Home> India
Advertisement

ഉന്നാവോ അപകടം: അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐയ്ക്ക് രണ്ടാഴ്ചത്തെ സമയം കൂടി നല്‍കി

അഭിഭാഷകന്‍റെ ചിലവിനായി ഇടക്കാല ആശ്വാസമായി അഞ്ച് ലക്ഷം രൂപ നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു.

ഉന്നാവോ അപകടം: അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐയ്ക്ക് രണ്ടാഴ്ചത്തെ സമയം കൂടി നല്‍കി

ന്യൂഡല്‍ഹി: ഉന്നാവോ പീഡന പരാതിക്കാരിയായ പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐക്ക് സുപ്രീംകോടതി രണ്ടാഴ്ചത്തെ സമയം കൂടി നല്‍കി.

അപകടത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയും അഭിഭാഷകനും കേസുമായി സഹകരിക്കാന്‍ സാധിക്കാത്ത ആരോഗ്യസ്ഥിതിയില്‍ ആണെന്നും അതിനാല്‍ അവരില്‍ നിന്നും മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ലയെന്നും ആയതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാലാഴ്ചത്തെ സമയം വേണമെന്നും സിബിഐ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ രണ്ടാഴ്ചത്തെ സമയം മാത്രമാണ് സുപ്രീംകോടതി നീട്ടിനല്‍കിയത്. മാത്രമല്ല അഭിഭാഷകന്‍റെ ചിലവിനായി ഇടക്കാല ആശ്വാസമായി അഞ്ച് ലക്ഷം രൂപ നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു.

ജൂലൈ 28 നാണ് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ റായ്ബറേലിയില്‍വച്ച് ട്രക്കിടിച്ചത്. പെണ്‍കുട്ടിയുടെ രണ്ടു ബന്ധുക്കള്‍ അപകടത്തില്‍ മരിച്ചു. 

കേസ് അട്ടിമറിക്കുന്നതിനായി മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗും കൂട്ടരും അസ്സൂത്രണം ചെയ്ത അപകടമാണിതെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. അതിനെ തുടര്‍ന്ന്‍ കുല്‍ദീപ് സിംഗ് ഉള്‍പ്പെടെ  പത്തുപേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ കേസെടുത്തിരുന്നു.  

വിദഗ്ധ ചികിത്സക്കായി ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയും അഭിഭാഷകനും അപകടനില തരണം ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റുകയും ചെയ്തു.

Read More