Home> Kerala
Advertisement

ദേവികയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം, മൊഴിയില്‍ ഉറച്ച് മാതാപിതാക്കള്‍ ...

പത്താം ക്ലാസ് വിദ്യാര്‍ഥിനി ദേവികയുടെ മരണ൦ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അന്വേഷണം പ്രാഥമിക ഘട്ടത്തിലേയ്ക്ക് കടന്നു.

ദേവികയുടെ മരണത്തില്‍  ക്രൈംബ്രാഞ്ച് അന്വേഷണം, മൊഴിയില്‍ ഉറച്ച് മാതാപിതാക്കള്‍ ...

മലപ്പുറം: പത്താം ക്ലാസ്  വിദ്യാര്‍ഥിനി ദേവികയുടെ മരണ൦  ക്രൈംബ്രാഞ്ച്  ഏറ്റെടുത്തു.  അന്വേഷണം പ്രാഥമിക ഘട്ടത്തിലേയ്ക്ക് കടന്നു.  

വളാഞ്ചേരിയില്‍ ദളിത്‌ കോളനിയിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ദേവികയുടെ മരണ൦  ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാലാണ്  എന്നാണ്  മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍, ദേവിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വഷണം ഉടന്‍ ആരംഭിക്കു൦. ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ "മനംനൊന്ത് ആത്മഹത്യ" ചെയ്തുവെന്ന ആരോപണമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. 

മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി  കെ വി സന്തോഷ് കുമാറിന്‍റെ  നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. കോവിഡ് പ്രതിരോധന പ്രവര്‍ത്തനങ്ങളും മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കുന്നതിനാല്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ പൊലീസ് മേധാവി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് തിരൂര്‍ ഡിവൈഎസ് പി  കെ സുരേഷ് ബാബുവില്‍ നിന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. 

പ്രത്യേക അന്വേഷണ സംഘം  ദേവികയുടെവീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി.  മനോ വിഷമം മൂലം മകള്‍ ആത്മഹത്യ ചെയ്തുവെന്ന മൊഴിയില്‍ മാതാപിതാക്കള്‍ ഉറച്ചു നില്‍ക്കുകയാണ്.  

അതേസമയം, സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി മലപ്പുറം ഡി.ഡി.ഇയോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍, ദേവികയുടെ മരണത്തില്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കോ സ്‌ക്കൂളിലെ അധ്യാപകര്‍ക്കോ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു ഡി.ഡി.ഇ നല്‍കിയ  റിപ്പോര്‍ട്ട്.

ക്ലാസ് അധ്യാപകന്‍ അനീഷ് പഠനത്തിന് സൗകര്യമുണ്ടോയെന്ന് വിദ്യാര്‍ത്ഥിനിയായ ദേവികയെ വിളിച്ച് അന്വേഷിച്ചിരുന്നെന്നും അഞ്ചാം തിയതിയ്ക്കകം സ്‌കൂളില്‍ സൗകര്യമുണ്ടാക്കാമെന്ന് വിദ്യാര്‍ത്ഥിനിയെ അറിയിച്ചിരുന്നതായും ഡി.ഡി.ഇയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ഡി.ഡി.ഇ മന്ത്രിക്ക് കൈമാറിയിരുന്നു.

അതേസമയം, ഇതേ  വിദ്യാലയത്തില്‍  ദേവികയടക്കം ഇരുപതിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള സൗകര്യം ഉണ്ടായിരുന്നില്ലെന്നും  റിപ്പോര്‍ട്ടില്‍ പറയുന്നു. 

കഴിഞ്ഞ ദിവസമാണ് വളാഞ്ചേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ദേവിക തീകൊളുത്തി ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ  ആത്മഹത്യാക്കുറിപ്പ്  കണ്ടെത്തിയിരുന്നു. ‘ഞാന്‍ പോകുന്നു’എന്ന് മാത്രമാണ് ഇതില്‍ എഴുതിയിരുന്നത്.

സംസ്ഥാനത്ത് സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്‌.  ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങുന്നുണ്ടെന്ന വിവരം ദേവിക അറിഞ്ഞിരുന്നു. ഇക്കാര്യം അമ്മയോട് സംസാരിക്കുകയും ചെയ്തിരുന്നു.   കേടായ ടി.വി നന്നാക്കാന്‍ സാധിക്കാത്തതിനാലും സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതിനാലും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന്‍റെ വിഷമം കുട്ടി പറഞ്ഞിരുന്നെന്ന് മതാപിതാക്കള്‍ പറഞ്ഞു. 

ആദ്യ ദിവസത്തെ ക്ലാസ്സ് മുടങ്ങിയ വിഷമം ദേവികയ്ക്ക് ഉണ്ടായിരുന്നു. രാവിലെ മുതല്‍ ആരോടും സംസാരിക്കാതെയിരുന്നു. ഉച്ചയോടെ ദേവികയെ കാണാതായി, ഉറങ്ങുകയാണ്  എന്ന് കരുതിയെങ്കിലും  ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്.

സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബമാണ് ദേവികയുടേതെന്നാണ്  അധ്യാപകര്‍  പറയുന്നത്‌. ദളിത് കോളനിയിലാണ് താമസിക്കുന്നത്. lock down കാലത്തു വളരെ ദുരിതം അനുഭാവിച്ചിരുന്നു.  കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടര്‍ന്ന് പണിക്കുപോകാന്‍ കഴിഞ്ഞിരുന്നില്ല. പഠിക്കാന്‍ മിടുക്കിയായിരുന്ന ദേവിക പഠനം  തടസപ്പെടുമോയെന്ന് ആശങ്കപ്പെട്ടിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഇരിമ്പിളിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ  വിദ്യാര്‍ഥിനിയായിരുന്ന ദേവിക പഠിക്കാന്‍ മിടുക്കിയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. പഠന മികവിന് അയ്യങ്കാളി സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെ നേടിയിട്ടുണ്ട്.

Read More