Home> India
Advertisement

ഉന്നാവ് ബലാത്സംഗം: ബിജെപി എംഎല്‍എ സിബിഐ കസ്റ്റഡിയില്‍ തുടരും

രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സി കേസ് ഏറ്റെടുത്തതും എംഎല്‍എയെ കസ്റ്റഡിയിലെടുത്തതും പ്രതീക്ഷ നല്‍കുന്നതാണെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പ്രതികരിച്ചു.

ഉന്നാവ് ബലാത്സംഗം: ബിജെപി എംഎല്‍എ സിബിഐ കസ്റ്റഡിയില്‍ തുടരും

ലഖ്നൗ: ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കര്‍ പ്രതിയായ ഉന്നാവ് ബലാത്സംഗക്കേസില്‍ എംഎല്‍എയെ ഏഴ് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. ലഖ്നൗ കോടതിയുടെതാണ് നിര്‍ദേശം. 

രാജ്യത്ത നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്ന് ഇന്ന് കോടതിയില്‍ ഹാജരാക്കപ്പെട്ട എംഎല്‍എ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. അതേസമയം സിബിഐ അന്വേഷണത്തില്‍ തൃപ്തരാണെന്ന് പീഡനത്തിന് വിധേയയായ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. 

രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സി കേസ് ഏറ്റെടുത്തതും എംഎല്‍എയെ കസ്റ്റഡിയിലെടുത്തതും പ്രതീക്ഷ നല്‍കുന്നതാണെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പ്രതികരിച്ചു. 

വെള്ളിയാഴ്ചയാണ് എംഎല്‍എയെ സിബിഐ അറസ്റ്റ് ചെയ്തത്.എംഎല്‍എയെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ അന്വേഷണസംഘത്തെ അലഹബാദ് ഹൈക്കോടതി ശകാരിച്ചിരുന്നു.  

നീതി തേടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിക്ക് മുന്‍പില്‍ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് ഉന്നാവ് ബലാത്സംഗക്കേസ് ചര്‍ച്ചയാകുന്നത്. ഒരു വര്‍ഷം മുന്‍പ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും എംഎല്‍എയ്ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് സമരം ചെയ്ത പെണ്‍കുട്ടിയെയും പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കസ്റ്റഡിയില്‍ പെണ്‍കുട്ടിയുടെ പിതാവ് പപ്പു സിംഗ് മരണപ്പെട്ടതോടെ പൊലീസും സര്‍ക്കാരും പ്രതിരോധത്തിലായി. തുടര്‍ന്നാണ് കേസ് സിബിഐക്ക് കൈമാറിയതും അറസ്റ്റ് നടന്നതും. 

ബലാല്‍സംഗം ചെയ്യുമ്പോള്‍ പെണ്‍കുട്ടിയ്ക്ക് പ്രായം പതിനാറ് ആയിരുന്നതിനാല്‍ പോക്സോ വകുപ്പുകളും എംഎല്‍എയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളും എംഎല്‍എയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. 

Read More