Home> Kerala
Advertisement

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരന്‍ വിഷ്ണു കീഴടങ്ങി

വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ അടുത്ത സുഹൃത്തും മനേജറുമായിരുന്നു കീഴടങ്ങിയ വിഷ്ണു.

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരന്‍ വിഷ്ണു കീഴടങ്ങി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസിലെ മുഖ്യ സൂത്രധാരന്‍ വിഷ്ണു കീഴടങ്ങി. കൊച്ചിയിലെ ഡിആര്‍ഐക്കു മുന്നിലാണ് വിഷ്ണു കീഴടങ്ങിയത്. 

വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ അടുത്ത സുഹൃത്തും മനേജറുമായിരുന്നു കീഴടങ്ങിയ വിഷ്ണു. ഡിആര്‍ഐ സംഘം വിഷ്ണുവിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരന്‍ വിഷ്ണുവാണെന്ന്‍ ഡിആര്‍ഐ കണ്ടെത്തിയിരുന്നു.

മുന്‍‌കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഹര്‍ജി തള്ളിയ കോടതി പതിനേഴാം തീയതി കീഴടങ്ങാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ആ നിര്‍ദ്ദേശപ്രകാരമാണ് വിഷ്ണു ഇന്ന് കീഴടങ്ങിയത്.  ഇന്നുതന്നെ വിഷ്ണുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.  വിഷ്ണുവിന്‍റെ അറസ്റ്റ് ഈ കേസില്‍ ഏറെ നിര്‍ണ്ണായകമാണ്. 

വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ ബാലഭാസ്‌ക്കറിന്‍റെ മുന്‍ കോര്‍ഡിനേറ്ററും സുഹൃത്തുമായിരുന്ന പ്രകാശ് തമ്പി അറസ്റ്റിലായതിന് പിന്നാലെയാണ് വിഷ്ണു ഒളിവില്‍ പോയത്. ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം ഡിആര്‍ഐയും ക്രൈംബ്രാഞ്ചും ഊര്‍ജിതമാക്കിയിരുന്നുവെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല.

ഇതിനിടയില്‍ ബാലഭാസ്ക്കറിന്‍റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം സ്വര്‍ണ്ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സുനില്‍കുമാറിനെ കാക്കനാട് ജയിലിലെത്തിയാണ് ചോദ്യം ചെയ്തത്. സ്വര്‍ണ്ണക്കടത്തും ബാലുവിന്‍റെ മരണവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നു അന്വേഷിക്കാനാണ് സുനില്‍ കുമാറിനെ ചോദ്യം ചെയ്തത്.

Read More