Home> Kerala
Advertisement

ബാലഭാസ്ക്കറിന്‍റെ മരണം: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഇന്ന് സമര്‍പ്പിക്കും

ബാലഭാസ്‌കറിന്‍റെ മരണം നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പ്രകാശ് തമ്പി, വിഷ്ണു എന്നിവര്‍ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്.

ബാലഭാസ്ക്കറിന്‍റെ മരണം: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഇന്ന് സമര്‍പ്പിക്കും

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ മരണത്തെ സംബന്ധിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഇന്ന് സമര്‍പ്പിക്കും. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രണ്ടു ദിവസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി ചൊവ്വാഴ്ച നിര്‍ദ്ദേശിച്ചിരുന്നു.

സ്വര്‍ണകടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു ഈ നിര്‍ദ്ദേശം. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബാലഭാസ്‌കറിന്‍റെ മരണത്തിലുള്ള ബന്ധം സംബന്ധിച്ചാണ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയത്. 

ബാലഭാസ്‌കറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടോ, ഉണ്ടെങ്കില്‍ എന്തെല്ലാം കാര്യങ്ങളിലാണ് സംശയമുള്ളത്, സ്വര്‍ണക്കടത്തുമായി ഇതിനുള്ള ബന്ധമെന്ത്, അന്വേഷണം ഇപ്പോള്‍ ഏത് നിലയിലാണ് എന്നീ കാര്യങ്ങളില്‍ രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു കോടതി ഉത്തരവ്. 

ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രകാശ് തമ്പി, വിഷ്ണു എന്നിവരുടെ ഇടപെടലുകള്‍ സംബന്ധിച്ച് വ്യക്തത വേണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ബാലഭാസ്‌കറിന്‍റെ മരണം നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പ്രകാശ് തമ്പി, വിഷ്ണു എന്നിവര്‍ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. 

ഇതേത്തുടര്‍ന്ന് ബാലഭാസ്‌കറിന്‍റെ മരണവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി ബാലഭാസ്‌കറിന്‍റെ അച്ഛന്‍ രംഗത്തെത്തിയിരുന്നു.

ദേശീയപാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പ് ജംഗ്ഷന് സമീപ൦ സെപ്‌തംബർ 25 ന് പുലർച്ചെ നാലോടെയായിരുന്നു ബാലഭാസ്ക്കറിന്റെ കാര്‍ അപകടത്തില്‍പെട്ടത്‌. തൃശൂരില്‍ നിന്നും ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. 

ആശുപത്രിയിലെത്തിച്ചെങ്കിലും ബാലഭാസ്‌കറിന്‍റെ മകള്‍ തേജസ്വിനി മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കര്‍ ചികിത്സയിലിരിക്കെ ഒക്‌ടോബർ രണ്ടിനാണ് മരണപ്പെട്ടത്.

Read More