ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ നിന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ പിന്മാറി. എല്ലാ വര്‍ഷവും ജനുവരി ആദ്യ വാരം നടക്കുന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് ചില സാങ്കേതിക കാരണങ്ങളാല്‍ നീട്ടിവെച്ചിരുന്നു. ഈ വര്‍ഷം മണിപ്പൂരാണ് സയന്‍സ് കോണ്‍ഗ്രസിന് വേദിയാകുന്നത്.
ഡല്‍ഹിയില്‍ ദലൈലാമ പങ്കെടുക്കാനിരുന്ന പരിപാടി അടുത്തിടെ റദ്ദാക്കിയിരുന്നു. എന്നാല്‍ രണ്ട് മാസം മുന്‍പേതന്നെ സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ലാമയെ ക്ഷണിച്ചിരുന്നെന്നും വരുമെന്ന കാര്യത്തില്‍ ഉറപ്പ് നല്‍കിയിരുന്നതായും സയന്‍സ് കോണ്‍ഗ്രസ് അസോസിയേഷന് ജനറല്‍ പ്രസിഡന്റ് അച്യുത് സാമന്ത പറഞ്ഞു.
പത്തോളം നൊബേല്‍ ജേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും പരിപാടി നീട്ടി വെച്ചതിനെത്തുടര്‍ന്ന് പലര്‍ക്കും പങ്കെടുക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.