Home> Kerala
Advertisement

ശബരിമലയില്‍ തിരക്കേറുന്നു; വാഹന പാര്‍ക്കിംഗിന് തടസ്സം നേരിട്ട് തീര്‍ത്ഥാടകര്‍

പൊലീസ് നിയന്ത്രണം കുറയ്ക്കുകയും നിരീക്ഷണം കൂട്ടുകയും ചെയ്തതോടെ ഭക്തര്‍ക്ക് ശബരിമല യാത്ര കൂടുതല്‍ അനായാസമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നുണ്ട്.

ശബരിമലയില്‍ തിരക്കേറുന്നു; വാഹന പാര്‍ക്കിംഗിന് തടസ്സം നേരിട്ട് തീര്‍ത്ഥാടകര്‍

നിലയ്ക്കല്‍: ശബരിമലയിൽ സംഘർഷാവസ്ഥയാണെന്ന തെറ്റിധാരണ മാറിയതോടെ ശബരിമലയില്‍ തീർഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചു. ശബരിമലയില്‍ മുൻകാലങ്ങളിലേതിനേക്കാൾ ഭംഗിയായി ദർശന സൗകര്യമുണ്ടെന്ന് ഭക്തര്‍ക്ക്‌ വ്യക്തമായതോടെയാണ്​ സ്ഥിതിഗതികള്‍ക്ക് മാറ്റം വന്നുതുടങ്ങിയത്.

22ന് ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിച്ചിരുന്നു. പൊലീസ് നിയന്ത്രണം കുറയ്ക്കുകയും നിരീക്ഷണം കൂട്ടുകയും ചെയ്തതോടെ ഭക്തര്‍ക്ക് ശബരിമല യാത്ര കൂടുതല്‍ അനായാസമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നുണ്ട്. 

എന്നാല്‍, ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചതോടെ ബേസ് ക്യാമ്പായ നിലയ്ക്കലിൽ വാഹന പാർക്കിംഗിന് ബുദ്ധിമുട്ടേറുകയാണ്. 15000 വാഹനങ്ങൾ ഒരേ സമയം പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. എന്നൽ പൊലിസിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ മൂന്ന് ദിവസം നിലയ്ക്കലെത്തിയത് 21000 വാഹനങ്ങളാണ്. 

നിലയ്ക്കല് ബേസ് ക്യാമ്പ് ആക്കി മാറ്റിയതോടെ 2400 റബ്ബർ മരങ്ങൾ മുറിച്ച് മാറ്റി പാർക്കിംഗിന് സ്ഥലം കണ്ടെത്താൻ ശ്രമം നടത്തുന്നുണ്ടെങ്കിലും നടപ്പായില്ല. അതുകൂടാതെ, ഈ സ്ഥലങ്ങളൊന്നും നിരപ്പാക്കിയിട്ടുമില്ല. മകരവിളക്കിന് മുൻപ് കൂടുതൽ സ്ഥലം ലഭ്യമാക്കുമെന്നാണ് നിലയ്ക്കൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഇക്കാര്യത്തിലെ വിശദീകരണം.

കഴിഞ്ഞ രണ്ട് ദിവസമായി നിലയ്ക്കലിലെത്തുന്ന സ്വകാര്യ വാഹനങ്ങളിലെ ഡ്രൈവർമാര്‍ ബുദ്ധിമുട്ടുകയാണ് . സംഘർഷമൊക്കെ മാറി കൂടുതൽ തീർത്ഥാടകർ എത്തിയപ്പോൾ ആവശ്യത്തിന് പാർക്കിഗ് സ്ഥലമില്ല. ഇത്തവണ പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങളെ കടത്തി വിടാത്തതിനാൽ നിലയ്ക്കലാണ് ഏവരുടേയും ആശ്രയം.

വ്യാഴാഴ്ച മുതൽ തന്നെ ദർശനത്തിന് എത്തുന്നവരുടെ എണ്ണം ഉയര്‍ന്നുതുടങ്ങിയിരുന്നു. ഇന്നലെ വൻതോതിൽ തീർഥാടകരെത്തി. ദിനേന ശരാശരി 30,000 പേർ എത്തിയിരുന്ന സ്ഥാനത്ത് വെള്ളിയാഴ്ച അരലക്ഷത്തോളം പേർ വന്നു. ഇതര സംസ്ഥാനക്കാരാണ് ഏറെയും. മലയാളികളുടെ എണ്ണം ഇപ്പോഴും കുറവാണ്.

ശബരിമലയിൽ സംഘർഷാവസ്ഥയാണെന്ന പ്രചാരണം വ്യാപകമായതാണ് തീർഥാടകർ വരാൻ മടിച്ചത്. എന്നാൽ, പ്രശ്നങ്ങളില്ല എന്നും മുൻകാലങ്ങളിലേതിനേക്കാൾ ഭംഗിയായി ദർശന സൗകര്യമുണ്ടെന്നും വ്യക്തമായതോടെയാണ് മാറ്റം വന്നുതുടങ്ങിയത്. 

ക്രമസമാധാന പാലനത്തിന് പൊലീസ് സ്വീകരിച്ച നടപടികളുടെ വിജയമാണ് ഇതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലക്കൽ മുതൽ സന്നിധാനം വരെ പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ, തിരക്ക് കുറക്കാനും തീര്‍ത്ഥാടകര്‍ക്ക് സുഖദർശനം സാധ്യമാക്കാനും ഉപകരിച്ചു.

തുലാമാസ പൂജ, ചിത്തിര ആട്ടവിശേഷം തുടങ്ങിയ ദിവസങ്ങളിൽ നിലക്കൽ മുതൽ സന്നിധാനം വരെ പൂർണമായും പ്രക്ഷുബ്ധമായിരുന്നു. എന്നാല്‍ രാത്രി നട അടക്കാറാകുമ്പോൾ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ സംഘടിച്ച് കൂട്ട നാമജപം സംഘടിപ്പിക്കുന്നത് മാത്രമാണ് ഇപ്പോൾ ശബരിമലയിലെ ഏക പ്രതിഷേധം.

എന്നാല്‍, ഇത്തരത്തില്‍ പ്രതിഷേധിക്കാനും ഇപ്പോള്‍ ആളുകളെ കിട്ടുന്നില്ല എന്ന അവസ്ഥയാണ്‌.

 

Read More