Home> Kerala
Advertisement

മുഖ്യമന്ത്രിയുടെ പിടിപ്പുകേടുകൊണ്ടാണ് സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് ചെന്നിത്തല

സ്വന്തം കഴിവ് കേട് മറയ്ക്കാന്‍ മനുഷ്യാവകാശ കമ്മീഷനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.

മുഖ്യമന്ത്രിയുടെ പിടിപ്പുകേടുകൊണ്ടാണ് സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന്   ചെന്നിത്തല

തിരുവനന്തപുരം: സ്വന്തം കഴിവ് കേട് മറയ്ക്കാന്‍ മനുഷ്യാവകാശ കമ്മീഷനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. 

അര്‍ദ്ധരാത്രി വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഒരു നിപരാധിയെ പൊലീസ് പിടികൂടി ചവിട്ടിക്കൊല്ലുമ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടരുതെന്ന് പറയുന്ന മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ മനുഷ്യാവകാശ കമ്മീഷന്‍റെ പണിയെടുത്താല്‍ മതിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യാവകാശം ചവിട്ടി മെതിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന് പൗരന് സംരക്ഷണം നല്‍കേണ്ട പണിയാണ് മുഷ്യാവകാശ കമ്മീഷനുള്ളത്. അത് തന്നെയാണ് അവര്‍ ചെയ്യുന്നത്. അധികാരത്തിന്‍റെ ഹുങ്കില്‍ മുഖ്യമന്ത്രി അത് മറന്നുപോയി. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പിടിപ്പുകേട് കൊണ്ടാണ് സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള്‍ ആവര്‍ത്തിക്കുന്നത്. 

പൊലീസുകാരെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രി ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. സ്വന്തം കഴിവുകേട് മറയ്ക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ എന്ന ഭരണഘടനാ സ്ഥാപനത്തിന്‍റെ മെക്കിട്ട് കയറേണ്ട കാര്യമില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന പരിധി വിട്ടതും അപഹാസ്യവുമാണ്. വരാപ്പുഴ കസ്റ്റഡി മരണം നടന്ന് പതിനഞ്ചാമത്തെ ദിവസമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇത്രയും ദിവസം അദ്ദേഹം എന്തു കൊണ്ടാണ് മിണ്ടാതിരുന്നത്. കസ്റ്റഡി മരണക്കേസ് സി.ബി.ഐയെ ഏല്‍പിക്കണമെന്നും ചെന്നിത്തല പറഞ്ഞു. 

തിരുവനന്തപുരത്ത് കാണാതായ വിദേശ വനിതയുടെ സഹോദരി പരാതിയുമായി ചെന്നപ്പോള്‍ ഒന്നു കാണാന്‍ പോലും തയ്യാറാവാതിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ വീണിടത്തു കിടന്നുരുളുകയാണ് ചെയ്യുന്നത്. ആന്ധ്രയിലെ പഞ്ചഗുട്ട പൊലീസ് സ്റ്റേഷനല്ല കസ്റ്റഡി മരണം നടന്ന വാരാപ്പുഴ സ്റ്റേഷനായിരുന്നു മുഖ്യമന്ത്രി കാണേണ്ടിയിരുന്നതെന്നും ചെന്നിത്തല പറഞ്ഞു.

 

Read More