Home> Kerala
Advertisement

ഇന്നസെന്റിന് മനം മാറ്റം; മത്സരിക്കാന്‍ തയ്യാര്‍!!

ഇന്നസെന്‍റ് അടക്കം പലരേയും പരിഗണിക്കുന്നുണ്ടെന്നും ആരാണ് മത്സരിക്കുകയെന്ന് പറയാറായിട്ടില്ലെന്നുമാണ് പാർട്ടി നിലപാട്.

ഇന്നസെന്റിന് മനം മാറ്റം; മത്സരിക്കാന്‍ തയ്യാര്‍!!

ചാലക്കുടി: ചാലക്കുടി ലോക്സഭ മണ്ഡലത്തില്‍ ഒരുതവണ കൂടെ മത്സരിക്കാന്‍ ഇല്ലെന്ന് പ്രഖ്യാപിച്ചിരുന്ന ഇന്നസെന്‍റ് എംപിക്ക് ഇപ്പോള്‍ മനംമാറ്റം. ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ ഇടത് സ്ഥാനാർഥിയായി മത്സരിക്കാൻ സന്നദ്ധനാണെന്ന് ഇന്നസെന്‍റ് സിപിഎം നേതൃത്വത്തെ അറിയിച്ചു.

എന്നാൽ, ഇന്നസെന്‍റ് അടക്കം പലരേയും പരിഗണിക്കുന്നുണ്ടെന്നും ആരാണ് മത്സരിക്കുകയെന്ന് പറയാറായിട്ടില്ലെന്നുമാണ് പാർട്ടി നിലപാട്. ചാലക്കുടിയിൽ രണ്ടാമങ്കത്തിന് ഇറങ്ങുന്നതിനെപ്പറ്റിയുളള ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഇന്നസെന്‍റിന്‍റെ മുൻപ്രതികരണം. എന്നാൽ, മത്സരിക്കുന്നില്ലെന്ന് കടുപ്പിച്ച് പറയേണ്ടെന്നാണ് ഇന്നസെന്‍റിന് അടുപ്പക്കാർ നൽകിയ ഉപദേശം.

സിറ്റിംഗ് സീറ്റിൽ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സിപിഎം ഇന്നസെന്‍റില്‍ നിന്ന് ഈ മറുപടിയായിരുന്നില്ല പ്രതീക്ഷിച്ചത്.  മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്താനായില്ലെങ്കിൽ വീണ്ടും മൽസരിക്കേണ്ട സാഹചര്യവും ഉണ്ടാവും. ഇതേത്തുടർന്നാണ് പാർട്ടി ആവശ്യപ്പെട്ടാൽ രണ്ടാമങ്കത്തിന് ഒരുക്കമാണെന്ന് ഇന്നസെന്‍റ് തന്നെ സന്നദ്ധത അറിയിച്ചത്.

മാത്രവുമല്ല ചാലക്കുടിയിലെ രണ്ടാമങ്കത്തിൽ നിന്ന് പിന്മാറിയാൽ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സിപിഎമ്മിന് അത് തിരിച്ചടിയാകും. ഇന്നസെന്‍റിന്‍റെ പരാജയം കൊണ്ടാണ് പുതിയ സ്ഥാനാർഥിയെന്ന് വ്യാഖ്യാനിക്കപ്പെടും. അതുകൊണ്ടുകൂടിയാണ് മൽസരിക്കുന്നില്ലെന്ന് ഇനി പരസ്യമായി പറയേണ്ടെന്ന് ഇന്നസെന്‍റിനെ സിപിഎം നേതൃത്വം ചട്ടം കെട്ടിയത്.

സ്ഥാനാർഥി നിർണയത്തിൽ മതസാമുദായിക ഘടകങ്ങൾ കൂടി പരിഗണിക്കപ്പെടുമെന്നതിനാൽ ചാലക്കുടിയിൽ ഇന്നസെന്‍റ് കളത്തിലുണ്ടാകേണ്ടത് സിപിഎമ്മിന് അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ കഴിഞ്ഞ അഞ്ച് വർ‍ഷക്കാലം മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വോട്ടർമാരെ അറിയിക്കാനുളള ശ്രമങ്ങളും ഇന്നസെന്‍റ് തുടങ്ങിക്കഴിഞ്ഞു.

ഇതിന്‍റെ ഭാഗമായിട്ടാണ് മണ്ഡലത്തിൽ നടപ്പാക്കിയ 1,750 കോടിയുടെ വികസന രേഖ പുറത്തിറക്കിയത്. കഴിഞ്ഞ അഞ്ച് വ‍ർഷക്കാലം ഇന്നസെന്‍റിനെ മണ്ഡലത്തിൽ കാണാനില്ലായിരുന്നുവെന്ന് ആരോപണത്തെ നേരിടാൻ ലഘു വീഡിയോ ചിത്രങ്ങളടക്കം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനും ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. 

Read More