Home> Kerala
Advertisement

സിനിമയല്ല ജീവിതം; മറ്റുള്ളവരുടെ തിരക്കഥയ്ക്ക് താരങ്ങള്‍ അഭിനയിക്കരുത്

പൗരത്വ ബില്ലിനെതിരെ നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി രംഗത്തെത്തിയ സാഹചര്യത്തിലാണ് ഇങ്ങനൊരു പ്രതികരണവുമായി കെ സുരേന്ദ്രന്‍ എത്തിയിരിക്കുന്നത്.

സിനിമയല്ല ജീവിതം; മറ്റുള്ളവരുടെ തിരക്കഥയ്ക്ക് താരങ്ങള്‍ അഭിനയിക്കരുത്

കൊച്ചി: മറ്റുള്ളവരുടെ തിരക്കഥയ്ക്ക് അനുസരിച്ചാണ് താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നത് പക്ഷെ ജീവിതത്തില്‍ അങ്ങനെയാകരുതെന്ന നിര്‍ദ്ദേശവുമായി കെ സുരേന്ദ്രന്‍ രംഗത്ത്. 

പൗരത്വ ബില്ലിനെതിരെ നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി രംഗത്തെത്തിയ സാഹചര്യത്തിലാണ് ഇങ്ങനൊരു പ്രതികരണവുമായി കെ സുരേന്ദ്രന്‍ എത്തിയിരിക്കുന്നത്. 

താരങ്ങള്‍ ഒരു തവണയെങ്കിലും പൗരത്വ ഭേദഗതി നിയമം വായിക്കാന്‍ തയ്യാറാവണമെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറയുന്നത്.

പൗരത്വ നിയമത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറായ എബിവിപിക്കാരെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്നലെ കേരളവര്‍മ്മയില്‍ തല്ലിചതച്ചതെന്നും പിന്നെന്തിനാണ് പിണറായി വിജയന്‍ ഫാസിസത്തെ കുറിച്ച് സംസാരിക്കുന്നതെന്നും ചോദിച്ച സുരേന്ദ്രന്‍ ഏറ്റവും വലിയ ഫാസിസ്റ്റുകളാണ് ഇന്ന് കേരളത്തില്‍ ജനാധിപത്യവാദികളായി വേഷ പ്രച്ഛന്നരായി നടക്കുന്നതെന്നും പറഞ്ഞു.

അതിനൊക്കെയുള്ള തെളിവാണ് ഇന്നലെ കേരളവര്‍മ്മയില്‍ സംഭവിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു. മാത്രമല്ല യുഡിഎഫും എല്‍ഡിഎഫും കൂടാതെ ഒരു വിഭാഗം മാധ്യമങ്ങളും ചേര്‍ന്ന് പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നുണ്ടെന്നും ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാകുമെന്ന തന്ത്രമാണ് മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ്സും നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പൗരത്വ ഭേദഗതി നിയമം രാജ്യത്തെ ഒരു മതന്യൂനപക്ഷങ്ങളെയും ബാധിക്കില്ലയെന്ന്‍ പറഞ്ഞ സുരേന്ദ്രന്‍ ഈ നിയമത്തിന്‍റെ യാഥാര്‍ത്ഥ്യം ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ ബിജെപി വിപുലമായ പരിപാടികള്‍ നടത്തുമെന്നും വ്യക്തമാക്കി.

Read More