Home> Kerala
Advertisement

കാസര്‍ഗോഡ് നാളെ സര്‍വ്വകക്ഷി സമാധാനയോഗം

കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പെരിയ മേഖലയില്‍ വലിയ അക്രമസംഭവങ്ങളാണുണ്ടായത്.

കാസര്‍ഗോഡ് നാളെ സര്‍വ്വകക്ഷി സമാധാനയോഗം

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് നാളെ സര്‍വ്വകക്ഷി സമാധാനയോഗം ചേരും. മന്ത്രി ഇ. ചന്ദ്രശേഖരന്റെ അധ്യക്ഷതയിലാണ് യോഗം. രണ്ട് മണിക്ക് കാസര്‍ഗോഡ് കലക്ട്രേറ്റിലാണ് യോഗം. 

യോഗത്തില്‍ സിപിഐഎം പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഡിസിസി നേതൃത്വം ഇക്കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. യോഗത്തെക്കുറിച്ച്‌ അറിയിപ്പ് കിട്ടിയിട്ടില്ലെന്നാണ് ഡിസിസി വ്യക്തമാക്കുന്നത്.

ഇതിന് മുമ്പ് ഷുഹൈബ് വധത്തെത്തുടര്‍ന്നാണ് കണ്ണൂരില്‍ ഒരു സമാധാനയോഗം നടന്നത്. അന്ന് സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ വലിയ തര്‍ക്കവും വാക്കേറ്റവുമുണ്ടായി. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതല്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകും.

കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പെരിയ മേഖലയില്‍ വലിയ അക്രമസംഭവങ്ങളാണുണ്ടായത്. പെരിയയിലും കല്യോട്ടും സിപിഐഎം അനുഭാവികളുടെ വീടിന് നേരെ ആക്രമണമുണ്ടായി. മുഖ്യപ്രതി പീതാംബരനുള്‍പ്പടെ പലരുടെയും വീടുകളും വ്യാപാരസ്ഥാപനങ്ങളും തീ വച്ച്‌ നശിപ്പിക്കപ്പെട്ടു. 

പലയിടത്തും ഇപ്പോഴും സിപിഐഎം – കോണ്‍ഗ്രസ് സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നുണ്ട്. കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി താല്‍പര്യമറിയിച്ചിരുന്നെങ്കിലും ക്രമസമാധാനപ്രശ്നങ്ങള്‍ കണക്കിലെടുത്ത് സന്ദര്‍ശനം റദ്ദാക്കിയിരുന്നു. 

റവന്യൂമന്ത്രിയും കാസര്‍ഗോഡ് സ്വദേശിയുമായ ഇ ചന്ദ്രശേഖരന്‍ കുടുംബങ്ങളെ കാണാനെത്തിയപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോശം പരാമര്‍ശങ്ങള്‍ നടത്തി തിരിച്ചയച്ചെന്ന് ആരോപണമുയര്‍ന്നു. സിപിഐഎം നേതാക്കള്‍ മേഖല സന്ദര്‍ശിക്കാനെത്തിയപ്പോള്‍ സ്ത്രീകളുള്‍പ്പടെയുള്ളവരെത്തി വലിയ രീതിയില്‍ രോഷപ്രകടനം നടത്തുകയും ചെയ്തിരുന്നു.

എന്നാല്‍ വിപിപി മുസ്തഫയുള്‍പ്പടെയുള്ള സിപിഎം നേതാക്കളുടെ കൊലവിളി പ്രസംഗങ്ങളും വാക്പോരും വലിയ രീതിയില്‍ പ്രകോപനവുമുണ്ടാക്കി. കോണ്‍ഗ്രസ് ഇപ്പോഴും അമര്‍‍ഷത്തിലാണ്. 

കേസിലെ പ്രധാനപ്രതികളെ പിടിച്ചില്ല, ഗൂഢാലോചനയിലേക്ക് അന്വേഷണം നീളുന്നില്ല, സിബിഐ അന്വേഷണമില്ലാതെ സത്യം പുറത്തു വരില്ല എന്നീ ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.

കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ നാളെ സത്യഗ്രഹസമരം തുടങ്ങാനിരിക്കുകയുമാണ്. ഇരട്ടക്കൊലപാതകത്തിന്‍റെ അന്വേഷണം ഇന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കാനിരിക്കുകയാണ്.

എന്നാല്‍ കുടുംബാംഗങ്ങള്‍ ഇക്കാര്യത്തില്‍ തൃപ്തരല്ല. സിബിഐ അന്വേഷണം തന്നെ വേണമെന്നാണ് അവരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച്‌ മുഖ്യമന്ത്രിക്കും ഡിജിപിക്കും കുടുംബാംഗങ്ങള്‍ പരാതി നല്‍കും. 

Read More