Home> India
Advertisement

രൂപയെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

രൂപയുടെ മൂല്യമിടിയുന്നത് തടയാന്‍ നടപടികളെടുക്കുമെന്ന് പ്രധാനമന്ത്രി.

രൂപയെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രൂപയുടെ മൂല്യമിടിയുന്നത് തടയാന്‍ നടപടികളെടുക്കുമെന്ന് പ്രധാനമന്ത്രി. 

കേന്ദ്ര സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്ന രൂപയുടെ മൂല്യ ഇടിവിനെ നേരിടാന്‍ വെള്ളിയാഴ്ച ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ നിര്‍ണ്ണായക യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി ഇപ്രകാരം പറഞ്ഞത്. ഉന്നതതലയോഗം പല അവശ്യ തീരുമാനങ്ങള്‍ കൈക്കൊണ്ടതായാണ് സൂചന. യോഗം ഇന്നും തുടരും.

അവശ്യ സാധനങ്ങൾ അല്ലാത്തവയുടെ ഇറക്കുമതി വെട്ടിക്കുറയ്ക്കാന്‍ യോഗത്തില്‍ തീരുമാനമായി. ലോകവ്യാപാര കരാർ പാലിച്ചും, വിവിധ മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ചും ഇക്കാര്യത്തിൽ തീരുമാനമെടുക്കും. അതുകൂടാതെ, കയറ്റുമതി കൂട്ടാനും വിദേശത്തുനിന്നുള്ള കടം വാങ്ങൽ കൂട്ടാനും തീരുമാനിച്ചു. 

ക്രൂഡോയിൽ വില വർദ്ധനയും വ്യാപാര രംഗത്തെ മത്സരവും അമേരിക്കൻ നയങ്ങളുമാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അഭിപ്രായപ്പെട്ടു. 

എന്നാല്‍, വികസന ചെലവുകൾ വെട്ടിക്കുറയ്ക്കാതെ, ഉപഭോക്താക്കള്‍ക്ക് നികുതിയിളവുകള്‍ നല്‍കാന്‍ സാധിക്കില്ല എന്ന് ധനകാര്യ മന്ത്രാലയം മുന്‍പുതന്നെ അറിയിച്ചിരുന്നു. 

അതേസമയം, ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ സര്‍വ്വകാല ഇടിവാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്നലെ വിപണി അവസാനിക്കുമ്പോള്‍ അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 71.81ലെത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിച്ചതോടെ ഡോളറിന്‍റെ ആവശ്യം കൂടിയതാണ് രൂപയ്ക്ക് തിരിച്ചടിയായത്. രൂപയുടെ മൂല്യം കൂടുതല്‍ ഇടിയാനാണ് സാധ്യതയെന്ന് ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നു.  

കൂടാതെ, രൂപയുടെ മൂല്യഇടിവും കുതിച്ചുയരുന്ന ഇന്ധനവിലയും അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടിയാവുമെന്ന സൂചനയാണ് അടിയന്തിര യോഗം വിളിച്ചുചേര്‍ക്കാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചതെന്നും പറയപ്പെടുന്നു. 

 

Read More