ന്യൂഡല്‍ഹി: രാജ്യത്തെ മാലിന്യ സംസ്കരണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്ര ഭവന, നഗരവികസന മന്ത്രാലയം.
സ്വച്ഛ് ഭാരത് അഭിയാന്റെ കീഴിലുള്ള 93% മുനിസിപ്പല്‍ കൗണ്‍സിലുകളിലെ വീടുകളില്‍ നിന്ന് ദിവസേന ശേഖരിക്കുന്ന മാലിന്യങ്ങളില്‍ സംസ്കരിക്കപ്പെടുന്നത് 57% മാണ് എന്ന് കേന്ദ്ര ഭവന, നഗരവികസന മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്ത് പ്രതിദിനം 1.48 ലക്ഷം ടണ്‍ മാലിന്യങ്ങള്‍ ഉത്പാദിക്കപ്പെടുന്നുണ്ട്. ഇതില്‍ 43% മാലിന്യവും അതത് സംസ്ഥാനങ്ങളിലെ മാലിന്യക്കൂമ്പാരങ്ങളില്‍ നിറയുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറ്റവും കൂടുതല്‍ മാലിന്യം വിജയകരമായി സംസ്കരിക്കുന്നതില്‍ ഛത്തീസ്ഗഢാണ് ഒന്നാമത്. ദിവസേന ശേഖരിക്കുന്ന 1,650 മെട്രിക് ടണ്‍ മാലിന്യത്തില്‍ 90%വും സംസ്കരിക്കപ്പെടുന്നുണ്ട്. മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും മാലിന്യ സംസ്കരണം മികച്ച രീതിയില്‍ നടക്കുന്നുണ്ട്.
ഉത്തര്‍പ്രദേശും മഹാരാഷ്ട്രയുമാണ് മാലിന്യ സംസ്കരണത്തില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനങ്ങളെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
14 സംസ്ഥാനങ്ങളാണ് എല്ലാ മുനിസിപ്പല്‍ കൗണ്‍സിലുകളിലെയും വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കുക എന്ന ലക്ഷ്യം വിജയകരമായി നടപ്പാക്കുന്നത്. രണ്ടു വര്‍ഷത്തിനുള്ള 100% മാലിന്യ സംസ്കരണം നടത്താനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.