Home> Kerala
Advertisement

കാലവര്‍ഷക്കെടുതി: മരണം 47 ആയി, തിങ്കളാഴ്ചവരെ മഴ തുടരും

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിങ്കളാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

കാലവര്‍ഷക്കെടുതി: മരണം 47 ആയി, തിങ്കളാഴ്ചവരെ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിങ്കളാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. 

മഴ ശക്തമാവുന്ന സാഹചര്യത്തില്‍ ചെറിയ ഡാമുകള്‍ തുറക്കേണ്ടി വരുമെന്ന് മന്ത്രി എം.എം മണി പറഞ്ഞു.

കാലവര്‍ഷത്തിലെ ഏറ്റവും വലിയ ദുരന്തം സംഭവിച്ചത് കവളപ്പാറയിലാണ്. നിലമ്പൂര്‍ ഭൂദാനം കവളപ്പാറയില്‍ ഉണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ മലയുടെ താഴ്‌വാര പ്രദേശമായ ഒരു ഗ്രാമം ഒന്നായി ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ട്.

അന്‍പതിലേറെ പേരെ കാണാതായി എന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ദുരന്തം നടന്ന സ്ഥലത്ത് എഴുപതോളം വീടുകളാണുണ്ടായിരുന്നത്. ഇന്നലെ രാത്രി എട്ടിനാണ് ഉരുള്‍പൊട്ടിയത്. വാര്‍ത്താവിനിമയ ബന്ധങ്ങളെല്ലാം തകരാറിലായതും കനത്ത മഴയും പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം അസാധ്യമാക്കി. ഇന്ന് ഉച്ചയോടെ മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രദേശത്തെത്താന്‍ സാധിച്ചത്.

പ്രദേശത്തെ അമ്പതിലതികം വീടുകള്‍ മണ്ണിനടിയില്‍പെട്ടതായി പി.വി അന്‍വര്‍ എം.എല്‍.എ പറഞ്ഞു. 
ഒരു പ്രദേശം ഒന്നാകെ ഉരുള്‍പൊട്ടലില്‍ ഒലിച്ച് പോയി മണ്ണില്‍ അമരുകയായിരുന്നു അദ്ദേഹം പറഞ്ഞു. ഉരുള്‍ പൊട്ടലില്‍ 50നും 100നും ഇടയില്‍ ആളുകളെ കാണാതായതായി. ഇതുവരെ, സംഭവസ്ഥലത്തുനിന്നും പത്ത് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.

കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്തേയ്ക്ക് പാലക്കാട് നിന്ന് എന്‍.ഡി.ആര്‍.എഫ് സംഘം  പുറപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

അതേസമയം, മഴക്കെടുതിയില്‍ രണ്ട് ദിവസങ്ങളിലായി ഇതുവരെ 47 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും കൂടും. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മഴ കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയത്.

പ്രളയദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര സഹായമായി 22.50 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. തുക അതത് ജില്ലാ കലക്ടര്‍മാര്‍ക്കാണ് അനുവദിച്ചത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നാണ് 11 ജില്ലകള്‍ക്ക് തുക അനുവദിച്ചത്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ക്ക് രണ്ടു കോടി രൂപ വീതവും വയനാട് ജില്ലക്ക് ദുരിതബാധിതരെ മാറ്റിപ്പാര്‍പ്പിക്കാന്‍ അമ്പത് ലക്ഷം രൂപ ഉള്‍പ്പെടെ രണ്ടര കോടി രൂപയുമാണ് അനുവദിച്ചത്.

ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ളസാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതായത് 24 മണിക്കൂറില്‍ 204 മില്ലി മീറ്ററിൽ കൂടുതല്‍ മഴയാണ് പ്രതീക്ഷിക്കുന്നത്.

 

Read More