Home> Kerala
Advertisement

സംസ്ഥാനത്തെ എല്ലാ സീറ്റിലും ത്രികോണമത്സരം; പ്രചരണത്തിന് അമിത് ഷാ കേരളത്തിലെത്തും

സംസ്ഥാനത്ത് ആകെയുള്ള ഇരുപത് ലോക്സഭാ സീറ്റുകളില്‍ പതിനെട്ട് എണ്ണത്തിലും എന്‍ഡിഎയ്ക്ക് വിജയപ്രതീക്ഷയുണ്ട്.

സംസ്ഥാനത്തെ എല്ലാ സീറ്റിലും ത്രികോണമത്സരം; പ്രചരണത്തിന് അമിത് ഷാ കേരളത്തിലെത്തും

തൃശ്ശുര്‍: ഫെബ്രുവരി രണ്ടാം വാരത്തോടെ ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാവുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ബിഡിജെഎസുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ പൂര്‍ത്തിയാക്കും. എന്‍ഡിഎയിലോ ബിജെപിയിലോ സീറ്റിനായി അടിപടി ഉണ്ടാവില്ലെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ട്രയല്‍ റണ്‍ ആണ് ലോക്സഭാ തിരഞ്ഞെടുപ്പെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 

സംസ്ഥാനത്ത് ആകെയുള്ള ഇരുപത് ലോക്സഭാ സീറ്റുകളില്‍ പതിനെട്ട് എണ്ണത്തിലും എന്‍ഡിഎയ്ക്ക് വിജയപ്രതീക്ഷയുണ്ട്. മലപ്പുറം, പൊന്നാനി സീറ്റുകളില്‍ ജയിക്കാമെന്ന് പാര്‍ട്ടി കരുതുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

ഫെബ്രുവരി 5 നകം എല്ലാ ബൂത്തിലും തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കും. 'എന്‍റെ കുടുംബം, ബിജെപി കുടുംബം' എന്ന പ്രചാരണ പരിപാടി സംസ്ഥാന വ്യാപകമായി നടത്തും. പ്രധാന നേതാക്കളെല്ലാം അടുത്ത മാസം കേരളത്തില്‍ പ്രചരണത്തിനെത്തും. 

അമിത് ഷാ, രവി ശങ്കർ പ്രസാദ്, നിർമ്മല സീതാരാമൻ തുടങ്ങിയവര്‍ യോഗങ്ങളിൽ പങ്കടുക്കും. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരം നടക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. 

അതേസമയം ശബരിമല വിഷയത്തില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാന്‍ ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളിലുണ്ടായ വീഴ്ച്ച മറച്ചു വയ്ക്കാന്‍ ശബരിമല വിഷയം ആളിക്കത്തിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. 

സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളോട് അങ്ങേയറ്റം ക്രൂരമായാണ് പെരുമാറുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ വീഴ്ച്ച മൂലം അമൃത് പദ്ധതിയിലൂടെ കേരളത്തിന് ലഭിക്കേണ്ട ആയിരം കോടി രൂപയോളം നഷ്ടമായി. പ്രളയാനന്തര കേരളത്തില്‍ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമിക്കാതെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തോളം കേരള ജനതയെ സര്‍ക്കാര്‍ മുള്‍മുനയില്‍ നിര്‍ത്തിയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

Read More