Home> Kerala
Advertisement

ഹര്‍ത്താലിന് ബിജെപിയുടെ പിന്തുണ, കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് അയ്യപ്പകർമ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു.

ഹര്‍ത്താലിന് ബിജെപിയുടെ പിന്തുണ, കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് അയ്യപ്പകർമ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു.  

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. മുഖ്യമന്ത്രി രാജി വെച്ച് ഹൈന്ദവ വിശ്വാസികളോട് ക്ഷമ പറയണമെന്ന് അയ്യപ്പകർമ്മ സമിതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കാനുള്ള പ്രതിഷേധങ്ങൾ വരും ദിവസങ്ങളിൽ കാണാമെന്നും അയ്യപ്പകർമ്മ സമിതി മുന്നറിയിപ്പ് നല്‍കി.

ശബരിമല കര്‍മ്മ സമിതിയെക്കൂടാതെ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജനകീയ ഹര്‍ത്താല്‍ നടത്താനാണ് ആഹ്വാനം. വിശ്വഹിന്ദു പരിഷത്തിൽ നിന്നും പുറത്തുവന്ന നേതാവ് പ്രവീൺ തൊഗാഡിയ സ്ഥാപിച്ച പാർട്ടിയാണ് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് അഥവാ എഎച്ച്പി. കേരളത്തിലും ഈ സംഘടനയ്ക്ക് ശാഖയുണ്ട്. നിലവിൽ ആർഎസ്എസുമായി ചേര്‍ന്നുള്ള സംഘടനയല്ല ഇത്.

യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി സ്ഥിരീകരണമുണ്ടായതോടെ നാമജപ പ്രതിഷേധവുമായി ശബരിമല കര്‍മ്മ സമിതി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, ഹര്‍ത്താലില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ മൂലം കനത്ത നഷ്ടമാണ് വ്യാപാരികള്‍ക്ക് ഉണ്ടാകുന്നത്. അതിനാല്‍ എല്ലാ കടകളും നാളെ തുറക്കും. പൊലീസ് സംരക്ഷണം ഒരുക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. അപ്രതീക്ഷിതമായി പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകളോട് സഹകരിക്കില്ലെന്ന് നേരത്തെ തന്നെ വ്യാപാരികള്‍ പ്രഖ്യാപിച്ചിരുന്നു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ വ്യാപക സംഘര്‍ഷമാണ് നടക്കുന്നത്. പലയിടത്തും അക്രമസംഭവങ്ങള്‍ ഉണ്ടായി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി.

 

 

Read More