Home> India
Advertisement

സാമ്പത്തിക സംവരണ ഭേദഗതി: കേന്ദ്രസര്‍ക്കാരിന് നോട്ടീസ്

സാമ്പത്തിക സംവരണ ഭേദഗതി ബില്ലില്‍ കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. അതേസമയം സുപ്രീം കോടതി ബില്ല് സ്റ്റേ ചെയ്തിട്ടില്ല.

സാമ്പത്തിക സംവരണ ഭേദഗതി: കേന്ദ്രസര്‍ക്കാരിന് നോട്ടീസ്

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ ഭേദഗതി ബില്ലില്‍ കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. അതേസമയം സുപ്രീം കോടതി ബില്ല് സ്റ്റേ ചെയ്തിട്ടില്ല. 

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണ നിയമത്തിനെതിരെ യൂത്ത് ഫോര്‍ ഇക്വാലിറ്റി നൽകിയ ഹര്‍ജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

സാമ്പത്തിക അടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനാവിരുദ്ധമാണെന്നും സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, സംവരണം ഘട്ടംഘട്ടമായി അവസാനിപ്പിക്കാനുള്ള നടപടികൾക്ക് സര്‍ക്കാരിന് നിര്‍ദ്ദേശം നൽകണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. 

കേന്ദ്രത്തിന്‍റെ മറുപടി ലഭിച്ച ശേഷം തുടര്‍ നടപടിയെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

വാർഷിക വരുമാനം എട്ട് ലക്ഷത്തിന് താഴെ ഉള്ളവർക്ക് സംവരണത്തിന് യോഗ്യത നല്‍കുന്നതാണ് സാമ്പത്തിക സംവരണ ബില്‍. പത്ത് ശതമാനം സംവരണം സര്‍ക്കാര്‍ ജോലികളിലും ഉപരി പഠനത്തിനുമാണ് ലഭിക്കുക. നിലവില്‍ ഒബിസി, പട്ടികജാതി - പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം ലഭിക്കുന്നത്. ഏറെ കാലമായി ആർഎസ്എസ് ഉൾപ്പടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തിക സംവരണം. 

അതേസമയം, അമ്പത് ശതമാനത്തിലധികം സംവരണം നൽകരുതെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. എന്നാൽ ഇത് പത്ത് ശതമാനം കൂടി ഉയർത്തി അറുപത് ശതമാനമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. പുതിയ ഭരണഘടനാ ഭേദഗതി സുപ്രീംകോടതി വിധിക്കെതിരാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. 

എന്നാല്‍, 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദുവിഭാഗത്തിലെ മുന്നാക്ക വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് നരേന്ദ്രമോദി സർക്കാരിന്‍റെ ഈ നീക്കമെന്നാണ് വിലയിരുത്തല്‍.  മുന്നോക്കക്കാരിലെ പിന്നോക്കക്കാരുടെ വോട്ട് ലക്ഷ്യമാക്കി മോദി സര്‍ക്കാര്‍ നടത്തിയ നീക്കത്തിനാണ് ഇപ്പോള്‍ സുപ്രീം കോടതി മറുപടി ആവശ്യപ്പെട്ടിരിക്കുന്നത്.

 

 

Read More