Home> India
Advertisement

UP Election Results 2022: ഹിന്ദി ഹൃദയഭൂമിയില്‍ യോഗിയുടെ പടയോട്ടം; മൂന്നര പതിറ്റാണ്ടിന് ശേഷം യുപിയിലെ അപൂര്‍വ്വ നേട്ടം... ഈ വിജയത്തിന് പിന്നിലെന്ത്?

2017 ൽ മോദി തരംഗത്തിലായിരുന്നു ബിജെപി ഉത്തർ പ്രദേശിൽ അധികാരത്തിലേറിയത് എങ്കിൽ, ഇത്തവണ അത് യോഗി തരംഗത്തിലാണ്. വലിയ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമെന്ന പ്രചാരണങ്ങളെ മുഴുവൻ അപ്രസക്തമാക്കിക്കൊണ്ടാണ് യോഗിയുടെ തേരോട്ടം

UP Election Results 2022: ഹിന്ദി ഹൃദയഭൂമിയില്‍ യോഗിയുടെ പടയോട്ടം; മൂന്നര പതിറ്റാണ്ടിന് ശേഷം യുപിയിലെ അപൂര്‍വ്വ നേട്ടം... ഈ വിജയത്തിന് പിന്നിലെന്ത്?

യുപി പിടിച്ചാല്‍ ഇന്ത്യ പിടിച്ചു എന്നതാണ് ദേശീയ രാഷ്ട്രീയത്തിലെ ഒരു പതിവ് പ്രയോഗം. കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ ഒരര്‍ത്ഥത്തില്‍ ഉത്തര്‍ പ്രദേശിനെ ചുറ്റിപ്പറ്റിയായിരുന്നു എന്ന് പറയാം. അതെല്ലാം ഫലം കാണുകയും ചെയ്തു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചിരിക്കുകയാണ് യോഗി ആദിത്യനാഥും ബിജെപിയും.

ഉത്തര്‍ പ്രദേശ് ഇത്തവണ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്ന ആശങ്ക ബിജെപി നേതൃത്വത്തിനുണ്ടായിരുന്നു. യോഗിയുടെ ഇടപെടലുകളില്‍ ആര്‍എസ്എസ് നേതൃത്വത്തിനും ബിജെപിയിലെ ഒരു വിഭാഗത്തിനും കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ഈ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും അടിയന്തര ഇടപെടല്‍ ഉണ്ടായത്. തിരഞ്ഞെടുപ്പിന് മുമ്പായി മന്ത്രിസഭ പുന:സംഘടന നടത്തുന്നതിനെ ചൊല്ലി മോദിയും യോഗിയും ശീതസമരത്തിലായിരുന്നു എന്ന മട്ടിലും വാര്‍ത്തകള്‍ വന്നിരുന്നു.

Read Also: 'പ്രിയങ്കാ ദുരന്തം'! തകര്‍ന്ന് തരിപ്പണമായി കോണ്‍ഗ്രസ്, വരാനിരിക്കുന്നത് വന്‍ പൊട്ടിത്തെറി

മുഖ്യമന്ത്രിയെന്ന നിലയില്‍ യോഗി ആദിത്യനാഥ് വലിയ വെല്ലുവിളികള്‍ നേരിടുന്ന സമയമായിരുന്നു അത്. കൊവിഡ് രണ്ടാം തരംഗത്തില്‍ ഉത്തര്‍ പ്രദേശ് മരവിച്ചു നിന്നപ്പോള്‍, അത് ഭരണ പരാജയമെന്ന മട്ടിലാണ് വിലയിരുത്തപ്പെട്ടത്. അതോടൊപ്പം തന്നെ പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞു. ക്ഷിപ്രകോപിയും പിടിവാശിക്കാരനും എന്ന നിലയിലായിരുന്നു ചില ബിജെപി നേതാക്കള്‍ പോലും യോഗി ആദിത്യനാഥിനെ രഹസ്യമായി വിശേഷിപ്പിച്ചിരുന്നത്.

എന്നാല്‍, ഉത്തര്‍ പ്രദേശില്‍ ഭരണം നഷ്ടപ്പെടുത്തുക എന്നത് ബിജെപിയെ സംബന്ധിച്ച് അചിന്തനീയമായിരുന്നു. യോഗിയെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തീരുമാനം ചില കോണുകളില്‍ അസ്വസ്ഥതയുണ്ടാക്കിയിരുന്നെങ്കിലും, ആ തീരുമാനം തന്നെയാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്. 

