Home> Kerala
Advertisement

Is Pinarayi a Crorepati CM: പിണറായിക്ക് ഒരു കോടിയിലധികം സ്വത്തോ? എന്താണ് ആ കണക്കിലെ യാഥാര്‍ത്ഥ്യം? സത്യം അറിയാം...

Is Pinarayi a Crorepati CM: പിണറായി വിജയന്റേയും ഭാര്യ കമല വിജയന്റേയും സ്ഥാവര, ജംഗമ ആസ്തികളുടെ ആകെ തുകയാണ് എഡിആർ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.

Is Pinarayi  a Crorepati CM: പിണറായിക്ക് ഒരു കോടിയിലധികം സ്വത്തോ? എന്താണ് ആ കണക്കിലെ യാഥാര്‍ത്ഥ്യം? സത്യം അറിയാം...

തിരുവനന്തപുരം: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ആസ്തി വിവര കണക്കുകള്‍ കഴിഞ്ഞ ദിവസം അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പുറത്ത് വിട്ടിരുന്നു. 28 സംസ്ഥാനങ്ങളിലേയും 3 കേന്ദ്ര ഭരമ പ്രദേശങ്ങളിലേയും മുഖ്യമന്ത്രിമാരുടെ സ്വത്ത് വിവരം ആണ് പുറത്ത് വിട്ടത്. ആ കണക്കില്‍ ഏറ്റവും കുറവ് സ്വത്തുള്ള രണ്ടാമത്തെ ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും കുറവ് സ്വത്തുള്ളത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്കാണ്.

ഒരു കോടിയില്‍ താഴെ സ്വത്തുള്ള ഏക മുഖ്യമന്ത്രി മമതയാണ്. അപ്പോള്‍ പിണറായി വിജയന് ഒരു കോടിയ്ക്ക് മുകളില്‍ ആസ്തിയുണ്ട് എന്നതാണല്ലോ അതിനര്‍ത്ഥം. സോഷ്യല്‍ മീഡിയയില്‍ ഈ കണക്കുകള്‍ എതിരാളികള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

Read Also: ഉടൽ രണ്ട്, ചിന്ത കൊണ്ട് ഞങ്ങൾ ഒന്ന്; വൈക്കം സത്യാഗ്രഹ ശതാബ്ദി വേദിയിൽ സ്റ്റാലിൻ

എഡിആര്‍ കണക്ക് പ്രകാരം പിണറായി വിജയന്റെ മൊത്തം ആസ്തിമൂല്യം 1,18,75,766 രൂപയാണ്. അതായത് 1.18 കോടി രൂപ. തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ നേതാവിന് എങ്ങനെ ഇത്രയധികം സ്വത്തുണ്ടായി എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ചോദിക്കുന്നത്. എന്നാല്‍ ഇത് അദ്ദേഹത്തിന്റെ കൈവശം ഉള്ള പണത്തിന്റെ കണക്കല്ല എന്നതാണ് യാഥാര്‍ത്ഥ്യം. എങ്ങനെയാണ് 1.18 കോടി രൂപ പിണറായി വിജയന് ആസ്തിയായി ഉള്ളത് എന്ന് എഡിആര്‍ റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കുന്നും ഉണ്ട്.

പിണറായി വിജയന്റെ കൈവശമുള്ള ജംഗമ ആസ്തി (മൂവബിള്‍ അസെറ്റ്‌സ്) 31 ലക്ഷം രൂപ (31,80,766) രൂപയാണ്. സ്ഥാവര ആസ്തി 86.95 ലക്ഷം (86,95,000) രൂപയും. ചുരുക്കിപ്പറഞ്ഞാല്‍ അദ്ദേഹത്തിന്റെ വീടിന്റേയും സ്ഥലത്തിന്റേയും ഒക്കെ ആസ്തി മൂല്യം കൂടി കണക്കാക്കുമ്പോള്‍ ആണ് ഒരു കോടിയ്ക്ക് മുകളില്‍ വരുന്നത്. ഇത് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ലഭ്യമാണ്.

