Home> India
Advertisement

ആര് നേടും ഇന്ത്യയുടെ വടക്ക് കിഴക്കേ അറ്റം? വോട്ടെണ്ണല്‍ ഇന്ന്

ശക്തമായ സുരക്ഷാ സാന്നിധ്യത്തില്‍ രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ തുടങ്ങി

ആര് നേടും ഇന്ത്യയുടെ വടക്ക് കിഴക്കേ അറ്റം? വോട്ടെണ്ണല്‍ ഇന്ന്

ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലെ നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ വോട്ടെണ്ണലാണ് നടക്കുന്നത്. 

ശക്തമായ സുരക്ഷാ സാന്നിധ്യത്തില്‍ രാവിലെ എട്ട് മണിയോടെ  വോട്ടെണ്ണല്‍ തുടങ്ങി. സി.പി.എമ്മും ബി.ജെ.പിയും കൊമ്പുകോര്‍ത്ത ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലമാണ് രാജ്യം ഉറ്റുനോക്കുന്നത്. സിപിഎമ്മിന്‍റെ മണിക് സര്‍ക്കാരിനെതിരെ കടുത്ത വെല്ലുവിളിയാണ് ബി.ജെ.പി ഉയര്‍ത്തിയത്. ഫെബ്രുവരി 18നായിരുന്നു ത്രിപുരയില്‍ വോട്ടെടുപ്പ് നടന്നത്. 25 വര്‍ഷമായി ത്രിപുര ഭരിക്കുന്നത് സിപിഎമ്മാണ്. 

അതേസമയം, മേഘാലയയില്‍ കോണ്‍ഗ്രസിനെതിരെയാണ് ബിജെപിയുടെ മത്സരം. പത്ത് വര്‍ഷമായി ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി മുകുള്‍ സാംഗ്മയെ താഴെയിറക്കാന്‍ ശക്തമായ പ്രചാരണമാണ് ബിജെപി നടത്തിയത്. അതേസമയം നാഗാ പീപ്പിള്‍സ് ഫ്രണ്ടിനെതിരെയാണ് നാഗാലാന്‍റില്‍ ബിജെപിയുടെ പോരാട്ടം. 2003 മുതല്‍ എന്‍.എഫ്.പിയാണ് ഇവിടം ഭരിക്കുന്നത്. 

നാഗാലാന്‍റിലും മേഘാലയയിലും വോട്ടെടുപ്പ് നടന്നത് ഫെബ്രുവരി 27നാണ്. മൂന്നിടങ്ങളിലും അറുപതംഗ നിയമസഭയാണുള്ളത്. എന്നാല്‍ മൂന്ന് സംസ്ഥാനങ്ങളിലും 59വീതം മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. നാഗാലാന്‍റില്‍ ഒരിടത്ത് സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം ത്രിപുരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി മരിച്ചതു മൂലമാണ് തെരഞ്ഞെടുപ്പ് 59 സീറ്റിലേക്ക് ചുരുങ്ങിയത്. മേഘാലയയില്‍ ഒരു മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൊല്ലപ്പെട്ടത് മൂലം ആ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു. 

മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യം അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. ത്രിപുരയില്‍ സിപിഎമ്മിനെ പിന്തള്ളി ബിജെപി നേരിട്ട് അധികാരം പിടിക്കുമെന്നും നാഗാലാന്റില്‍ ബിജെപി-എന്‍ഡിപിപി സഖ്യവും, മേഘാലയയില്‍ ബിജെപി-എന്‍പിപി സഖ്യവും അധികാരം പിടിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്.

Updating...

Read More