Home> Kerala
Advertisement

തിരുപ്പിറവി ഓര്‍മയില്‍ ലോകമെമ്പാടും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു

ലോകമെങ്ങുമുള്ള വിവിധ ദേവാലയങ്ങളില്‍ വിപുലമായ ആഘോഷങ്ങളാണ് ക്രിസ്മസിനോടനുബന്ധിച്ച് നടന്നത്.

തിരുപ്പിറവി ഓര്‍മയില്‍ ലോകമെമ്പാടും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു

തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ദൈവപുത്രന്‍ ഭൂമിയില്‍ അവതരിച്ചതിന്‍റെ സ്മരണ പുതുക്കുന്ന ആഘോഷമാണ് ക്രിസ്മസ്. കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവീണ ദിവസമാണ്  ക്രിസ്മസ് ആയി ആഘോഷിക്കുന്നത്. 

ലോകമെങ്ങുമുള്ള വിവിധ ദേവാലയങ്ങളില്‍ വിപുലമായ ആഘോഷങ്ങളാണ് ക്രിസ്മസിനോടനുബന്ധിച്ച് നടന്നത്. ഉണ്ണിയേശു പിറന്ന ബത്‌ലഹേമില്‍ വിദേശികളുള്‍പ്പെടെ നിരവധി പേര്‍ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തു. ജനനസ്ഥലത്തുള്ള നേറ്റിവിറ്റി ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാന നടന്നു.  

25 ദിവസത്തെ ത്യാഗപൂര്‍ണമായ നോമ്പിനും പ്രാര്‍ഥനകള്‍ക്കും സമാപ്തികുറിച്ചുകൊണ്ടാണ് ക്രൈസ്തവ വിശ്വാസികള്‍ തിരുപ്പിറവി ആഘോഷിക്കുന്നത്. നക്ഷത്രങ്ങളും പുല്‍ക്കൂടും ക്രിസ്മസ് ട്രീയുമെല്ലാം ഒരുക്കിയാണ് വിശ്വാസിസമൂഹം ക്രിസ്മസിനെ വരവേല്‍ക്കുന്നത്.

സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസുമായി വിശ്വാസികള്‍ പാതിരാ കുര്‍ബാനയ്ക്ക് ഒത്തു ചേര്‍ന്നു. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം പ്രഖ്യാപിച്ച വലിയ ഇടയന്‍റെ ജനനം വാഴ്ത്തുന്ന മുഹൂര്‍ത്തം. അള്‍ത്താരിയിലെ ഉണ്ണിയേശുവിന്റെ രൂപം പുല്‍ക്കൂട്ടിലെത്തിച്ച് പുരോഹിതര്‍ ശശ്രൂഷകള്‍ നടത്തി. 

ലളിത ജീവിതം നയിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ക്രിസ്മസ് ദിന സന്ദേശം നല്‍കി. സഭകള്‍ക്കിടയിലെ തര്‍ക്കം പരിഹരിക്കാന്‍ വിശ്വാസികള്‍ പ്രാര്‍ത്ഥിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ക്ലിമ്മീസ് ബാവ പറഞ്ഞു.

സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൊച്ചി സെന്റ് മേരീസ് ബസിലിക്കയില്‍ പാതിരാ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിച്ചു. ലത്തീന്‍ കത്തോലിക്കാ സഭാ വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍ സെന്റ് ഫ്രാന്‍സിസ് അസീസി കത്തിഡ്രലില്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.

തിരുവനന്തപുരത്ത് ലത്തീന്‍ സഭയുടെ പാളയം സെന്റ് ജോസഫ് പള്ളിയില്‍ ആര്‍ച്ച് ബിഷപ്പ് എം സൂസപാക്യം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. സിറോ മലങ്കരാ സഭയുടെ കത്തീഡ്രല്‍ പള്ളിയായ പട്ടം സെന്റ് മേരീസ് ദേവാലയത്തില്‍ പാതിരാ കുര്‍ബാനയക്ക് ബസേലിയോസ് മാര്‍ ക്ലിമ്മിസ് കാതോലിക്കാ ബാവ നേതൃത്വം നല്‍കി.

കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍ 11.45 നാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഫാദര്‍ വര്‍ഗ്ഗീസ് ചക്കാലക്കല്‍ നേതൃത്വം നല്‍കി. കേരളത്തില്‍ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ തുടരുന്നു. തിരുവനന്തപുരത്തെ പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്ക ബാവ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ഓഖിയും പ്രളയവുമടക്കം കഴിഞ്ഞ രണ്ടു വര്‍ഷക്കാലം വലിയ ദുരന്തങ്ങളാണ് കടന്നു പോയതെന്ന് കര്‍ദിനാള്‍ ക്ലിമ്മിസ് പറഞ്ഞു. പ്രത്യാശയുടെ ക്രിസ്മസാണ് കടന്നുവരുന്നത് എന്നും ക്ലിമിസ് കാതോലിക്കാ ബാവ പറഞ്ഞു.

ലളിത ജീവിതം നയിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന സന്ദേശം നല്‍കിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വികസിത രാജ്യങ്ങള്‍ ആഢംബര ജീവിതം ഒഴിവാക്കണമെന്ന് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. ഉണ്ണിയേശു പിറന്ന ബത്‌ലഹേമിലും നിരവധി വിശ്വാസികളാണ് ഒത്തു കൂടിയത്.

സമൃദ്ധമായ ഭക്ഷണത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ലോക മെമ്പാടുമുള്ള പട്ടിണിപ്പാവങ്ങളെ മറക്കരുതെന്ന് ഓര്‍മിപ്പിച്ചായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ ക്രിസ്മസ് ദിന സന്ദേശം തുടങ്ങിയത്. ലോകത്ത് പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കൂടി വരികയാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.

അത്യാഗ്രഹം വെടിയാനും, അമിത ഭക്ഷണം ഒഴിവാക്കാനും നിര്‍ദ്ദേശിച്ച പോപ്പ് ഓരോ ക്രിസ്തുമസും പങ്കുവയക്കലിന്റെയും സ്‌നേഹത്തിന്റെയും സന്ദേശമാണ് നല്‍കുന്നതെന്നും പറഞ്ഞു. അഭയാര്‍ത്ഥികളോട് അനുകമ്പയോടെ പെരുമാറാന്‍ ജാഗ്രത കാട്ടണമെന്നും മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.

Read More