Home> Kerala
Advertisement

സംസ്ഥാനത്ത് റെക്കോര്‍ഡ് പോളിംഗ്!!

ജനാധിപത്യത്തിന്‍റെ ഉത്സവമായ തിരഞ്ഞെടുപ്പ് തികച്ചും ആഘോഷമാക്കി മലയാളികള്‍!!

സംസ്ഥാനത്ത് റെക്കോര്‍ഡ് പോളിംഗ്!!

തിരുവനന്തപുരം: ജനാധിപത്യത്തിന്‍റെ ഉത്സവമായ തിരഞ്ഞെടുപ്പ് തികച്ചും ആഘോഷമാക്കി മലയാളികള്‍!! 

ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നടന്ന കനത്ത പോളിംഗ് ഇതാണ് തെളിയിക്കുന്നത്. ആറ് മണി കഴിയുമ്പോള്‍ സംസ്ഥാനത്ത് ഇതുവരെ 74.77% പോളിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും പോളിംഗ് 70% കടന്നു.  

എന്നാല്‍ സംസ്ഥാനത്തെ മിക്ക ബൂത്തുകളിലും ഇപ്പോഴും നീണ്ട നിര തന്നെയാണ് കാണുന്നത്. പലയിടത്തും രാത്രി വൈകിയും പോളിംഗ് നടന്നേക്കും. ആ നിലയ്ക്ക് പോളിംഗ് ശതമാനം ഇനിയും ഏറെ വര്‍ധിച്ചേക്കും. 

കനത്ത ചൂടിനെ വകവെക്കാതെ സ്ത്രീകള്‍ ഉള്‍പ്പെടെയുളളവരുടെ നീണ്ട നിരയാണ് പല പോളിംഗ് ബൂത്തുകളിലും ദൃശ്യമായത്. ഇത്തവണ റെക്കോര്‍ഡ് പോളിംഗ് രേഖപ്പെടുത്തുമെന്നാണ് ബൂത്തുകളിലെ വോട്ടര്‍മാരുടെ സാന്നിധ്യം നല്‍കുന്ന സൂചന.

പെട്ടിയില്‍ കിടക്കുന്ന വോട്ടിനെ ചൊല്ലി തര്‍ക്കങ്ങളും അവകാശവാദങ്ങളും സംവാദങ്ങളും കൊഴുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ എങ്ങും ദൃശ്യമാകുന്നത്.

പോളിംഗ് ശതമാനം വര്‍ദ്ധിച്ചതോടെ സ്ഥാനാര്‍ഥികളും മുന്നണികളും ആവേശത്തിലാണ്. 14 സീറ്റില്‍ വിജയം യു.ഡി.എഫ് അവകാശപ്പെടുമ്പോള്‍ ചരിത്ര മുന്നേറ്റമാണ് ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്നത്. രണ്ട് മുന്നണികളെയും ഞെട്ടിച്ച്‌ രണ്ട് സ്ഥലത്ത് താമര വിരിയുമെന്ന അവകാശവാദവുമായി ബിജെപിയും രംഗത്തുണ്ട്. വോട്ട് പെട്ടിയിലായിട്ടും ആത്മവിശ്വാസത്തിന് ഒരു മുന്നണിക്കും കുറവില്ല.
 
അവസാന ഘട്ട പ്രചരണത്തില്‍ മേല്‍ക്കോയ്മ ലഭിച്ചതാണ് ഇടതുപക്ഷ പ്രതീക്ഷകള്‍ക്ക് അടിസ്ഥാനം. പിണറായി സര്‍ക്കാറിന്‍റെ ഭരണവും സംഘപരിവാറിനെ ശക്തമായി നേരിടാന്‍ കാട്ടിയ കരുത്തും വോട്ടായി മാറുമെന്നാണ്  ഇടതുപക്ഷത്തിന്‍റെ പ്രതീക്ഷ.

ശബരിമല എന്ന ഒറ്റ വിഷയത്തില്‍ ഉണ്ടാകുന്ന സാമുദായിക ഏകീകരണമാണ് ബിജെപിയുടെ പ്രതീക്ഷക്ക് അടിസ്ഥാനം. 

ചരിത്രം കൂട്ടുപിടിച്ചാണ് കോണ്‍ഗ്രസ്‌. അതായത്, പോളിംഗ് ശതമാനം വര്‍ധിക്കുന്നത് എന്നും കോണ്‍ഗ്രസിന് നേട്ടമെന്നാണ് പാര്‍ട്ടിയുടെ വാദം.

നവാഗത വോട്ടര്‍മാരും സ്ത്രീകളുമാണ് ഓരോ മണ്ഡലത്തിലെയും വിധിയില്‍ നിര്‍ണ്ണായകമാകുക. സ്ത്രീ വോട്ടര്‍മാരെ ലഷ്യമിട്ട് പ്രത്യേക കുടുംബയോഗങ്ങള്‍ തന്നെ മുന്ന് മുന്നണികളും വ്യാപകമായി സംഘടിപ്പിച്ചിരുന്നു.

അതേസമയം, കേരളത്തിലെ ചില ബൂത്തുകളില്‍ വോട്ടിംഗ് സമയം ദീര്‍ഘിപ്പിച്ചു എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. കേരളത്തിലെ എല്ലാ ബൂത്തുകളിലും വോട്ടിംഗ് സമയം അവസാനിക്കുന്നത് മുന്‍നിശ്ചയിച്ച പ്രകാരമുള്ള 06 :00 മണിക്ക് തന്നെ ആയിരിക്കും .

പക്ഷേ 06 :00 മണിക്ക് പോളിങ് സ്റ്റേഷനില്‍ ക്യൂവിലുള്ള എല്ലാ സമ്മതിദായകര്‍ക്കും വോട്ട് ചെയ്യുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു .

ഇതിനായി 06 :00 മണിക്ക് ക്യൂവിലുള്ള എല്ലാ സമ്മതിദായകര്‍ക്കും പ്രെസിഡിങ് ഓഫീസര്‍ നമ്പരിട്ട സ്ലിപ് നല്‍കും. ക്യൂവില്‍ അവസാനം നില്‍ക്കുന്ന ആള്‍ക്കായിരിക്കും ആദ്യ സ്ലിപ് നല്‍കുക. 06 :00 മണിക്ക് പോളിംഗ് സ്റ്റേഷനില്‍ ക്യൂവിലുള്ള ആള്‍ക്ക് എത്ര വൈകിയാലും വോട്ട് ചെയ്യാനുള്ള അവസരം ഉണ്ടാകും എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

 

Read More