Home> India
Advertisement

ഉന്നാവോ പീഡനം: വിചാരണ എയിംസിലെ താത്ക്കാലിക കോടതിയില്‍

ഉന്നാവോ പീഡന കേസുമായി ബന്ധപ്പെട്ട വിചാരണ ഇന്ന് ഡല്‍ഹിയില്‍ നടക്കും.

ഉന്നാവോ പീഡനം: വിചാരണ എയിംസിലെ താത്ക്കാലിക കോടതിയില്‍

ന്യൂഡല്‍ഹി: ഉന്നാവോ പീഡന കേസുമായി ബന്ധപ്പെട്ട വിചാരണ ഇന്ന് ഡല്‍ഹിയില്‍ നടക്കും.

ഡല്‍ഹി എയിംസില്‍ ഒരുക്കുന്ന താത്ക്കാലിക കോടതിയിലാണ് വിചാരണ നടക്കുക. വാഹനാപകടത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഇപ്പോഴും എയിംസില്‍ ചികിത്സയിലാണ്. വിചാരണയുമായി ബന്ധപ്പെട്ട്  മുഖ്യപ്രതി ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറെ അടക്കം എയിംസിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

എയിംസിലെ ട്രോമാ സെന്‍ററിലാണ് താത്ക്കാലിക കോടതി ഒരുക്കിയിരിക്കുന്നത്. ഇതിനായി പ്രത്യേക നിര്‍ദ്ദേശവും സുപ്രീംകോടതി നല്‍കിയിട്ടുണ്ട്. 

രഹസ്യ വിചാരണയായതിനാല്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പ്രവേശനമുണ്ടാകില്ല. വിചാരണ അവസാനിക്കും വരെ താത്ക്കാലിക കോടതിക്ക് സമീപത്തെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ ദൈനംദിന വിചാരണ നടത്താനാണ് കോടതിയുടെ തീരുമാനം. വിചാരണ നടപടികളുടെ ഓഡിയോ-വീഡിയോ റെക്കോർഡ് ചെയ്യില്ല.

മൊഴി രേഖപ്പെടുത്തുന്നതിന് മുന്‍പ് ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില പരിശോധിക്കുകയും കോടതിയെ അറിയിക്കുകയും വേണം. പെണ്‍കുട്ടിയും പ്രതികളുമായി മുഖാമുഖം വരുന്ന സാഹചര്യം പൂര്‍ണ്ണമായും ഒഴിവാക്കും. അതിനായി പ്രത്യേക കര്‍ട്ടന്‍ കോടതി മുറിയില്‍ സ്ഥാപിക്കും. 

സിബിഐയുടെയും പ്രതി കുല്‍ദീപ് സിംഗ് സെന്‍ഗറിന്‍റെയും അഭിഭാഷകര്‍ താത്ക്കാലിക കോടതിയില്‍ ഹാജരാകും.

2017ലാണ് ബിജെപി എംഎല്‍എയ്‌ക്കെതിരെ പെണ്‍കുട്ടി പീഡന ആരോപണമുന്നയിച്ചത്. തുടര്‍ന്ന് ദുരന്തങ്ങളുടെ നീണ്ട നിരതന്നെയായിരുന്നു പെണ്‍കുട്ടിയും കുടുംബവും അഭിമുഖീകരിച്ചത്. 

 

 

Read More