Home> Kerala
Advertisement

ട്രാന്‍സ് ഫ്രണ്ട് ലി കേരളം ഒരു ട്രാന്‍സ് ജെന്‍ഡറിന് അനുവദിച്ചിരിക്കുന്ന നീതി ഇതാണോ?

ആലുവ ടൗണ്‍ ഹാളിന് സമീപം ദുരൂഹ സാഹചര്യത്തില്‍ ഗൗരി എന്ന ട്രാന്‍സ് ജെന്‍ഡറുടെ മൃതദേഹം കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. ആലുവ സെന്റ് സേവ്യേഴ്‌സ് കോളജിനു സമീപം കാടു മൂടിയ സ്ഥലത്താണ് ഗൗരിയുടെ മൃതദേഹം കിടന്നത്. ആസ്‌ബെറ്റോസ് ഷീറ്റ് കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ കയര്‍ കുരുക്കിയ പാടുകള്‍ ഉണ്ടെന്ന് പ്രഥമിക നിരീക്ഷണത്തില്‍ കണ്ടെത്തിയതായി പോലീസും പറഞ്ഞിരുന്നു.

ട്രാന്‍സ് ഫ്രണ്ട് ലി കേരളം ഒരു ട്രാന്‍സ് ജെന്‍ഡറിന് അനുവദിച്ചിരിക്കുന്ന നീതി ഇതാണോ?

എറണാകുളം: ആലുവ ടൗണ്‍ ഹാളിന് സമീപം ദുരൂഹ സാഹചര്യത്തില്‍ ഗൗരി എന്ന ട്രാന്‍സ് ജെന്‍ഡറുടെ മൃതദേഹം കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. ആലുവ സെന്റ് സേവ്യേഴ്‌സ് കോളജിനു സമീപം കാടു മൂടിയ സ്ഥലത്താണ് ഗൗരിയുടെ മൃതദേഹം കിടന്നത്. ആസ്‌ബെറ്റോസ് ഷീറ്റ് കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ കയര്‍ കുരുക്കിയ പാടുകള്‍ ഉണ്ടെന്ന് പ്രഥമിക നിരീക്ഷണത്തില്‍ കണ്ടെത്തിയതായി പോലീസും പറഞ്ഞിരുന്നു. 

ഇക്കാരണങ്ങള്‍ മാത്രം മതി ഇതൊരു ആസൂത്രിത കൊലപാതകമെന്ന് പോലീസിന് വിധിയെഴുതാന്‍. പക്ഷെ, പൊലീസിന്‍റെ ഭാഗത്തുനിന്ന് അന്വേഷണം ഏതുവരെയെത്തിയെന്ന് വ്യക്തമല്ല. മാത്രവുമല്ല ഈ സംഭവത്തെക്കുറിച്ച് യാതൊരു വിവരങ്ങളും ഒരു മാധ്യമങ്ങളും പിന്നീട് റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. 

'ട്രാന്‍സ് ഫ്രണ്ട് ലി സംസ്ഥാനം' എന്ന നിലയില്‍ കേരളം ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. എന്നിട്ടും ഇവര്‍ക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങള്‍ക്കും ദുരനുഭവങ്ങള്‍ക്കും യാതൊരു കുറവുമില്ല എന്ന്‍ വ്യക്തമാക്കുകയാണ് പ്ലിങ്കു സംഗീത് എന്ന ട്രാന്‍സ് ജെന്‍ഡര്‍. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പോലും തങ്ങള്‍ക്കുനേരെ ഉണ്ടായ അക്രമത്തെക്കുറിച്ചും, തങ്ങള്‍ ഇപ്പോഴും മനുഷ്യാവകാശത്തിന് പുറത്തുള്ളവര്‍ തന്നെയെന്നും വ്യക്തമാക്കുകയാണ് പ്ലിങ്കു സംഗീത് തന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ.

പ്ലിങ്കു സംഗീതിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ആലുവയില്‍ ഒരു ട്രാന്‍സ് ജെന്‍ഡര്‍ ക്രൂരമായി കൊലചെയ്യപ്പെട്ട കാര്യം ഏതാനും ന്യൂസ് പോര്‍ട്ടലുകളില്‍ വായിച്ചാണ് ഞാന്‍ അറിയുന്നത്. ന്യൂസ് പോര്‍ട്ടലുകളിലെ ഏതാനും ദിവസത്തെ വാര്‍ത്തകളില്‍ തീരും ഗൗരി എന്ന ട്രാന്‍സ് ജെന്‍ഡര്‍. മനുഷ്യാവകാശത്തിന് പുറത്തുള്ളവരുടെ ജീവന് അത്രമാത്രമാകും വില!
 
