Home> Kerala
Advertisement

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍ നിന്ന് മാറ്റി

ഡല്‍ഹിയിലെ വത്തിക്കാന്‍ കാര്യാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍ നിന്ന് മാറ്റി

ന്യൂഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ പൊലീസ് അന്വേഷണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തല്‍സ്ഥാനത്ത് നിന്ന് താല്‍കാലികമായി മാറ്റി. ഫ്രാങ്കോ മുളയ്ക്കല്ലിന് പകരം ജലന്ധര്‍ ബിഷപ്പിന്‍റെ താല്‍കാലിക ചുമതല മുംബൈ രൂപതയിലെ മുന്‍ സഹായമൈത്രാനായിരുന്ന ആഗെ്നോ റൂഫിനോ ഗ്രേഷ്യസിന് നല്‍കി വത്തിക്കാന്‍ ഉത്തരവ് ഇറക്കി.

ഡല്‍ഹിയിലെ വത്തിക്കാന്‍ കാര്യാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഫ്രാങ്കോ മുളയ്ക്കലിന്‍റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇത്തരമൊരു ഭരണമാറ്റം വരുത്തുന്നതെന്ന് വത്തിക്കാന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നുണ്ട്. നേരത്തെ ചുമതലകളില്‍ നിന്നും മാറ്റണം എന്നാവശ്യപ്പെട്ട് ബിഷപ്പ് കത്തു നല്‍കിയിരുന്നു. 

തനിക്ക് കേരളത്തിലേക്ക് പോകണമെന്നും കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണവുമായി സഹകരിക്കേണ്ടതുണ്ടെന്നും ഈ സാഹചര്യത്തില്‍ ബിഷപ്പിന്‍റെ ചുമതലകള്‍ മറ്റാര്‍ക്കെങ്കിലും നല്‍കണം എന്നും ബിഷപ്പ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു. 

തുടര്‍ച്ചയായി രണ്ടാം ദിവസവും ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും അദ്ദേഹത്തിന്‍റെ അറസ്റ്റ് ഉടനെയുണ്ടായേക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമാകുകയും ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തെ നിലവിലെ ചുമതലകളില്‍ നിന്നും മാറ്റിയത്. 

കേരളത്തിലുണ്ടാവുന്ന സംഭവവികാസങ്ങള്‍ വത്തിക്കാന്‍ സൂഷ്മമായി നിരീക്ഷിക്കുന്നതിന്‍റെ തെളിവായാണ് പലരും ബിഷപ്പിന്‍റെ സ്ഥാനചലനത്തെ വിലയിരുത്തുന്നത്. ജലന്ധര്‍ ബിഷപ്പിന് ചുമതലകളില്‍ നിന്നും മാറ്റിയേക്കുമെന്ന സൂചന നേരത്തെ തന്നെ മുംബൈ അതിരൂപത വൃത്തങ്ങള്‍ നല്‍കിയിരുന്നു. 

അതേസമയം, കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പിനെ ചോദ്യം ചെയ്തുവരുകയാണ്. ഇന്ന് രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്. കോട്ടയം എസ്പി ഹരിശങ്കറും വൈക്കം ഡിവൈഎസ്പി കെ.സുഭാഷും അടങ്ങുന്ന അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്.

ജലന്ധര്‍ ബിഷപ്പിന്‍റെ അഭിഭാഷകരെ അന്വേഷണ സംഘം വിളിപ്പിച്ചു. ബിഷപ്പിന്‍റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് വിവരം. അന്വേഷണ സംഘം വിളിപ്പിച്ചതിനെ തുടര്‍ന്ന് ബിഷപ്പിന്‍റെ മൂന്ന് അഭിഭാഷകര്‍ ചോദ്യം ചെയ്യുന്ന ഓഫീസിലെത്തി.

Read More