ബംഗളൂരു: വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ട കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഇന്നലെ രാജി സര്പ്പിച്ചതോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിക്കാത്ത ബിജെപിയ്ക്ക് 105 അംഗങ്ങളാണ് ഉള്ളത്.
ബുധനാഴ്ച ബംഗളൂരുവില്‍ നിയമസഭാകക്ഷിയോഗത്തിനു ശേഷം യെദ്യൂരപ്പ ഗവര്‍ണറെ കാണുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.
ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് ബി. എസ്. യെദ്യൂരപ്പ പറഞ്ഞു. വികസനത്തിന്റെ പുതുയുഗം തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാരിനെ ആളുകള്‍ക്ക് മടുത്തു. തന്റെ സര്‍ക്കാര്‍ കര്ഷകരിലാവും ശ്രദ്ധ കേന്ദ്രീകരിക്കുക- യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി കുമാരസ്വാമി സര്‍ക്കാരിന്റെ വിശ്വാസപ്രമേയത്തെ ബിജെപിയുടെ 105 അംഗങ്ങള്‍ എതിര്‍ത്തപ്പോള്‍ ഭരണപക്ഷത്തെ പിന്തുണയ്ക്കാന്‍ 99 അംഗങ്ങള്‍ മാത്രമാണ് ഉണ്ടായത്. വിമത എംഎല്‍എമാര്‍ 15 പേര്‍ക്കും കോണ്‍ഗ്രസും ജെഡിഎസും വിപ്പ് നല്‍കിയിരുന്നെങ്കിലും ഇവര്‍ സഭയിലെത്തിയില്ല. ബിഎസ്പി എംഎല്‍എയും വിശ്വാസവോട്ടെടുപ്പില്നിന്നും വിട്ടുനിന്നു. കുമാരസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. ഇതോടെ 14 മാസം മാത്രം നീണ്ടുനിന്ന ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ നിലംപൊത്തി.
അതേസമയം, സഭയില്‍ ഭൂരിപക്ഷം നേടാനാകാത്ത സാഹചര്യത്തില്‍, ഗവര്‍ണര്‍ വാജുഭായി വാലയെ സന്ദര്‍ശിച്ച കുമാരസ്വാമി രാജി സമര്‍പ്പിച്ചു. അടുത്ത സര്‍ക്കാര്‍ ചുമതല ഏല്‍ക്കുംവരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. രാത്രി 8.40 ന് ആണ് രാജ്ഭവനിലെത്തി കുമാരസ്വാമി രാജി സമര്‍പ്പിച്ചത്.
എന്നാല്‍, വിമതരെ അയോഗ്യരാക്കുക എന്ന നിലപാടാണ് കോണ്‍ഗ്രസ് തത്കാലം സ്വീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നുമായി 15 എംഎല്‍മാരെ അയോഗ്യരാക്കും.
വിശ്വാസവോട്ടെടുപ്പിനെ മറുപടി പറഞ്ഞുകൊണ്ട് ഇത് നീട്ടിക്കൊണ്ടു പോകാന്‍ താത്പര്യമില്ലെന്നും സ്ഥാനമൊഴിയാന്‍ തയാറാണെന്നും കുമാരസ്വാമി സഭയില്‍ അറിയിച്ചിരുന്നു. ഭൂരിപക്ഷം തെളിയിക്കാനാവാതെ കുമാരസ്വാമി സര്‍ക്കാര്‍ വീണതോടെ 15 ദിവസം നീണ്ടുനിന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കാണ് തിരശീല വീണിരിക്കുന്നത്.