവിധി കുപ്രചാരണം നടത്തിയവര്‍ക്ക് മറുപടി ആകുമെന്ന്, അപ്രകാരം സംഭവിച്ചു, കടകംപള്ളി തുടര്‍ന്നു.

പ്രശാന്തിനെ തോല്‍പ്പിക്കാന്‍ സമുദായ ധ്രുവീകരണത്തിന് വരെ ശ്രമം ഉണ്ടായപ്പോള്‍ സമുദായ ശാസനകള്‍ മറികടന്ന് ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രശാന്തിനെ വിജയിപ്പിക്കുന്നതിന് നിലയുറപ്പിച്ചത് നേരിട്ട് മനസിലാക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.

വട്ടിയൂര്‍ക്കാവ് തിരുത്തിയെഴുതിയത് കേവലമൊരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം മാത്രമല്ല. ഈ ഫലം പകര്‍ന്നു നല്‍കുന്നത് ഈ നാട് തോല്‍ക്കില്ല എന്ന മനോഹരമായ സന്ദേശം കൂടിയാണെന്നും കടകംപള്ളി വ്യക്തമാക്കി.

 

Read More