Home> Kerala
Advertisement

ഫാനിയുടെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല, പരിഭ്രാന്തരാകേണ്ടെന്ന് മുഖ്യമന്ത്രി

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നതിനാല്‍ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം.

ഫാനിയുടെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല, പരിഭ്രാന്തരാകേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നതിനാല്‍ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം.

 
ഫാനി ചുഴലിക്കാറ്റിന്‍റെ തീവ്രത അടുത്ത 24 മണിക്കൂറിൽ വർധിക്കുമെന്നും ചൊവ്വാഴ്ചയോടെ വടക്കൻ തമിഴ്‌നാട് തീരം തൊട്ടേക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. അതിനാല്‍ കനത്ത ജാഗ്രതയിലാണ് തീരമേഖല. വടക്കൻ തമിഴ്‍നാട്ടിലും ആന്ധ്രാ തീരങ്ങളിലും ദുരന്തനിവാരണ സേനയുടെ അടക്കം സേവനം സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്.

അതേസമയം, ചുഴലിക്കാറ്റ് മുന്നറിയിപ്പിന്‍റെ ഭാഗമായി കേരളത്തിലും നാളെ മുതൽ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ഞായറാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. 

കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് ക്യാമ്പിലേക്ക് മാറിയവരോട് മൂന്ന് ദിവസത്തേക്ക് കൂടി തുടരാന്‍ ജില്ലാ ഭരണകൂടങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കായുള്ള സൗജന്യ റേഷന്‍ ഉടന്‍ വിതരണം ചെയ്യും.

കോട്ടയം മുതല്‍ വയനാട് വരെയുള്ള 8 ജില്ലകളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തസാധ്യത മുന്നിൽ കണ്ട് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം നൽകി. 

എന്നാല്‍ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ 'ഫാനി' ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. അതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല.

എന്നാൽ ചുഴലിക്കാറ്റ് പ്രഭാവത്തിൽ കേരളത്തിലെ ചില ജില്ലകളിൽ മഴയും കാറ്റും ശക്തിപ്പെടും എന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾ സുരക്ഷയ്ക്കായി പാലിക്കേണ്ട നിർദ്ദേശങ്ങൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കും കലക്ടർമാർക്കും ഈ സാഹചര്യം നേരിടാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുമുണ്ട്. തുടർന്നും ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നഭ്യർത്ഥിക്കുന്നു.

ഏപ്രിൽ 28 (മണിക്കൂറിൽ 30-50 കിലോമീറ്റർ വേഗതയിൽ) ഏപ്രിൽ 29, 30 (മണിക്കൂറിൽ 40-60 കി.മീ വരെ വേഗത്തിൽ) കേരളത്തിൽ ശക്തമായ കാറ്റ് വീശുവാൻ സാധ്യത ഉണ്ട്.

കേരളത്തിൽ ചില സ്ഥലങ്ങളിൽ ഏപ്രിൽ 29, 30 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 29ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ശക്തമായ മഴ സൂചിപ്പിക്കുന്ന മഞ്ഞ അലേർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്.

30ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നി ജില്ലകളിൽ ശക്തമായ മഴ സൂചിപ്പിക്കുന്ന മഞ്ഞ അലേർട്ട് (Yellow Alert) പ്രഖ്യാപിച്ചിരിക്കുന്നു.

Read More