Home> India
Advertisement

ഡല്‍ഹി അധികാര തര്‍ക്കം: സുപ്രിം കോടതി വിധി ഇന്ന്

ഡല്‍ഹിയ്ക്ക് സംസ്ഥാനപദവി വേണമെന്ന സര്‍ക്കാരിന്‍റെ ഹർജിയിൽ സുപ്രിം കോടതി ഇന്ന് വിധി പറയും.

ഡല്‍ഹി അധികാര തര്‍ക്കം: സുപ്രിം കോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: ഡല്‍ഹിയ്ക്ക് സംസ്ഥാനപദവി വേണമെന്ന സര്‍ക്കാരിന്‍റെ ഹർജിയിൽ സുപ്രിം കോടതി ഇന്ന് വിധി പറയും.

ഡല്‍ഹിയുടെ ഭരണാധിപന്‍ ലഫ്റ്റനന്‍റ് ഗവര്‍ണറാണെന്ന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് സുപ്രിം കോടതി വിധി പറയുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, ഒരു മാസത്തിലേറെ വാദം കേട്ട ശേഷമാണ് വിധി പറയുന്നത്. 

ഭരണഘടനയുടെ 239എഎ അനുച്ഛേദപ്രകാരം ക്രമസമാധാനം, പൊലീസ് ഒഴികെയുള്ള സംസ്ഥാനപട്ടികയിലുള്ള മുഴുവന്‍ വിഷയങ്ങളിലും നിയമം രൂപീകരിക്കാനും നടപ്പാക്കാനുമുള്ള പൂര്‍ണമായ അധികാരം സംസ്ഥാനത്തിനുണ്ടെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ ഉന്നയിക്കുന്ന പ്രധാന വാദം. 

ലഫ്റ്റനന്റ് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ വിഷയം രാഷ്ട്രപതിയുടെ തീരുമാനത്തിന് അയക്കുകയും അതുവരെ നടപടി തടഞ്ഞുവയ്ക്കുന്നതിനുള്ള അധികാരമാണ് ഭരണഘടന പ്രകാരം ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കുള്ളത്. എന്നാല്‍ അധികാരം ദുരുപയോഗപ്പെടുത്തി അധ്യാപക നിയമനം തുടങ്ങി മൊഹല്ല ക്ലിനിക്ക് തുറക്കുന്ന വിഷങ്ങളില്‍ വരെ ലഫ്റ്റനന്റ് ഗവര്‍ണര്‍ ഇടപെട്ടു എന്നും ദില്ലി സര്‍ക്കാര്‍ വാദിച്ചു.

രാജ്യതലസ്ഥാനത്തിന് മേല്‍ ഡല്‍ഹി സര്‍ക്കാറിന് പൂര്‍ണ്ണ അധികാരം ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് വാദിച്ചത്. 

ലഫ്റ്റനന്റ് ഗവര്‍ണറും സര്‍ക്കാരും പരസ്പരം ഐക്യത്തോടെ നീങ്ങണമെന്നും എല്ലാ കാര്യങ്ങളിലും ഗവര്‍ണര്‍ക്ക് ഇടപെടാന്‍ സാധിക്കില്ലെന്നുമായിരുന്നു വാദത്തിനിടെ ഭരണഘടനാ ബെഞ്ചിന്‍റെ നീരീക്ഷണം.

 

 

Read More