Home> Kerala
Advertisement

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു

റെഡ് അലര്‍ട്ട് പുറപ്പെടുവിച്ച് 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ ഡാം തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജലനിരപ്പ് 2397 അടിയായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചിന് 2395.30 അടിയാണ് ഇവിടെ രേഖപ്പെടുത്തിയത്. 2395 അടി പിന്നിട്ടതോടെ വൈദ്യുതി ബോര്‍ഡ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ ഡാമിന് സമീപമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം ശക്തമാക്കി.

റെഡ് അലര്‍ട്ട് പുറപ്പെടുവിച്ച് 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ ഡാം തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജലനിരപ്പ് 2397 അടിയായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് 24 മണിക്കൂറിന് ശേഷമേ ഡാം തുറക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകൂ. ഇതിനിടയില്‍ പെരിയാര്‍ തീരവാസികള്‍ ഒഴിഞ്ഞാല്‍ മതിയാകും. ഇപ്പോള്‍ വൃഷ്ടിപ്രദേശത്ത് മഴ കുറവാണ്. 

ആശങ്ക വേണ്ടെന്നും അടിയന്തര സാഹചര്യമുണ്ടായാല്‍ കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുമെന്നും കളക്ടര്‍ അറിയിച്ചു. ജലനിരപ്പ് നിരീക്ഷിച്ചു വരികയാണെന്ന് വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയറും അറിയിച്ചിട്ടുണ്ട്. അഞ്ച് പഞ്ചായത്തുകളിലെ 12 സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

അണക്കെട്ടിനു മുകളില്‍ പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ സ്ഥിതി വിലയിരുത്തി അടിയന്തര തീരുമാനമെടുക്കും. തുറന്നുവിടേണ്ട വെള്ളത്തിന്‍റെ അളവു തീരുമാനിക്കുന്നത് കണ്‍ട്രോള്‍ റൂമില്‍ നിന്നാണ്.

Read More