തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസില്‍നിന്നും ബിജെപിയിലേയ്ക്കുള്ള ഒഴുക്ക് തുടരുകയാണ്. ഇന്നലെയാണ് മുന്‍ കോണ്‍ഗ്രസ് വക്താവും സോണിയ ഗാന്ധിയുടെ പ്രിയപ്പെട്ട നേതാവുമായിരുന്ന ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്.
പക്ഷെ, ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് കേക്ക് മുറിച്ചും ട്രോളുകളുണ്ടാക്കിയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍തന്നെ ആഘോഷിക്കുകയാണ്. ആ അവസരത്തിലാണ് വൈദ്യുതി മന്ത്രിയുടെ തകര്‍പ്പന്‍ ട്രോള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വൈദ്യുതി മന്ത്രിയുടെ "ഷോക്കടിപ്പിക്കുന്ന" പരിഹാസം!!
"അവസാനം പോകുന്നവരോട് ഒരു അഭ്യർത്ഥന, പാർട്ടി ഓഫീസ് പൂട്ടി പോകുമ്പോൾ ഫാനും ലൈറ്റും ഓഫ് ചെയ്യണം :... കാരണം നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും "വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത്" ഇതായിരുന്നു എം.എം മണി ഫേസ് ബുക്കില്‍ കുറിച്ചത്.
എന്നാല്‍, മന്ത്രി മണിയുടെ പരിഹാസത്തിന് തക്ക മറുപടിയുമായി വി ടി ബല്റാ൦ എത്തി. വടക്കൂന്നും തെക്കൂന്നുമൊക്കെ കോൺഗ്രസിൽ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടിൽപ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. എന്നാൽ കോൺഗ്രസിലേക്ക് കടന്നു വരുന്നത് ഒറ്റക്ക് പത്തുലക്ഷം ആളുകളുടെ റാലി സംഘടിപ്പിക്കാൻ കഴിയുന്ന ഹാർദ്ദിക് പട്ടേലിനെപ്പോലുള്ളവരാണെന്നത് മറക്കണ്ടെന്നും ബല്‍റാം പറഞ്ഞു.