Home> Kerala
Advertisement

പൊലീസിലെ ദാസ്യപ്പണിയില്‍ കൂടുതല്‍ നടപടി

പൊലീസിലെ ദാസ്യപ്പണിയില്‍ കൂടുതല്‍ നടപടി

തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണിയില്‍ കൂടുതല്‍ നടപടി. എസ്എപി ക്യാംപ് ഡെപ്യൂട്ടി കമാന്‍ഡന്‍റ് പി.കെ. രാജുവിനെ സ്ഥലം മാറ്റിയേക്കും. വീട്ടില്‍ ടൈല്‍സ് പണിക്ക് രാജു ക്യാമ്പ് ഫോളോവര്‍മാരെ ഉപയോഗിച്ചിരുന്നു. പൊലീസിലെ ദാസ്യപ്പണി അവസാനിപ്പിക്കാന്‍ ക്യാമ്പ് ഫോളോവര്‍മാര്‍ രംഗത്ത് എത്തി. ഇതു സംബന്ധിച്ച് ഡിജിപിക്ക് ഇന്ന് പരാതി നല്‍കും.

അതേസമയം, ഐപിഎസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ പൊലീസുകാരെ ദാസ്യപണി ചെയ്യിക്കുന്നതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു തൃശൂരില്‍ മണ്ണുത്തി എസ്എച്ച്ഓയായ ശില്‍പ ഐപിഎസിന്‍റെ വീട്ടുപണി ചെയ്യാൻ തയ്യാറാകാത്തതിനാല്‍ പൊലീസുകാരനെതിരെ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി പരാതി. അടുക്കള മാലിന്യം നീക്കാൻ തയ്യാറാകാത്തതാണ് ഉദ്യോഗസ്ഥയെ ചൊടിപ്പിച്ചതെന്നാണ് പൊലീസുകാരൻ പറയുന്നത്.

തൃശൂര്‍ മണ്ണുത്തിയിലെ ഐപിഎസ് ട്രയിനിയായ ശില്പ്പയുടെ ഡ്രൈവറായിരുന്നു പരാതിക്കാരൻ. ഉദ്യോഗസ്ഥയുടെ വീട്ടിലെ അടുക്കള മാലിന്യം പൊലീസ് യൂണിഫോമിട്ട് പുറത്തുകൊണ്ടുകളയാൻ പറ്റില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ ഗുരുതര അച്ചടക്ക ലംഘനത്തിന് മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി പൊലീസുകാരൻ പറയുന്നു. 

ഐപിഎസ് ഉദ്യോഗസ്ഥയ്ക്കും അമ്മയ്ക്കും കുളിക്കാൻ ചൂടുവെള്ളം കുളിമുറിയില്‍ കൊണ്ടുവെക്കണം. വീട്ടിലേക്കുളള സാധനങ്ങള്‍ വാങ്ങണം തുടങ്ങിയ പണികളും ചെയ്യിപ്പിച്ചിരുന്നു. ഡ്യൂട്ടി ചെയ്യാൻ വിസമ്മതിച്ചു എന്ന ഉദ്യോഗസ്ഥയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇയാളെ എആര്‍ ക്യാമ്പിലേക്ക് മാറ്റി. മൊഴിയെടുക്കാൻ വിളിപ്പിച്ചപ്പോള്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരോട് നടന്ന കാര്യങ്ങള്‍ അറിയിച്ചിരുന്നു.

തിരുവനന്തപുരത്ത് ഗവാസ്കര്‍ക്ക് ഉണ്ടായതുപൊലെ ശാരീരിക ഉപദ്രവങ്ങളൊന്നും ഏല്‍ക്കേണ്ടിവന്നില്ലല്ലോ എന്നാശ്വസത്തിലാണ് പൊലീസുകാരൻ. കൂടുതല്‍ ശിക്ഷാനടപടികള്‍ ഉണ്ടായേക്കുമെന്ന ആശങ്കയില്‍ മുഖം മറയ്ക്കണമെന്ന് പൊലീസുകാരൻ ആവശ്യപ്പെട്ടു.

എന്നാല്‍ ആരോപണം ഉദ്യോഗസ്ഥ നിഷേധിച്ചു. മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്ട്ട് നല്‍കിയതില്‍ പൊലീസുകാരൻ പ്രതികാരം ചെയ്യുകയാണെന്നാണ് വിശദീകരണം. പൊലീസുകാരൻ ഡ്യൂട്ടിക്ക് വൈകിയെത്തിയതായി റിപ്പോര്‍ട്ട് കിട്ടിയതായി തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ സ്ഥലം മാറ്റിയതെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

Read More