ഇനി ഞാനെന്ന ട്രാന്‍സ് ജെന്‍ഡറുടെ  സ്വാതന്ത്ര്യദിനത്തെക്കുറിച്ചു പറയാം (15-08-2017).
ക്യൂര്‍  പ്രൈഡിന് ശേഷം  ഞാന്‍ എറണാകുളത്തുള്ള കൂട്ടുകാര്‍ക്കൊപ്പമായിരുന്നു. ഇന്നലെ രാത്രി കോഴിക്കോട്ടേക്ക്  ട്രയിന്‍ കയറാനായി പോരുമ്പോള്‍ ദീക്ഷയും (Deeksha) ഉണ്ടായിരുന്നു കൂടെ. ഞങ്ങള്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്താറാവുമ്പോള്‍ പിന്നില്‍ നിന്ന് ബൈക്കില്‍ വന്ന രണ്ടുപേര്‍ ഞങ്ങളെ കത്തിവീശി ഓടിച്ചു. ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഓടി കയറുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന പോലീസുകാരോട്  (റെയില്‍വേ പോലീസ്) കാര്യം പറഞ്ഞപ്പോള്‍ അവര്‍ ഓഗസ്റ്റ് പതിനഞ്ചാണെന്നും ഇവിടെ നിന്നാല്‍ പിടിച്ചകത്തിടും എന്നു ഭീഷണിപ്പെടുത്തി പുറത്താക്കി. പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന കേരള പോലീസ് ഗുണ്ടകളെ തിരഞ്ഞ് പോയെങ്കിലും തിരിച്ചു വന്നില്ല. എന്നാല്‍ അവിടെ ഉണ്ടായിരുന്ന ഓട്ടോ ചേട്ടന്‍മാര്‍ പുറത്തുപോയി നോക്കിയിട്ട്   ഞങ്ങളെ ഓടിച്ചവര്‍ അവിടെ തന്നെ നില്‍പ്പുണ്ടെന്നും നിങ്ങള്‍ പുറത്തിറങ്ങരുത് എന്നുമാണ് പറഞ്ഞത്. 

ഞങ്ങളെ കത്തി വീശി ഓടിച്ചവര്‍ ബാദുഷ, മിഥുന്‍ എന്നിവരാണ്. ബാദുഷക്കെതിരെ ദീക്ഷ മുന്‍പ് പോലീസിന് ‍ പരാതി നല്‍കിയിട്ടുണ്ട്. അവളെ ആസിഡ് എറിയുമെന്ന് പരസ്യമായി ഭീക്ഷണി പെടുത്തിയതിനായിരുന്നു അന്ന് കേസ് കൊടുത്തത്.
 
കമിങ്ങ് ഔട്ട് നടത്തി വീട്ടില്‍ നിന്ന് പുറത്തായി/ഒളിച്ചോടി ഏതെങ്കിലും നഗരത്തിലെത്തുന്ന ഒരു ട്രാന്‍സ് ജെന്‍ഡറിന് അധികം തിരഞ്ഞെടുപ്പുകള്‍ ഒന്നും ഉണ്ടാവില്ല. ആരുടെ സൗഹൃദം ആണ് സ്വീകരിക്കേണ്ടതെന്ന ചോദ്യത്തിന്, ഭക്ഷണം താമസിക്കാന്‍ ഇടം ഒക്കെ ആവും ചിലപ്പോഴെങ്കിലും മറ്റ് തിരഞ്ഞെടുപ്പുകളേക്കാള്‍ മുന്‍ഗണനയില്‍ വരുന്നത്. അങ്ങനെ ഒരു പരിചയത്തിന്‍റെ/സൗഹൃദത്തിന്‍റെ പേരില്‍ അവള്‍ ജീവിതകാലം മുഴുവന്‍/അവന് മടുക്കുവോളം, അവന്‍റെ ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയമാകണം എന്ന് പറയുന്നതിന്‍റെ നീതി എന്താണ്? അല്ലെങ്കില്‍ ട്രാന്‍സ് ഫ്രണ്ട്ലി കേരളം ഒരു ട്രാന്‍സ് ജെന്‍ഡറിന് അനുവദിച്ചിരിക്കുന്ന നീതി ഇതാണോ? 

