Home> India
Advertisement

അനന്ത് കുമാറിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് നേതാക്കള്‍...

കേന്ദ്ര പാര്‍ലമെന്‍റികാര്യ മന്ത്രി അനന്തകുമാറിന്‍റെ വിയോഗത്തില്‍ ശോകമൂകമായി ബിജെപി നേതൃത്വം.

അനന്ത് കുമാറിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് നേതാക്കള്‍...

ന്യൂഡല്‍ഹി: കേന്ദ്ര പാര്‍ലമെന്‍റികാര്യ മന്ത്രി അനന്തകുമാറിന്‍റെ വിയോഗത്തില്‍ ശോകമൂകമായി ബിജെപി നേതൃത്വം.  

അനന്തകുമാറിന്‍റെ വിയോഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ അനുശോചനം അറിയിച്ചു. 

അദ്ദേഹത്തിന്‍റെ നിര്യാണത്തിലൂടെ ബിജെപിക്ക് കനത്ത നഷ്ടമാണ് സംഭവിച്ചതെന്നും കര്‍ണാടകയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അദ്ദേഹം അഹോരാത്രം പ്രയത്‌നിച്ചുവെന്നും പ്രധാനമന്ത്രി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. അനന്ത് കുമാറിന് അന്തിമോപചാരം അര്‍പ്പിക്കാനായി തിങ്കളാഴ്ച രാവിലെ പ്രധാനമന്ത്രി ബംഗളൂരുവിലെത്തും.

അനന്ത് കുമാറിന്‍റെ മരണ വാര്‍ത്ത ഞെട്ടിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനായി അക്ഷീണം പ്രയത്‌നിച്ച വ്യക്തിത്വമായിരുന്നു അനന്ത് കുമാറിന്‍റേതെന്നും രാജ്‌നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു. 

അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നുവെന്നും ബംഗളൂരു അദ്ദേഹത്തിന്‍റെ എല്ലാമെല്ലാമായിരുന്നുവെന്നും നിര്‍മല സീതാരാമന്‍ ട്വീറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. 

സഹോദര തുല്യനായ അനന്ത് കുമാറിന്‍റെ വിയോഗം അവിശ്വസനീയമാണെന്ന് സദാനന്ദ ഗൗഡ ട്വിറ്ററില്‍ കുറിച്ചു.

ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ശക്​തമായ മുഖമായിരുന്നു അനന്ത് കുമാർ. രാഷ്​ട്രീയത്തിലുപരി സൗഹൃദങ്ങൾ സൂക്ഷിക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റേത്. പാര്‍ലമെന്‍റികാര്യ വകുപ്പ് കൂടാതെ, രാസവള വകുപ്പിന്‍റെ ചുമതലയും അനന്തകുമാറിനായിരുന്നു.

ബിജെപി കര്‍ണാടക അദ്ധ്യക്ഷനായിരുന്ന അദ്ദേഹം ആറ് തവണ ലോക്സഭാ അംഗമായിരുന്നു. ആറ് തവണയും ബംഗളൂരു സൗത്ത് മണ്ഡ‌ലത്തെ പ്രതിനിധീകരിച്ചെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. വാജ്‌പേയ് സര്‍ക്കാരില്‍ വ്യോമയാന മന്ത്രിയായിരുന്നു.

 

 

Read More