Home> Kerala
Advertisement

ഗ്ലൗസും മാസ്‌കും ധരിച്ച് കുറ്റ്യാടി എംഎല്‍എ; ഗൗരവമേറിയ വിഷയത്തെ അപഹസിക്കരുതെന്ന് മുഖ്യമന്ത്രി

നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യദിനം തര്‍ക്കത്തോടെ തുടക്കം.

ഗ്ലൗസും മാസ്‌കും ധരിച്ച് കുറ്റ്യാടി എംഎല്‍എ; ഗൗരവമേറിയ വിഷയത്തെ അപഹസിക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യദിനം തര്‍ക്കത്തോടെ തുടക്കം. 

ഗ്ലൗസും മാസ്‌കും ധരിച്ച് കുറ്റ്യാടി എംഎല്‍എ പാറയ്ക്കല്‍ അബ്ദുള്ള നിയമസഭയില്‍ എത്തിയതിനെ ചൊല്ലി തര്‍ക്കമുണ്ടായത്. സംസ്ഥാനത്തെ ഭീതിയിലാക്കിയിരിക്കുന്ന നിപാ വൈറസ് എന്ന ഗൗരവമുള്ള വിഷയത്തെ അപഹസിക്കുന്ന രീതിയാണ് ഇതെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. 

സംസ്ഥാനത്ത് നിപാ വൈറസ് ബാധ സ്ഥിരീകരിച്ചത് മുതല്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് കാര്യക്ഷമമായ ഇടപെടലാണ് ഇക്കാര്യത്തില്‍ നടത്തുന്നത്. എന്നിട്ടും സഭയില്‍ മാസ്ക് ധരിച്ചെത്തി സ്വയം അപഹാസ്യനാവുകയാണ് എംഎല്‍എ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

എന്തിനാണ് മാസ്‌ക് ധരിച്ചതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ചോദിക്കുകയും ചെയ്തു. കൂടാതെ എംഎല്‍എയുടെ നടപടി അപഹാസ്യമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. അദ്ദേഹത്തിനു നിപാ വൈറസ് ബാധ ഉണ്ടെങ്കിൽ സഭയിൽ വരാൻ പാടില്ലായിരുന്നു എന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ഇപ്പോൾ എല്ലാവരും ഇങ്ങനെ ആണ് നടക്കുന്നത്. അതിനാല്‍ പ്രതീകാത്മകമായി അങ്ങനെ വന്നതാണെന്ന് പ്രതിപക്ഷ നേതാവ് ന്യായീകരിച്ചു. കുറ്റ്യാടി, പേരാമ്പ്ര ഭാഗത്തെ അവസ്ഥ സര്‍ക്കാര്‍ കാണണമെന്നും ശ്രദ്ധ ക്ഷണിക്കാനാണ് മാസ്ക ധരിച്ചതെന്നും പാറക്കല്‍ അബ്ദുള്ള പറഞ്ഞു.

കെവിന്‍റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി സഭയില്‍  ഉറപ്പു നല്‍കി. കുറ്റത്തിന് കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. എസ്‌ഐ, എഎസ്‌ഐ, ഡ്രൈവര്‍ എന്നിവരെ പിരിച്ചുവിടുന്നതും ആലോചനയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതാണെന്ന് ബോധ്യമായതായി മുഖ്യമന്ത്രി പറഞ്ഞു. ഇനി ഈ കേസില്‍ അനാവശ്യ രാഷ്ട്രീയ നിലപാട് കൊണ്ടുവരേണ്ടതില്ല. പ്രതികളായ ചാക്കോയും ഷാനു ചാക്കോയും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

അതേസമയം പ്രതിപക്ഷവും വിട്ടില്ല. ഭരണപക്ഷത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയായി പൊലീസിന്‍റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. സ്റ്റേഷനില്‍ വെച്ച് അച്ഛന്‍ നീനുവിനെ തല്ലിയിട്ടും പൊലീസ് അനങ്ങിയില്ലെന്നും കെവിനെ കൊണ്ടുപോയത് സിപിഐഎമ്മാണെന്നും കെവിന്‍റെ പോസ്റ്റ് മോര്‍ട്ടം നടത്തിയത് ജൂനിയര്‍ ഡോക്ടറാണെന്നും പ്രതിപക്ഷം ആരോപിച്ചു.

ചോദ്യോത്തരവേളയില്‍ വാട്സാപ് ഹർത്താലിൽ ആർ എസ് എസ്സിന്‍റെ പങ്കിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി. സമരത്തിന് ആഹ്വാനം ചെയ്തത് ആർഎസ്എസ് പ്രവർത്തകരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.  ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമപരമായി എന്ത് ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സമൂഹം അതീവ ജാഗ്രത പാലിക്കണം, പ്രതികളുടെ ബന്ധങ്ങൾ മനസിലായിട്ടുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. സൈബർ പ്രചരണങ്ങൾക്ക് പ്രത്യേക ടീം തന്നെ ഉണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. 

ഇന്നാരംഭിച്ച നിയമാസഭ സമ്മേളനം ജൂ​ൺ 21 വ​രെ തുടരും. 12 ദി​വ​സ​മാ​ണ് സഭ ചേ​രു​ക.  

 

Read More