Home> Kerala
Advertisement

ഐഎസ്‌ ഭീഷണി: സുരക്ഷാ ഏജൻസികളുമായി ഡിജിപി ചർച്ച നടത്തി

ഐഎസ്‌ ഭീകരര്‍ കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ എത്തിയേക്കുമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ ഏജൻസികളുമായി ഡിജിപി ലോക്നാഥ് ബെഹ്റ ചർച്ച നടത്തി.

ഐഎസ്‌ ഭീഷണി: സുരക്ഷാ ഏജൻസികളുമായി ഡിജിപി ചർച്ച നടത്തി

തിരുവനന്തപുരം: ഐഎസ്‌ ഭീകരര്‍ കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ എത്തിയേക്കുമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ ഏജൻസികളുമായി ഡിജിപി ലോക്നാഥ് ബെഹ്റ ചർച്ച നടത്തി. 

നിലവിൽ സ്വീകരിച്ചിട്ടുള്ള സുരക്ഷാ നടപടികൾ യോഗം വിലയിരുത്തി. ഐഎസ് ഭീകരർ ലക്ഷദ്വീപ് തീരത്ത് എത്തിയതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം.  ഐ.എസ് ഭീഷണി നേരിടുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള സംസ്ഥാനതല കോര്‍ഡിനേറ്ററായി സെക്യൂരിറ്റി വിഭാഗം ഐ.ജി ജി.ലക്ഷ്മണിനെ നിയോഗിച്ചു.

തീരസംരക്ഷണ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും സംസ്ഥാന പൊലീസ് മേധാവി പ്രത്യേക കൂടിക്കാഴ്ച നടത്തി. സുരക്ഷാ പരിശോധനകൾക്ക് വേണ്ട സഹായങ്ങൾ കോസ്റ്റ് ഗാർഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്. 

നേവിയുടെ നേതൃത്വത്തിൽ ഡോണിയർ വിമാനങ്ങൾ ഉപയോഗിച്ചും തെരച്ചിൽ നടത്തുന്നുണ്ട്. തീരപ്രദേശത്തെ ജനങ്ങളോടും പൊലീസ് സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ബോട്ടുകള്‍ക്ക് അടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഫിഷ്‌ ലാന്‍ഡിംഗ് കേന്ദ്രങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിരീക്ഷണം ശക്തമാക്കി.

ഏതാനും ദിവസം മുന്‍പ് വെള്ള നിറമുള്ള ബോട്ടിൽ ശ്രീലങ്കയിൽ നിന്നും കേരള, ലക്ഷദ്വീപ് തീരങ്ങൾ ലക്ഷ്യമാക്കി ഐഎസ്‌ ഭീകരര്‍ എന്ന് സംശയിക്കുന്നവര്‍ പുറപ്പെട്ടുവെന്നാണ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയത്. 

സുരക്ഷാ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാൻ എല്ലാ ഐ.ജിമാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ അധികൃതര്‍ക്കും തീരദേശത്തെ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തീര പ്രദേശങ്ങളിൽ അപരിചിതരായവരെ കണ്ടാല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോകുന്നവരുടെ ബോട്ടുകളും പരിശോധിക്കുന്നുണ്ട്.

Read More