Home> Kerala
Advertisement

സര്‍വകക്ഷിയോഗം: ബിജെപി പങ്കെടുക്കും

പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ സര്‍ക്കാര്‍ കൈക്കൊള്ളേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ബിജെപി പങ്കെടുക്കും.

സര്‍വകക്ഷിയോഗം: ബിജെപി പങ്കെടുക്കും

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ സര്‍ക്കാര്‍ കൈക്കൊള്ളേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ബിജെപി പങ്കെടുക്കും. 

യോഗത്തിൽ പങ്കെടുക്കാനും നിലപാട് വ്യക്തമാക്കാനും ബിജെപി നേതാക്കള്‍ തീരുമാനമെടുത്തിട്ടുണ്ട്. എന്നാല്‍, ബിജെപി പ്രതിനിധിയായി യോഗത്തിൽ ആരു പങ്കെടുക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. യോഗത്തില്‍ ബിജെപി പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും സംബന്ധിച്ച പാര്‍ട്ടിയുടെ നിലപാട് വിശദീകരിക്കും.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കാനുള്ള കാരണങ്ങളാകും ബിജെപി പ്രതിനിധി യോഗത്തിൽ വിശദീകരിക്കുക.   നിയമം നടപ്പാക്കുന്നതിനു മുന്നോടിയായി ബിജെപി നടത്താൻ ഉദ്ദേശിക്കുന്ന പ്രചാരണ പരിപാടികളും യോഗത്തിൽ വിശദീകരിക്കുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് നേതാക്കള്‍ തമ്മിൽ ധാരണയിലെത്തി.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍റെ പരിലാണ് സര്‍ക്കാര്‍ കത്ത് നല്‍കിയിരിക്കുന്നത്. എന്നാൽ നിലവിൽ സംസ്ഥാനത്ത് ബിജെപി അദ്ധ്യക്ഷനില്ലാത്ത സാഹചര്യത്തിൽ യോഗത്തിൽ ആരു പങ്കെടുക്കും എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല.

മുഖ്യമന്ത്രിയാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. നാളെ തിരുവനന്തപുരത്താണ് യോഗം നടക്കുക.  

പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ വൻ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിൽ കേന്ദ്രനിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിലപാടെടുത്തിരുന്നു. ഇതിനു പിന്നാലെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ കണക്കെടുക്കും സംസ്ഥാനം നിര്‍ത്തി വെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും മത - സാമൂഹ്യസംഘടനകളുടെയും യോഗം വിളിച്ചു ചേര്‍ത്തത്. ഞായറാഴ്ച രാവിലെ 11 മണിയ്ക്ക് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയിലാണ് യോഗം നടക്കുന്നത്.

കേരളം ഉള്‍പ്പെടെ പന്ത്രണ്ടോളം സംസ്ഥാനങ്ങള്‍ ഇതിനോടകം പൗരത്വ രജിസ്റ്ററിനെതിരെ പ്രത്യക്ഷത്തിൽ നിലപാടെടുത്തിട്ടുണ്ട്. 

Read More