Read Also: അറിയാം ഭഗവന്ത് സിങ് മൻ എന്ന പഞ്ചാബിലെ തമാശക്കാരനെ,അടുത്ത പഞ്ചാബ് മുഖ്യമന്ത്രിയെ

കര്‍ഷക സമരത്തിന്റെ തീജ്ജ്വാലകള്‍ തലസ്ഥാനത്ത് നിന്ന് യുപിയിലേക്ക് കൂടി വ്യാപിച്ചിരുന്നത് ബിജെപിയില്‍ ആശങ്കയുണ്ടാക്കിയിരുന്നു. ലഖിംപുര്‍ഖേരി സംഭവം ഈ തിരഞ്ഞെടുപ്പിനെ ഏതൊക്കെ രീതിയില്‍ ബാധിക്കുമെന്നത് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുകയും ആയിരുന്നു. പക്ഷേ, കര്‍ഷക പ്രക്ഷോഭത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങള്‍ ബിജെപിയ്ക്ക് കാര്യമായി നേരിടേണ്ടിവന്നിട്ടില്ല എന്ന് കരുതേണ്ടിവരും. അത്രയേറെ ചര്‍ച്ചയായ ഹാഥ്രസ് സംഭവവും ബിജെപിയ്ക്ക് കാര്യമായ വോട്ടുചോര്‍ച്ചയുണ്ടാക്കിയില്ല. കര്‍ഷക സമരത്തിലും ഹാഥ്രസ് സംഭവത്തിലും നടത്തിയ ഇടപെടലുകള്‍ കോണ്‍ഗ്രസിന് ഒരു ഗുണവും ചെയ്തിട്ടില്ല എന്നതും യാഥാര്‍ത്ഥ്യമാണ്. 

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം തുടങ്ങിയത് യോഗിയുടെ കാലത്താണ് എന്നത് ബിജെപിയ്ക്ക് നിശ്ചയമായും ഗുണം ചെയ്ത ഒരു കാര്യമാണ്. എന്നാല്‍, ഇതിന്റെ പ്രതിഫലനം എസ്പിയുടെ മുന്നേറ്റത്തില്‍ പ്രകടമാണോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. എന്തായാലും 2017 നെ അപേക്ഷിച്ച് മികച്ച പ്രകടനം തന്നെയാണ് സമാജ് വാദി പാര്‍ട്ടി നടത്തിയിരിക്കുന്നത്.

കഴിഞ്ഞ 35 വര്‍ഷത്തെ ചരിത്രത്തില്‍ ഉത്തര്‍ പ്രദേശില്‍ ഒരു ഭരണത്തുടര്‍ച്ചയുണ്ടായിട്ടില്ല. അങ്ങനെയൊരു ഘട്ടത്തിലാണ് യോഗിയുടെ ഈ മിന്നുന്ന വിജയം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണം കുറവാണെങ്കിലും, ഭരണവിരുദ്ധ വികാരം എന്നൊരു പൊതുവികാരം യുപിയില്‍ ഉണ്ടായിട്ടില്ല എന്ന് ബിജെപിയ്ക്കും യോഗിക്കും അവകാശപ്പെടാം. 2017 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഭാവം ആയിരുന്നു യുപിയില്‍ പ്രകടമായത്. ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പോലും അന്ന് അവര്‍ക്കുണ്ടായിരുന്നില്ല. 2022 എത്തിയപ്പോള്‍ മോദി തരംഗം മാറി യോഗി തരംഗമാണ് ഹിന്ദി ഹൃദയഭൂമിയില്‍ ആഞ്ഞടിച്ചത് എന്നും വിലയിരുത്താവുന്നതാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും യോഗി ആദിത്യനാഥ് നേരിട്ടെത്തിയിരുന്നു എന്നതും ഈ കാലയളവില്‍ അദ്ദേഹം പങ്കെടുത്ത റാലികളുടെ എണ്ണവും എല്ലാം ഈ തരംഗത്തെ സ്ഥിരീകരിക്കുന്ന കണക്കുകളാണ്. 

ഗുജറാത്തില്‍ നരേന്ദ്ര മോദി സൃഷ്ടിച്ച വ്യക്തിപ്രഭാവമാണ് അദ്ദേഹത്തെ പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തന്നെ എത്തിച്ചത്. സമാനമായ രീതിയില്‍ യുപിയില്‍ യോഗി ആദിത്യനാഥ് സൃഷ്ടിക്കുന്ന വ്യക്തിപ്രഭാവം, ഭാവി പ്രധാനമന്ത്രിയിലേക്കുള്ള പാതയാണെന്ന് വിലയിരുത്തുന്നവരും കുറവല്ല. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More