കോഴിക്കോട് 'ഒരുക്കം  2017'ന് വന്ന ദീക്ഷയേയും കാവ്യയേയും ബാദുഷ, മിഥുന്‍ എന്നിവര്‍ ഒരുക്കം ഫെസ്റ്റ് നടന്ന ജൂബിലി ഹാളിന് മുന്നില്‍ വച്ച് കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ കാവ്യയുടേയും ദീക്ഷയുടേയും വാട്ട്സ്ആപ്പ് നമ്പരില്‍ നിരന്തരമായി ബാദുഷയുടെ ഭീഷണികള്‍ വന്നുകൊണ്ടിരിക്കുന്നു.

ഗൗരിയെപ്പോലെ കേരളത്തിലെ ഏതെങ്കിലും തെരുവുകളില്‍/റെയില്‍വേ ട്രാക്കുകളില്‍ ദീക്ഷയുടേയോ, കാവ്യയുടേയോ ഈ എന്‍റെ തന്നെയോ, അറത്തുമുറിക്കപ്പെട്ടോ, കഴുത്ത് ഞെരിക്കപ്പെട്ടോ ശരീര ഭാഗങ്ങള്‍ കണ്ടാല്‍ ആരെങ്കിലും ഒന്ന് ഓര്‍ക്കാന്‍ വേണ്ടിയാണ് ഈ FB പോസ്റ്റ്.

എറണാകുളത്തെ പോലീസും ബാദുഷ എന്ന ഗുണ്ടയും തമ്മിലുള്ള വ്യത്യാസം പലപ്പോഴും മനസിലാവാത്തിടത്താണ് ഞങ്ങള്‍ കേസ് കൊടുക്കാന്‍ ഭയക്കുന്നത്. തന്നെ ആസിഡ് അറ്റാക്ക് നടത്തുമെന്ന് പരസ്യമായി ഭീക്ഷണിപ്പെടുത്തിയവന് എതിരെ പൊലീസ് കേസ് കൊടുത്ത ദീക്ഷയാണ് അതെ ഗുണ്ടയുടെ കൊലക്കത്തിയെ ഭയന്ന് ട്രാന്‍സ് ഫ്രണ്ട്ലി കേരളത്തില്‍ ഓടിക്കൊണ്ടിരിക്കുന്നത്.

എറണാകുളത്തുള്ള പല ഹോട്ടലുകളിലും ട്രാന്‍സ്ജെന്റേഴ്സിന് റൂം കൊടുക്കരുതെന്ന് നിര്‍ദ്ദേശമുണ്ടെന്നതും ക്വൂര്‍ പ്രൈഡിന് ഇവിടെ എത്തിയപ്പോഴാണ് അറിയുന്നത്. അന്ന് ഒരു റൂം കിട്ടാന്‍ യുദ്ധം ചെയ്യേണ്ടി വന്നു എന്ന് മാത്രമല്ല പോലീസിനെ വിളിച്ച് വരുത്തേണ്ടി വന്നു ഹോട്ടലില്‍ റൂം കിട്ടാന്‍. രാവിലെ പത്തുമണിക്ക് എടുത്ത റൂം ചെക്ക് ഔട്ട് ചെയ്യാന്‍ പിറ്റേന്ന് പത്തുമണി വരെ സമയം ഉണ്ടെങ്കിലും ഞങ്ങള്‍ക്ക് പോലീസ് കര്‍ശന നിര്‍ദ്ദേശം തന്നു അന്ന് പതിനൊന്ന് മണിക്കുള്ളില്‍ റൂം വെക്കേറ്റ് ചെയ്യണമെന്ന്.

ഇതേ എറണാകുളം ടൗണ്‍ പോലീസ് തന്നെയാണ് മെട്രോയില്‍ ജോലികഴിഞ്ഞ്  മടങ്ങുന്ന ട്രാന്‍സ് ജെന്റേഴ്സിനെ കള്ളകേസില്‍ കുടുക്കി ജയിലില്‍ അടച്ചതെന്നും ഓര്‍ക്കുന്നു.

സംഘടിതമായ ട്രാന്‍സ് ജെന്‍ഡര്‍ രാഷ്ട്രീയവും, ട്രാന്‍സ് ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡും, ഇന്‍സ്റ്റിറ്റ്യൂഷണല്‍ സപ്പോര്‍ട്ടും ഒക്കെ ഉണ്ടായിട്ടും അടിസ്ഥാന പരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടാന്‍ ഒരു strategyയും നമുക്കില്ലല്ലോ...!

Read More