Home> Kerala
Advertisement

തൃക്കാക്കര തെരഞ്ഞെടുപ്പിൽ സിൽവർലൈൻ തിരിച്ചടിയാകുമെന്ന ആശങ്കയിൽ സിപിഎം; തെരഞ്ഞെടുപ്പ് കഴിയും വരെ സർവ്വെ നിർത്തിവെക്കാൻ തീരുമാനം;സിൽവർലൈൻ മുഖ്യ പ്രചരണ വിഷയമാക്കി യുഡിഎഫും എൻഡിഎയും

വികസന രാഷ്ട്രീയമാണ് തങ്ങൾ മുന്നോട്ട് വക്കുന്നതെന്ന പ്രഖ്യാപനത്തോടെയാണ് സിപിഎം തൃക്കാക്കയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്

 തൃക്കാക്കര തെരഞ്ഞെടുപ്പിൽ സിൽവർലൈൻ തിരിച്ചടിയാകുമെന്ന ആശങ്കയിൽ സിപിഎം; തെരഞ്ഞെടുപ്പ്  കഴിയും വരെ സർവ്വെ നിർത്തിവെക്കാൻ തീരുമാനം;സിൽവർലൈൻ മുഖ്യ പ്രചരണ വിഷയമാക്കി യുഡിഎഫും എൻഡിഎയും

കൊച്ചി:വികസന രാഷ്ട്രീയമാണ് തങ്ങൾ മുന്നോട്ട് വക്കുന്നതെന്ന പ്രഖ്യാപനത്തോടെയാണ് സിപിഎം തൃക്കാക്കയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്. സിൽവർലൈൻ പദ്ധതിയുടെ ചിത്രം പതിച്ച പോസ്റ്ററുകൾ മണ്ഡലത്തിലുടനീളം പതിക്കുകയും ചെയ്തു. സിൽവർ ലൈൻ പദ്ധതി നാടിന്റെ മുഖഛായ മാറ്റുമെന്ന് സിപിഎം ആവർത്തിക്കുന്നുണ്ടെങ്കിലും തൃക്കാക്കരിയിൽ അത് എങ്ങനെ പ്രതിഫലിക്കും എന്ന ആശങ്ക ഇപ്പോൾ  സിപിഎമ്മിനുണ്ട്. 
സിൽവർ പദ്ധതിയുടെ കാര്യത്തിൽ സൂക്ഷിച്ച് നീങ്ങണമെന്ന അഭിപ്രായം പാർട്ടിയിൽ ഉയർന്ന് കഴിഞ്ഞു. സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രവർത്തന റിപ്പോർ‌ട്ടിന്‌മേലുള്ള ചർച്ചകൾക്കിടെ ജില്ലാ കമ്മിറ്റികളിലാണ് സിൽവർലൈൻ പദ്ധതിക്കെതിരെ അഭിപ്രായമുയർന്നത്.

സിൽവർലൈൻ പദ്ധതിയുടെ ഭാഗമായുളള കല്ലിടൽ  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിയും വരെ നിർത്തിവക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം കേരളത്തിൽ ഒരിടത്തും സാമൂഹികാഘാത പഠനത്തിന്റെ ഭഗമായി കല്ലുകൾ സ്ഥാപിച്ചിട്ടില്ല. കല്ലിടലിന്റെ ഭാഗമായുണ്ടാകുന്ന പ്രതിഷേധങ്ങളും സംഘർഷങ്ങളും തൃക്കാക്കര തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിക്കുമെന്ന് സിപിഎം ഭയപ്പെടുന്നു. അതേ സമയം എവിടെ കല്ലിട്ടാലും പിഴുതെറിയുമെന്നാണ് പ്രതിപക്ഷം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടതുമുന്നണി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ അവസാനിപ്പിച്ച പ്രതിപക്ഷം വീണ്ടും സിൽവർലൈൻ വിരുദ്ധ പ്രചരണങ്ങൾക്ക് മൂർച്ച കൂട്ടിയിരിക്കുകയാണ്. സിൽവർ ലൈൻ പദ്ധതിക്കെതിരെ ശക്തമായ പ്രചാരണം നടത്താനാണ് യുഡ‍ിഎഫിന്റേയും എൻഡിഎയുടെയും തീരുമാനം.

വികസനത്തിന്റെ ആളുകളായി ഇപ്പോൾ അവതരിച്ചിരിക്കുന്ന സിപിഎം കഴിഞ്ഞ ആറ് വർഷം എന്ത് വികസനമാണ് നടപ്പിലാക്കിയതെന്ന ചോദ്യവുമായാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷന് തുടക്കം കുറിച്ചത്. വികസന വിഷയങ്ങൾ ചർച്ചയാക്കിയാൽ നേട്ടം തങ്ങൾക്കായിരിക്കുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടുന്നത്. നെടുമ്പാശേരി വിമാനത്താവളവും ഗോശ്രീ പദ്ധിയും സ്മാർട്ട് സിറ്റിയുമെല്ലാം തങ്ങളുടെ നേട്ടങ്ങളായി യുഡി എഫ് എടുത്തുകാട്ടുന്നു. അതേ സമയം ഇടത് മുന്നണി ഉയർത്തികാട്ടുന്ന ഹൈവേ വികസനവും ഗെയ്ൽ പൈപ്പ് ലൈനും കേന്ദ്ര പദ്ധതികളാണെന്ന വാദം ബിജെപിയും ഉയർത്തുന്നുണ്ട്. യുഡിഎഫും എൻഡിഎയും വികസന വിഷയങ്ങളിലൂന്നിയുളള പ്രചരണത്തിലൂടെ മുന്നോട്ട് പോയാൻ സിൽവർ ലൈൻ പദ്ധതിയുടെ നേട്ടങ്ങൾ ഉയർത്തികാട്ടിയുളള പ്രചരണത്തിന് തന്നെയാകും സിപിഎമ്മും ശ്രദ്ധ കേന്ദ്രീകരിക്കുക.

 

Read More