Home> India
Advertisement

പാര്‍ലമെന്ററി ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇന്ന് സുപ്രധാന ദിനം: പ്രധാനമന്ത്രി

അവിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി ഇന്നത്തെ സമ്മേളനം പൂര്‍ണമായി നീക്കിവെച്ചിരിക്കുകയാണ്.

പാര്‍ലമെന്ററി ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇന്ന് സുപ്രധാന ദിനം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പാര്‍ലമെന്ററി ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇന്ന് സുപ്രധാന ദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭയില്‍ ഇന്ന് നടക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.

 

 

നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇന്ന് സുപ്രധാന ദിവസമാണ്. സമഗ്രവും ക്രിയാത്മകവും തടസ്സമില്ലാത്തതുമായ ഒരു ചര്‍ച്ചയ്ക്ക് എന്റെ സഹപ്രവര്‍ത്തകര്‍ ഈ അവസരം ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് രാജ്യത്തെ ജനങ്ങളോടും ഭരണഘടനയോടും നാം കടപ്പെട്ടിരിക്കുന്നു. ഇന്നത്തെ ദിവസം ജനങ്ങള്‍ വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി ട്വീറ്റില്‍ പറഞ്ഞു.

നരേന്ദ്രമോദി സര്‍ക്കാരിനെതിരേയുള്ള ആദ്യ അവിശ്വാസപ്രമേയമാണ് ഇന്ന് ലോക്സഭ പരിഗണിക്കുന്നത്. അവിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി ഇന്നത്തെ സമ്മേളനം പൂര്‍ണമായി നീക്കിവെച്ചിരിക്കുകയാണ്. 534 അംഗ സഭയില്‍ 314 അംഗങ്ങളുടെ വ്യക്തമായ മുന്‍തൂക്കം ഭരണകക്ഷിയായ എന്‍.ഡി.എ.യ്ക്കുള്ളതിനാല്‍ അവിശ്വാസം പാസാകാനിടയില്ല. കോൺഗ്രസിന് 147 പേരുടെ പിന്തുണയാണ് ഇതുവരെ ഉറപ്പാക്കാനായത്.

അവിശ്വാസപ്രമേയ ചർച്ച സർക്കാരിനെതിരെയുള്ള കുറ്റപത്രം അവതരിപ്പിക്കാനുള്ള അവസരമാക്കി മാറ്റാനാണ് കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചത്. ആൾക്കൂട്ട ആക്രമണം, നോട്ട് അസാധുവാക്കൽ ജിഎസ്ടി എന്നിവയ്ക്കു ശേഷമുള്ള ആശയക്കുഴപ്പം, കാർഷികമേഖലയിലെ തിരിച്ചടി, റഫാൽ അഴിമതി തുടങ്ങിയ വിഷയങ്ങൾ രാഹുൽ ഗാന്ധി ആയുധമാക്കും.

സംഖ്യയുടെ കളിയിൽ തിരിച്ചടി ഒഴിവാക്കാനാണ് ബിജെപി നീക്കം. 18 പേരുള്ള ശിവസേന അമിത്ഷാ ഉദ്ധവ് താക്കറെയുമായി ടെലിഫോണിൽ സംസാരിച്ചതോടെ സർക്കാരിനൊപ്പമായെന്നാണ് വ്യക്തമാകുന്നത്. 37 അംഗങ്ങളുള്ള അണ്ണാ ഡിഎംകെയും 20 പേരുള്ള ബിജെഡിയും ഉൾപ്പെടെ 73 പേർ വിട്ടുനില്‍ക്കാനാണ് സാധ്യത.

Read More