Home> Kerala
Advertisement

സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷവും ബിജെപിയും എടുത്തത് ഒരേ നിലപാട്: മുഖ്യമന്ത്രി

സര്‍വകക്ഷി യോഗത്തില്‍ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്‌തെന്നും, എന്നാല്‍ പ്രതിപക്ഷവും ബിജെപിയും എടുത്തത് ഒരേ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷവും ബിജെപിയും എടുത്തത് ഒരേ നിലപാട്: മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍വകക്ഷി യോഗത്തില്‍ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്‌തെന്നും, എന്നാല്‍ പ്രതിപക്ഷവും ബിജെപിയും എടുത്തത് ഒരേ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  

സുപ്രീം കോടതി വിധിയും റിവ്യൂ പെറ്റീഷനില്‍ സുപ്രീം കോടതി എടുത്ത നിലപാടും ചര്‍ച്ച ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പറയാനുള്ള കാര്യങ്ങള്‍ അവതരിപ്പിച്ചു. പ്രതിപക്ഷവും ബിജെപിയും എടുത്ത നിലപാട് സമാനമായിരുന്നു. പ്രതിപക്ഷ നേതാവും പിന്നീട് ശ്രീധരന്‍പിള്ളയും സംസാരിച്ചു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ മുന്‍വിധിയോടെ സമീപിച്ചു എന്നാണ് ഇരുകൂട്ടരും പറഞ്ഞത്.

യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിന് ഒരു മുന്‍വിധിയും ഉണ്ടായിരുന്നില്ല. കോടതി എന്താണോ പറഞ്ഞത് അത് നടപ്പാക്കുക എന്നതാണ് എടുത്ത നിലപാട്. ഹൈക്കോടതി വിധി വന്നപ്പോള്‍ ആ വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ തയ്യാറായത്. 1996 ലും 2006 ലും അത് തന്നെയാണ് ചെയ്തത്. വിധിയില്‍ വ്യതിയാനം വരുത്താന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല.

സുപ്രീം കോടതി മറിച്ച് വിധി പറഞ്ഞാല്‍ സര്‍ക്കാര്‍ അത് നടപ്പാക്കും. സര്‍ക്കാരിന് മറിച്ച് അഭിപ്രായമില്ല. വിശ്വാസികള്‍ക്ക് എല്ലാ വിധ സംരക്ഷണവും കൊടുക്കും. സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണ്. ശബരിമല കൂടുതല്‍ യശസോടെ ഉയര്‍ന്നുവരണം. അതിനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കണമെന്നും പിണറായി പറഞ്ഞു.

സ്ത്രീകള്‍ക്ക് ശബരിമലയില്‍ വരാന്‍ അവകാശമുണ്ടെന്നും അതിന് വേണ്ടി നമുക്ക് ക്രമീകരണം ഉണ്ടാക്കണം എന്നും പറഞ്ഞു. യുവതികളുടെ വരവുമായി ബന്ധപ്പെട്ട് ക്രമീകരണം ഉണ്ടാക്കാമെന്ന് പറഞ്ഞ് യോഗം അവസാനിപ്പിച്ചു. നിയമവാഴ്ചയിലുള്ള രാജ്യമെന്ന നിലയ്ക്ക് ഇതല്ലാതെ മറ്റൊരു നിലപാട് എടുക്കാനാവില്ല. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്.

സ്ത്രീകള്‍ക്കുള്ള ക്രമീകരണം ചര്‍ച്ച ചെയ്തു തീരുമാനിക്കും. ഓണ്‍ലൈന്‍ ബുക്കിങ് ഉണ്ട്. ചില പ്രത്യേക ദിവസങ്ങള്‍ ഇതിന് വേണ്ടി മാറ്റിവെക്കാനാകും. യുവതികള്‍ക്ക് പ്രവേശിക്കാന്‍ ചില പ്രത്യേക ദിവസങ്ങള്‍ ഒരുക്കാന്‍ കഴിയുമോ എന്ന രീതിയില്‍ ആലോചനകള്‍ നടത്തണം.

ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാകരുതെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ചിലരോട് അഭ്യര്‍ത്ഥിക്കാനുള്ളത് ശബരിമല ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന തീര്‍ത്ഥാടന കേന്ദ്രമാണ്. അവിടെ ശാന്തിയും സമാധാവും വേണം. സുപ്രീം കോടതി വിധി അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് മുഖ്യമന്ത്രി പറഞ്ഞു.

സര്‍വകക്ഷി യോഗം അവസാനിച്ചു കഴിഞ്ഞ ശേഷം പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് നിന്ന് പറഞ്ഞു ഞാന്‍ ഇറങ്ങിപ്പോകുകയാണെന്ന് ഇത് ശരിയായ നിലപാടല്ല എന്ന് ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു.

 

 

 

Read More