Home> Kerala
Advertisement

കസ്റ്റഡി മരണത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കും അല്ലാത്തവരെ സംരക്ഷിക്കില്ലയെന്നതാണ് സര്‍ക്കാരിന്‍റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

കസ്റ്റഡി മരണത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

തൃശൂര്‍: മാനുഷിക മുഖം നല്‍കുന്നതിന് പൊലീസില്‍ സാരമായ മാറ്റം വരുത്തേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ സേനയില്‍ സംഭവിക്കരുതെന്നും തെറ്റ് ചെയ്താല്‍ കര്‍ശന നടപടിയെടുക്കുക എന്നതാണ് സര്‍ക്കാരിന്‍റെ നയമെന്നും തൃശൂരില്‍ കോസ്റ്റല്‍ പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കും അല്ലാത്തവരെ സംരക്ഷിക്കില്ലയെന്നതാണ് സര്‍ക്കാരിന്‍റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

അനേകായിരം വ്യത്യസ്ത വ്യക്തിത്വങ്ങള്‍ ജോലിചെയ്യുന്ന സേനയാണ് പൊലീസ്. സേനാംഗങ്ങളില്‍ ചിലര്‍ക്കു പ്രത്യേക മാനസികാവസ്ഥകളുണ്ടാകാം. ഒറ്റപ്പെട്ട ഇത്തരം വ്യക്തികളുടെ മാനസികാവസ്ഥ അതേപടി പ്രകടിപ്പിക്കാന്‍ സേനയില്‍ സാഹചര്യമുണ്ടാകാന്‍ പാടില്ല. കാരണം, പൊലീസ് സേനാംഗങ്ങള്‍ ഒറ്റയാള്‍ പട്ടാളങ്ങളല്ല. പലവിധ നിയന്ത്രണങ്ങള്‍ക്കു വിധേയമായി മാത്രമേ ഏതൊരു പൊലീസ് ഉദ്യോഗസ്ഥനും സേനയില്‍ പ്രവര്‍ത്തിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ കര്‍ത്തവ്യം കാര്യക്ഷമമായി നിര്‍വഹിക്കുമ്പോള്‍ തെറ്റായ പ്രചാരണങ്ങളും കുറ്റപ്പെടുത്തലുകളും ഉണ്ടായെന്നുവരാം. അവയ്ക്കു പിന്നാലെ പോയി ആത്മാര്‍ഥതയുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനെയും ക്രൂശിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ല. പക്ഷെ തെറ്റുചെയ്യുന്നവര്‍ക്ക് ഇതു ബാധകമല്ലെന്ന പൊതുബോധം എല്ലാവര്‍ക്കുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു

സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ നിന്ന് ലഭിച്ച 17,000 അപേക്ഷകരില്‍ നിന്നാണ് 5 സ്ത്രീകള്‍ ഉള്‍പ്പെടെ 177 പേരെ കോസ്റ്റല്‍ പൊലീസ് കേഡറ്റുകളായി തിരഞ്ഞെടുത്തത്.

Read More