Home> India
Advertisement

വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും: മായാവതി

എന്നാല്‍ എസ്‌പിയുമായും അഖിലേഷ് യാദവുമായുള്ള ബന്ധം എപ്പോഴും നിലനില്‍ക്കുമെന്നും മായാവതി പറഞ്ഞു.

വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും: മായാവതി

ഉത്തര്‍പ്രദേശ്: വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി. ഇതോടെ എസ്‌പിയുമായി സഖ്യം ചേര്‍ന്ന്‍ മത്സരിക്കില്ലെന്ന വാര്‍ത്തകള്‍ക്ക് സ്ഥീരീകരണമായി. 

ഇതോടെ സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും തമ്മിലുള്ള സഖ്യം അവസാനിച്ചേക്കുമെന്നാണ് സൂചന. സഖ്യം അവിചാരിതമായി ഉണ്ടായതാണെന്നും ഉപതിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്നും മായാവതി വ്യക്തമാക്കി. 

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്‌പിക്ക് കാര്യമായ നേട്ടമൊന്നും ലഭിച്ചില്ല എന്നതാണ് സഖ്യം പിരിയാനുള്ള പ്രധാന കാരണം. ഇന്നലെ നടന്ന യോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മായാവതി ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

നിലവിലെ സ്ഥിതി അനുസരിച്ച് തനിച്ച് മത്സരിക്കുന്നതാണ് ഉചിതമെന്ന് തോന്നിയതിനാല്‍ ആ വഴി തിരഞ്ഞെടുക്കുകയാണ്. എസ്പിയുടെ അടിത്തറ എന്ന് പറയുന്നത് യാദവ വിഭാഗമാണ്. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യാദവ വിഭാഗം തങ്ങളെ പിന്തുണച്ചില്ല. 

എസ്പിക്ക് മികച്ച പിന്തുണ ഉണ്ടായിരുന്ന സ്ഥലങ്ങളില്‍ പോലും തങ്ങള്‍ ഏറെ പിന്നിലായിയെന്നും എസ്പിയുടെ ശക്തരായ സ്ഥാനാര്‍ത്ഥികള്‍ക്ക് പോലും തിരഞ്ഞെടുപ്പില്‍ വിജയം നേടാനായില്ലയെന്നും കന്നൗജില്‍ നിന്ന് ഡിംപിള്‍ തോറ്റത് ഇതിന് ഉദാഹരണമാണെന്നും മായാവതി ചൂണ്ടിക്കാട്ടി.

എന്നാല്‍ എസ്‌പിയുമായും അഖിലേഷ് യാദവുമായുള്ള ബന്ധം എപ്പോഴും നിലനില്‍ക്കുമെന്നും മായാവതി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം ഉള്‍ക്കൊണ്ടുകൊണ്ട് തനിയെ മത്സരിക്കുന്നതാണ് നല്ലതെന്ന തീരുമാനത്തിലെത്തുകയായിരുന്നുവെന്നും മായാവതി പറഞ്ഞു. 

ബിഎസ്പിയുമായി മഹാസഖ്യത്തില്‍ മത്സരിച്ചിട്ടും കനത്ത തിരിച്ചടിയാണ് അഖിലേഷ് യാദവിന്‍റെ എസ്പിക്ക് ലഭിച്ചത്. 2014 ല്‍ ഒറ്റ സീറ്റുപോലും നേടാനാവാത്ത ബിഎസ്പിയ്ക്ക് ഇത്തവണ 10 സീറ്റുകള്‍ കിട്ടി എന്നാല്‍ 5 സീറ്റുകള്‍ നേടാന്‍ മാത്രമേ എസ്‌പിയ്ക്ക് കഴിഞ്ഞുള്ളൂ.

Read More