പിണറായിയില്‍ പിണറായി വിജയന്റെ പേരില്‍ 78 സെന്റ് ഭൂമിയുണ്ട്. പാതിരിയാട് 20 സെന്റ് ഭൂമിയും. ഒഞ്ചിയത്ത് ഭാര്യ കമലയുടെ പേരില്‍ 17 സെന്റ് ഭൂമി വേറേയും ഉണ്ട്. ഇതിന്റെ എല്ലാം കൂടി മൂല്യം കണക്കാക്കിയിരിക്കുന്നത് 51.6 ലക്ഷം രൂപയാണ്. ഇത് കൂടാതെ വേങ്ങാട് ഗ്രാമപ്പഞ്ചായത്തില്‍ 1818 സ്‌ക്വയര്‍ ഫീറ്റില്‍ ഒരു വീടുമുണ്ട്. ഇതിന്റെ മൂല്യമായി കണക്കാക്കിയിരിക്കുന്നത് 35,35,000 രൂപയാണ്. കൃഷിഭൂമിയും വീടും കൂടിയുള്ള മൊത്തം ആസ്തിമൂല്യം തന്നെ 86.95 ലക്ഷം രൂപയാണ്.

ഇനി ജംഗമ ആസ്തികളുടെ കണക്ക് നോക്കാം. പിണറായി വിജയന്റെ കൈവശം പതിനായിരം രൂപയാണ് പണമായിട്ടുള്ളത് എന്നായിരുന്നു സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. ഭാര്യയുടെ കൈവശം രണ്ടായിരം രൂപയും. തലശ്ശേരി എസ്ബിഐ ബ്രാഞ്ചില്‍ പിണറായി വിജയന് 78,048 രൂപയുടെ നിക്ഷേപമുണ്ട്. പിണറായി സഹകരണ ബാങ്കില്‍ 5,400 രൂപയുടെ നിക്ഷേപവും. ഭാര്യ കമലയ്ക്ക് വിവിധ ദേശസാല്‍കൃത ബാങ്കുകളിലും സഹകരണ ബാങ്കുകളിലും ആയി 21 ലക്ഷത്തിന് മുകളില്‍ നിക്ഷേപമുണ്ട്. 

പിണറായി വിജയന്റെ കൈവശം കൈരളി ടിയുടെ (മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ്) 1000 ഷെയറുകളും കമലയുടെ കൈയ്യില്‍ 2000 ഷെയറുകളും ഉണ്ട്. രണ്ടിന്റേയും കൂടി മൂല്യം 30,000 രൂപ. പിണറായിക്ക് കിയാലിന്റെ ഒരു ലക്ഷം മൂല്യമുള്ള ഷെയറുകളും കമലയ്ക്ക് രണ്ട് ലക്ഷം മൂല്യമുള്ള ഷെയറുകളും ഉണ്ട്. എല്ലാം കൂടി 3.30 ലക്ഷം രൂപയുടെ ഓഹരികളാണ് രണ്ട് പേര്‍ക്കുമായുള്ളത്. കമലയ്ക്ക് മൂന്ന് പോസ്റ്റ് ഓഫീസ് ആര്‍ഡി അക്കൗണ്ടുകളിലായി 2,89,000 രൂപയുടെ വേറെ നിക്ഷേപവും ഉണ്ട്. ഇത് കൂടാതെ 80 ഗ്രാം സ്വര്‍ണവും ഉണ്ട്. അതിന്റെ മൂല്യം 3,30,000 രൂപയായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. അങ്ങനെ എല്ലാം കൂടി കൂട്ടുമ്പോള്‍ ജംഗമ ആസ്തി 31.82 ലക്ഷം. വീടും പറമ്പും അടക്കമുള്ള സ്ഥാവര ആസ്തികളും ഓഹരികള്‍ അടക്കമുള്ള ജംഗമ ആസ്തികളും കൂട്ടുമ്പോള്‍ ആണ് പിണറായി വിജയന്റെ മൊത്തം ആസ്തിമൂല്യം 1.18 കോടി രൂപയാകുന്നത്.

അടുത്ത ആരോപണം കമല വിജയന്റെ നിക്ഷേപങ്ങളെ കുറിച്ചാണ്. ഏതാണ്ട് 25 ലക്ഷം രൂപയുടെ നിക്ഷേപങ്ങളാണ് മുഖ്യമന്ത്രിയുടെ ഭാര്യയായ കമലയ്ക്കുള്ളത്. ഇതെങ്ങനെ എന്നാണ് പലരും ചോദിക്കുന്നത്. ദീര്‍ഘകാലം അധ്യാപികയായി ജോലി ചെയ്ത് വിരമിച്ച ആളാണ് കമല വിജയന്‍. അതുകൊണ്ടുതന്നെ ഈ നിക്ഷേപങ്ങളില്‍ അസ്വാഭാവികത തോന്നേണ്ട ഒരു കാര്യവും ഇല്ല. കേരളത്തിന്റെ പ്രതിപക്ഷ നേതാവായ വിഡി സതീശന്റെ മൊത്തം ആസ്തിമൂല്യം 5.93 കോടി രൂപയാണ് എന്നാണ് 2021 ൽ സമർപിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More